Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയെ തകർത്ത് വീണ്ടും ഭൂചലനം; മരണം 248

Mexico-earth-quake

മെക്സിക്കോ സിറ്റി ∙ രണ്ടാഴ്ചയ്ക്കിടെ മെക്സിക്കോയെ കശക്കിയെറിഞ്ഞ് രണ്ടാമത്തെ വൻഭൂചലനം. ഒരു പ്രൈമറി സ്കൂളിലെ 22 കുട്ടികൾ ഉൾപ്പെടെ 248 പേരാണു ബുധനാഴ്ച പുലർച്ചെയുണ്ടായ ദുരന്തത്തിൽ മൃത്യുവിനിരയായത്. മറ്റൊരു സ്കൂൾ തകർന്നു 30 കുട്ടികളെ കാണാതായിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 7.1 തീവ്രതയുള്ള ഭൂചലനത്തിൽ തലസ്ഥാന നഗരിയിലെ മിക്ക കെട്ടിടങ്ങളും നിലംപൊത്തുകയോ തകരാറിലാവുകയോ ചെയ്തു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. പ്രസിഡന്റ് എൻറിക് പെന നീറ്റോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മുപ്പത്തിരണ്ടു വർഷം മുൻപ് 1985ൽ ഇതേ ദിവസമുണ്ടായ ഭൂചലനത്തിൽ പതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ടതിന്റെ ഓർമകളുണർത്തുന്ന നാശത്തിന്റെ ചിത്രമാണു തലസ്ഥാന നഗരത്തിലെങ്ങും. ഈ മാസം ഏഴിനു രാജ്യത്തിന്റെ ദക്ഷിണ ഒവാക്സക, ഷിയാപാസ് സംസ്ഥാനങ്ങളിൽ നൂറിലേറെപ്പേർ ഭൂചലനത്തിൽ കൊല്ലപ്പെട്ടിരുന്നു. മെക്സിക്കോ സിറ്റിയുടെ തെക്കുഭാഗത്തുള്ള എൻറിക് റെബ്സമെൻ പ്രൈമറി സ്കൂളിന്റെ മൂന്നുനില കെട്ടിടം നിലംപൊത്തി കുട്ടികളും അധ്യാപകരും ഉൾപ്പെടെ കുടുങ്ങിയതാണു ദുരന്തഭൂമിയിലെ ഏറ്റവും ദാരുണമായ ചിത്രം. നാലു മുതൽ 14 വയസ്സുവരെയുള്ള 22 കുട്ടികളുടെയും അഞ്ച് അധ്യാപകരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. 11 കുട്ടികളെ മാത്രമാണു രക്ഷപ്പെടുത്താനായത്. 30–40 പേരെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെയുണ്ടെന്നു കരുതുന്നു.

മധ്യ റോമ ജില്ലയിലെ മറ്റൊരു സ്കൂൾ തകർന്നുവീണു 30 കുട്ടികളെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ മധ്യ സംസ്ഥാനങ്ങളെ തകർത്ത ഭൂകമ്പത്തിൽ രണ്ടു കോടിയിലേറെ ആളുകൾ വസിക്കുന്ന മെക്സിക്കോ സിറ്റിക്കു പുറമേ പ്യൂബ്ല, മൊറീലോസ്, ഗ്വരേരോ നഗരങ്ങളിലാണു നാശനഷ്ടമേറെയും. മെക്സിക്കോ സിറ്റിയിൽ നിന്നു 158 കിലോമീറ്റർ അകലെ പ്യൂബ്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ ഒരു ദേവാലയം ആരാധനയ്ക്കിടെ തകർന്നുവീണു 15 പേർ കൊല്ലപ്പെട്ടു. പോപ്പോകേറ്റ്പെറ്റൽ അഗ്നിപർവതം ചെറുതായി പൊട്ടിത്തെറിച്ചു. ഭൂചലനത്തെ തുടർന്നു മെക്സിക്കോ സിറ്റി രാജ്യാന്തര വിമാനത്താവളം മൂന്നു മണിക്കൂർ അടച്ചിട്ടു. യുഎസ്, കാനഡ ഉൾപ്പെടെ അയൽരാജ്യങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനു പ്രത്യേക സംഘങ്ങളെ അയച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ ഡോണൾഡ് ട്രംപും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും എല്ലാ സഹായവും വാഗ്ദാനം ചെയ്തു.