Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയിൽ 8.1 തീവ്രതയിൽ ഭൂചലനം: മരണം 61 ആയി

MEXICO-QUAKE ഭൂകമ്പമുണ്ടായതിനെ തുടർന്ന് മെക്സിക്കോ സിറ്റിയിൽ ആളുകൾ വീടിനു വെളിയിൽ ഇറങ്ങിനിൽക്കുന്നു

മെക്സിക്കോ സിറ്റി∙ റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നു മെക്സിക്കൻ തീരത്ത് സൂനാമി. 2.3 അടി ഉയരത്തിലാണു തിരകൾ കരയിലേക്ക് അടിച്ചുകയറിയതെന്നു സൂനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി. തബാസ്കോ, ഒക്സാക, ചിയാപസ് എന്നീ സംസ്ഥാനങ്ങളിൽ അവശിഷ്ടങ്ങൾക്കിടിയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കുറഞ്ഞത് 200 പേർക്കു പരുക്കേറ്റതായി പ്രസിഡന്റ് എൻറിക് പെന നിയെറ്റോ അറിയിച്ചു.

മെക്‌സിക്കോയിൽ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ശക്തമായ ഭൂചലനമാണിത്. ആയിരങ്ങൾ കൊല്ലപ്പെട്ട 1985ലെ ഭൂചലനം ഇതിനെക്കാൾ കുറഞ്ഞ തീവ്രതയാണു രേഖപ്പെടുത്തിയത്. മെക്സിക്കോയുടെ തെക്കൻ തീരത്തുള്ള പിജിജിയാപന് 100 കിലോമീറ്റർ തെക്കു പടഞ്ഞാറായി 35 കിലോമീറ്റർ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തീരമേഖലയിൽനിന്നു ജനങ്ങളെ വ്യാപകമായി ഒഴിപ്പിച്ചിട്ടുണ്ട്.

മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, കോസ്റ്റ റിക്ക, നിക്കരാഗ്വ പാനമ, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ കിഴക്കൻ തീരത്തുനിന്നുള്ള കാത്യ ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയിലാണു മെക്സിക്കോ. ഇതിനിടെയാണു വൻ ഭൂകമ്പം മെക്സിക്കോയെ പിടിച്ചുലച്ചിരിക്കുന്നത്.