Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് തട്ടിപ്പിനിരയായി ആത്മഹത്യ; മൃതദേഹവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു

NH-Strike വേണുഗോപാലൻ നായരുടെ മൃതദേഹവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചപ്പോൾ. ടിവി ദൃശ്യം.

തിരുവനന്തപുരം ∙ നിർമൽ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി നാട്ടുകാർ തിരുവനന്തപുരം - കന്യാകുമാരി ദേശീയ പാത ഉപരോധിച്ചു. ഉദിയൻകുളങ്ങര താന്നിവിള അശ്വതിഭവനിൽ പി.വേണുഗേ‍ാപാലൻ നായരുടെ ആത്മഹത്യയ്ക്കു കാരണക്കാരായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. ശനിയാഴ്ച ഉച്ചയ്ക്കു വീടിനുള്ളിലെ കിടപ്പുമുറിയിലാണ് വേണുഗോപാലൻ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുകിട്ടിയ വേണുഗോപാലൻ നായരുടെ മൃതദേഹം ദേശീയപാതയിൽ കിടത്തിയാണ് നാട്ടുകാർ സമരം നടത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ ആളുകൾ സമരത്തിൽ പങ്കെടുത്തു. പാറശ്ശാല എംഎൽഎ സി.കെ. ഹരീന്ദ്രൻ, നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലൻ എന്നിവരും സ്ഥലത്തെത്തി. വൻ പൊലീസ് സന്നാഹവും ഇവിടെയുണ്ടായിരുന്നു.

വേണുഗോപാലൻ നായർക്ക് നിർമൽ കൃഷ്ണ നിധി ലിമിറ്റഡിൽ 5.2 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്നതായി തമിഴ്നാട് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ ഇളയ മകൾ വിദ്യയുടെ വിവാഹം 2018 ഫെബ്രുവരി ഏഴിനു നിശ്ചയിച്ചിരിക്കുകയായിരുന്നു. ബാങ്ക് പൂട്ടിയതു മുതൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു വേണുഗേ‍ാപാലൻ നായർ. മുംബൈയിലായിരുന്ന വേണുഗേ‍ാപാലൻനായർ നാട്ടിലെത്തിയശേഷം ചെങ്കലിലെ സ്വകാര്യ സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായായിരുന്നു.

നിർമൽ കൃഷ്ണ തട്ടിപ്പ് കർമസമിതി സംഘടിപ്പിച്ച സമരങ്ങളിൽ സജീവമായിരുന്നു. പണം തിരികെ ലഭിച്ചില്ലെങ്കിൽ മകളുടെ വിവാഹം മുടങ്ങുമെന്ന ഭയമായിരിക്കാം ആത്മഹത്യയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം.

related stories