Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചത് ടൂറിസത്തിനു വേണ്ടി: എക്സൈസ് മന്ത്രി

TP Ramakrishnan മന്ത്രി ടി.പി.രാമകൃഷ്ണൻ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറച്ചത് ടൂറിസം മേഖലയ്ക്കു വേണ്ടിയാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. നേരത്തേയുണ്ടായിരുന്ന ദൂരപരിധി പുനഃസ്ഥാപിക്കുകയാണു ചെയ്തത്. ‌ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഭേദഗതി ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾ, ആരാധനാലയങ്ങൾ‍, പട്ടികജാതി, പട്ടികവർഗ കോളനികൾ എന്നിവയിൽ നിന്നും 50 മീറ്റർ ദൂരപരിധിയിൽ ബാറുകളാകാമെന്നായിരുന്നു ഉത്തരവ്. ഗേറ്റിൽനിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുക.

ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ, ഹെറിറ്റേജ് ബാറുകൾക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ത്രീ സ്റ്റാർ ബാറുകൾക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിറങ്ങിയത്. ചട്ടം ഭേദഗതിക്കുശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. ബാറുകളുടെ ദൂരപരിധി കുറയ്ക്കുകയാണെന്ന് ‘മനോരമ ഓൺലൈൻ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകൾക്ക് 2011 വരെ 50 മീറ്റർ അകലം പാലിച്ചാൽ മതിയായിരുന്നു. പ്രതിഷേധത്തെത്തുടർന്നാണ് ഫോർ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റർ അകലമെന്ന മാനദണ്ഡം കൊണ്ടുവന്നത്. ഇതാണ് വീണ്ടും 50 മീറ്ററായി കുറയ്ക്കുന്നത്.

അതേസമയം, സംസ്ഥാന സർക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, എസ്-എസ്ടി കോളനികൾക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റർ ദൂരപരിധിയിൽ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകൾക്ക് സർക്കാരിന്റെ ഓണസമ്മാനമാണ്. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടർ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങൾക്കൊപ്പമല്ല മറിച്ച്, വിദ്യാർഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകൾക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാർക്കും ഒപ്പമാണ് ഈ സർക്കാർ എന്നത് വളരെ വ്യക്തമാണെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ സുധീരൻ കുറിച്ചു.

ബാറുകളുടെ വരവും പോക്കും

∙ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് പ്രവർത്തിച്ചിരുന്നത് 306 സർക്കാർ നിയന്ത്രിത മദ്യവിൽപന കേന്ദ്രങ്ങൾ, 29 ബാറുകൾ, 813 ബിയർ-വൈൻ പാർലറുകൾ, 4,730 കള്ളുഷാപ്പ്.

∙ ഈ വർഷം മാർച്ചിൽ പ്രവർത്തിച്ചിരുന്നത് 306 സർക്കാർ നിയന്ത്രിത മദ്യവിൽപന കേന്ദ്രങ്ങൾ, 30 ബാറുകൾ, 815 ബിയർ-വൈൻ പാർലറുകൾ, 4,234 കള്ളുഷാപ്പുകൾ.

∙ സുപ്രീംകോടതി വിധി വന്ന ശേഷം ഇപ്പോൾ പ്രവർത്തിക്കുന്നത് 281 സർക്കാർ നിയന്ത്രിത മദ്യവിൽപന കേന്ദ്രങ്ങൾ, 25 ബാറുകൾ, 285 ബിയർ-വൈൻ പാർലറുകൾ, 3520 കള്ളുഷാപ്പുകൾ.