Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവനടിയുടെ പരാതി: ജീൻ പോളിന്റെ മൊഴിയെടുത്തു, കേസുമായി പൊലീസ് മുന്നോട്ട്

Sreenath Bhasi, Jean Paul Lal

കൊച്ചി ∙ സംവിധായകൻ ജീൻ പോൾ ലാൽ അടക്കം നാലുപേർക്കെതിരെ യുവനടി നൽകിയ പരാതി കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്ന നിലപാടിൽ ഉറച്ച് പൊലീസ്. കേസിൽ ജീൻ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ‘ബോഡി ഡബിള്‍’ ഉപയോഗിച്ചെന്ന നടിയുടെ പരാതി സ്ഥിരീകരിക്കുന്നതാണ‌ു മൊഴി. പണം കൊടുക്കാത്തതിനു തര്‍ക്കമുണ്ടായെന്നും അപമര്യാദയായി സംസാരിച്ചില്ലെന്നും ജീന്‍ പോളിന്റെ മൊഴിയിലുണ്ട്.

നടിക്ക് പരാതിയില്ലെങ്കിലും കുറ്റങ്ങൾ ഒത്തുതീർക്കാൻ സാധിക്കുന്നതല്ലെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് ഒത്തുതീർപ്പാക്കുകയാണെന്നു പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. മുൻപ്, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് സമൂഹമാധ്യത്തിലൂടെ വെളിപ്പെടുത്തിയ നടൻ അജു വർഗീസിനെതിരെ തനിക്കു പരാതിയില്ലെന്ന് നടി പറഞ്ഞെങ്കിലും കേസുമായി മുന്നോട്ടു പോവുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേനിലപാടാണു ജീൻ പോളിനെതിരായ കേസിൽ പൊലീസും സ്വീകരിച്ചത്.

മൂന്നു പരാതികളാണ് ജീൻ പോളിനും മറ്റുള്ളവർക്കുമെതിരായ കേസിൽ നടിക്കുണ്ടായിരുന്നത്. സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ല, പ്രതിഫലം ചോദിച്ചപ്പോൾ അശ്ലീലം പറഞ്ഞു, മറ്റൊരു നടിയുടെ ശരീരഭാഗങ്ങൾ തന്റേതെന്ന നിലയിൽ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദർശിപ്പിച്ചു എന്നിവ. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ സെൻസർ കോപ്പി പരിശോധിച്ച അന്വേഷണസംഘം പരാതി സത്യമാണെന്നും കണ്ടെത്തി. പ്രതിഫലത്തിന്റെ കാര്യം വേണമെങ്കിൽ ഒത്തുതീർപ്പാക്കാൻ സാധിക്കുമെങ്കിലും മറ്റുള്ള പരാതികൾ ഗൗരവമേറിയതാണ് എന്നാണു പൊലീസ് നൽകുന്ന സൂചന. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുന്നതു നല്ല കീഴ്‍വഴക്കമല്ലെന്നും പൊലീസ് നിലപാടെടുക്കുന്നു.

നടൻ ശ്രീനാഥ് ഭാസി, അനൂപ് വേണുഗോപാൽ, അസി.ഡയറക്ടർ അനിരുദ്ധൻ എന്നിവരാണു കേസിലെ മറ്റ് എതിർകക്ഷികൾ. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു പ്രതിഭാഗം കേസ് ഒത്തുതീർപ്പാക്കുകയാണെന്നു കോടതിയെ അറിയിച്ചത്​. പരാതിക്കാരിയായ യുവതി ഇതേതുടർന്നു ജീൻപോൾ അടക്കമുള്ളവർക്കെതിരെ പരാതിയില്ലെന്നു കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.