Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാദിയ വിവാഹം: ഹൈക്കോടതി ഇടപെട്ടത് നിരോധിതമേഖലയില്ലെന്നു സുപ്രീം കോടതി

hadiya-shafin-jahan

ന്യൂഡൽഹി ∙ ഓരോ വ്യക്തിക്കും താൽപര്യമുള്ളയാളെ വിവാഹം ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ (വകുപ്പ് 21) അവിഭാജ്യഘടകമാണെന്നും ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിഷയത്തിൽ, നിരോധിത മേഖലയിലാണു കേരള ഹൈക്കോടതി കടന്നുകയറിയതെന്നും സുപ്രീം കോടതി.

വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നു സുപ്രീം കോടതി കഴിഞ്ഞ മാസം എട്ടിനു വിധിച്ചിരുന്നു. കാരണങ്ങൾ വിശദീകരിച്ചുള്ള വിധിന്യായം പിന്നീടു നൽകുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് അന്നു വ്യക്തമാക്കിയിരുന്നു.

ഇന്നലെ പുറത്തുവിട്ടതും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എഴുതിയതുമായ വിധിന്യായത്തിൽ പറയുന്നത്:

∙ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്. നിമയപരമായ മാർഗത്തിലൂടെ മാത്രമല്ലാതെ ഈ അവകാശം തിരിച്ചെടുക്കാനാവില്ല.

∙സന്തോഷമാഗ്രഹിച്ചുള്ള തീരുമാനങ്ങളെടുക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. വിശ്വാസവും വിശ്വാസം വേണമോയെന്നതുതന്നെയും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

∙വസ്ത്രം, ഭക്ഷണം, ആശയങ്ങൾ, പ്രത്യയശാസ്ത്രം, പ്രണയം, പങ്കാളിത്തം തുടങ്ങിയവയൊക്കെയും വ്യക്തിയുടെ സ്വത്വത്തിന്റെ കേന്ദ്രഘടകങ്ങളാണ്.

∙ജീവിതപങ്കാളിയെ തീരുമാനിക്കുന്ന കാര്യത്തിൽ സമൂഹത്തിനു വഹിക്കാൻ ഒരുപങ്കുമില്ല. ഇത് അംഗീകരിക്കാത്തവർക്കെതിരെ വ്യക്തിസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണു ഭരണഘടന ചെയ്യുന്നത്.

∙സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യമായ വിഷയത്തിലാണു ഹൈക്കോടതി ഇടപെട്ടത്. നിയമമോ കോടതിയോ ഇടപെടാൻ പാടില്ലാത്ത മേഖലയാണത്.

∙ഹാദിയ ദുർബലയാണെന്നും മറ്റും വിലയിരുത്തിയ ഹൈക്കോടതി, ഹാദിയ പ്രായപൂർത്തിയായ, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കുന്ന വ്യക്തിയാണെന്ന വസ്തുത കണ്ടില്ല.

∙ഭരണഘടനാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയുമാണു കോടതി ചെയ്യേണ്ടത്.

∙ഭരണകൂടത്തിന്റെ അധികാരപ്രയോഗത്തിലൂടെ സ്വാതന്ത്ര്യം ഹനിക്കുന്ന പൊതുദൃശ്യങ്ങൾ വിനാശകരമാണ്. ഭയം സ്വാതന്ത്ര്യത്തെ നിശ്ശബ്ദമാക്കുന്നു.

related stories