Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കതിരൂർ മനോജ് വധക്കേസ്: യുഎപിഎ നിലനിൽക്കും

P. Jayarajan, Kathiroor Manoj പി. ജയരാജൻ, കതിരൂർ മനോജ്

കൊച്ചി ∙ സിപിഎം നേതാവ് പി. ജയരാജനുൾപ്പെട്ട കതിരൂർ മനോജ് വധക്കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം കേന്ദ്രസർക്കാർ നൽകിയ പ്രോസിക്യൂഷൻ അനുമതി റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി. കേസിൽ യുഎപിഎ ബാധകമല്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് നിർഭാഗ്യകരമാണെന്നും രാജാവിനെക്കാൾ വലിയ രാജഭക്തിയാണു സർക്കാർ കാണിക്കുന്നതെന്നും ജസ്റ്റിസ് ബി. കെമാൽപാഷ കുറ്റപ്പെടുത്തി.

ഒന്നാംപ്രതി വിക്രമൻ മുൻപു നൽകിയ ഹർജി തള്ളിക്കൊണ്ട് യുഎപിഎ ബാധകമാണെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതി ഇതു ചോദ്യം ചെയ്തിട്ടില്ല. എന്നിട്ടും യുഎപിഎ ബാധകമല്ലെന്ന സംസ്ഥാന നിലപാടു ശരിയല്ലെന്നു കോടതി വ്യക്തമാക്കി. യുഎപിഎ പ്രകാരമുള്ള പ്രോസിക്യൂഷനു കേന്ദ്രം നൽകിയ അനുമതി ചോദ്യം ചെയ്തു പി. ജയരാജനും മറ്റും സമർപ്പിച്ച ഹർജി കോടതി തള്ളി.

കേന്ദ്രം നൽകിയ പ്രോസിക്യൂഷൻ അനുമതിയുടെ സാധുത വിചാരണക്കോടതി പരിഗണിക്കേണ്ടതാണെന്നും വിചാരണ ഇനിയും തുടങ്ങിയിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതിനിടെ, വിക്രമൻ തുടങ്ങി 19 പ്രതികളുടെ കാര്യത്തിൽ യുഎപിഎ പ്രകാരം പ്രോസിക്യൂഷന് അനുമതി കിട്ടുംമുൻപ് തലശേരി സെഷൻസ് കോടതി നിയമനടപടിയാരംഭിച്ചതു ശരിയല്ലെന്നു കോടതി വ്യക്തമാക്കി. ഈ പ്രതികളുടെ ഹർജി ഭാഗികമായി അനുവദിച്ച കോടതി, മനസ്സിരുത്തി വീണ്ടും നടപടിയെടുക്കാൻ കീഴ്ക്കോടതിയോടു നിർദേശിച്ചിട്ടുണ്ട്.

യുഎപിഎ പ്രോസിക്യൂഷനുള്ള അനുമതിയധികാരം കേന്ദ്രം സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്കു നൽകിയതാണെന്നും സിബിഐ സംസ്ഥാനത്തിന്റെ അനുമതി തേടിയിട്ടില്ലെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു. സംസ്ഥാനം സിബിഐക്കു വിട്ട കേസായതിനാൽ തങ്ങളുടെ അനുമതിയോടെ മാത്രമേ സിബിഐക്ക് ഇവിടെ പ്രവർത്തിക്കാനാകൂ. യുഎപിഎയുടെ പരിധിയിൽ വരുന്ന, രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികൾ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നു സംസ്ഥാനം അറിയിച്ചതാണു വിമർശനം ക്ഷണിച്ചുവരുത്തിയത്.

നിലവിൽ ഫയൽ പരിഗണിക്കുന്ന സിബിഐ കോടതി പ്രോസിക്യൂഷൻ അനുമതിയുടെ അടിസ്ഥാനത്തിൽ വിഷയം മനസ്സിരുത്തി പരിശോധിച്ചു  നിയമനടപടി ആരംഭിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. 

കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തുന്നതു സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.