Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരരിൽനിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിൽ റോമിലെത്തി

Fr. Tom Uzhunnalil മസ്കത്തിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ.

മസ്‌കത്ത്∙ യെമനിലെ ഏദനില്‍നിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ (57) മോചിപ്പിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണു മോചനം സാധ്യമാക്കിയത്. മസ്‌കത്തിലെത്തിയ ഫാദര്‍ ടോം വത്തിക്കാനിലേക്കു പോയി.

ടോം ഉഴുന്നാലിൽ മസ്കത്തിൽനിന്നു റോമിൽ എത്തിയതായി ബെംഗളൂരുവിലെ സലേഷ്യൻ സഭയുടെ ആസ്ഥാനത്ത് സന്ദേശമെത്തി. കുറച്ചുദിവസത്തെ വിശ്രമത്തിനുശേഷമേ അദ്ദേഹം കേരളത്തിലേക്കു തിരിക്കൂ എന്നാണ് അറിയുന്നത്. ഫാദര്‍ ടോം മസ്ക്കത്തിൽനിന്ന് ചൊവ്വാഴ്ച രാത്രിതന്നെ ഇന്ത്യയിലേക്കു തിരിച്ചെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമാണു ഫാ.ടോം മോചിതനാകുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഫാ. ടോമിന്റെ മോചനം സ്ഥിരീകരിച്ചു.

മദർ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാർ’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. തുടർന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരെല്ലാം പ്രശ്നത്തിൽ ഇടപെട്ടു.

ഫലം കണ്ടത് ഒത്തൊരുമിച്ചുള്ള പരിശ്രമം

യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതും ഫാ.ടോമിന്റെ മോചനം നീണ്ടു പോകാൻ കാരണമായി. പരിമിതികൾക്കിടയിലും എന്തു വിലകൊടുത്തും ഫാദറിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ. പ്രാർഥനയോടെ വിശ്വാസികളും ഫാ.ടോമിന്റെ മോചനത്തിനായി കാത്തിരിക്കുകയായിരുന്നു.

ഫാ.ടോം ഉൾപ്പെടുന്ന സലേഷ്യൻ സന്യാസ സഭാംഗങ്ങളും സിറോ മലബാർ സഭാ പ്രതിനിധികളും ഫാ.ടോമിന്റെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. അതിനിടെ, വത്തിക്കാനും പ്രശ്നത്തിൽ ഇടപെട്ടു. ഫോ.ടോമിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ മോചനത്തിനായി തുടർച്ചയായി സംസ്ഥാന, കേന്ദ്ര സർക്കാരുകളെ സമീപിച്ച് സമ്മർദ്ദം ചെലുത്തി.

യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളും കേരളത്തിൽനിന്നുള്ള എംപിമാരും ഫാ.ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമിക്കാൻ േകന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പാർലമെന്റിലും ഈ വിഷയം പലതവണ ഉന്നയിക്കപ്പെട്ടു. ഇടയ്ക്ക് ഫാ.ടോമിന്റേതായി ചില വിഡിയോ സന്ദേശങ്ങൾ പുറത്തുവന്നതോടെ ഏതുവിധേനയും അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ.

തട്ടിക്കൊണ്ടുപോയത് 2016 മാർച്ച് നാലിന്

എൺപതു പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറവിലായതിനാൽ കൊലപാതകികളുടെ കയ്യിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി. ഇതിനുശേഷമാണ് ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്.

രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, 2014 സെപ്റ്റംബർ ആറിനു മാതാവ് ത്രേസ്യക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിയിരുന്നു. പിന്നീടു സലേഷ്യൻ സഭാംഗവും ബന്ധുവുമായ ഫാ. മാത്യു ഉഴുന്നാലിലിന്റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനായി 2015 മാർച്ച് 22നും നാട്ടിലെത്തി. ഒരു മാസം കഴിഞ്ഞാണ് യെമനിലേക്കു മടങ്ങിയത്. തെക്കൻ ഏഡനിൽ അഗതിമന്ദിരത്തിന്റെ ചുമതലയായിരുന്നു ഫാ. ടോമിന്റേത്. വടുതല ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

മുൻപു കർണാടകയിലെ കോളാറിലും ബെംഗളൂരുവിലും സേവനം ചെയ്തിട്ടുണ്ട്. 30 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്തശേഷമാണ് യെമനിലേക്കു പോയത്. മാത്യു (ഗുജറാത്ത്), ജോഷി, ഡേവിഡ്, റോസമ്മ (മൂവരും യുഎസ്), മേരി മണ്ണാർകാട്), പരേതനായ ആഗസ്തിക്കുഞ്ഞ് എന്നിവരാണു സഹോദരങ്ങൾ.