Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു ദിവസത്തിനുള്ളിൽ കേരളത്തിൽ മടങ്ങിയെത്തും: ഫാ. ടോം ഉഴുന്നാലിൽ

Father Tom Uzhunnalil റോമിലെ സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന ഫാ. ടോം ഉഴുന്നാലിൽ

വത്തിക്കാൻ സിറ്റി ∙ പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്ന് യെമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ. പാസ്പോർട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്നം. ഉടൻതന്നെ പുതിയ പാസ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണ്. തന്നെ തട്ടിക്കൊണ്ടുപോയ ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. പക്ഷെ എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവർ അതു വെളിപ്പെടുത്തിയിട്ടുമില്ല. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണ്. തന്നെ മോചിപ്പിക്കാൻ പണം നൽകിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു.

യെമനിൽ ഭീകരരുടെ താവളത്തിൽനിന്ന് 18 മാസത്തെ തടവിനു ശേഷം വത്തിക്കാനിൽ എത്തിയ ടോം, സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയിൽ വിശ്വസിച്ചു. ഭീകരർ തന്നെ ഒരുഘട്ടത്തിലും പീഡിപ്പിച്ചില്ല. തന്നെ കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. ഒരിക്കൽപോലും മോശമായി പെരുമാറിയില്ല. പ്രമേഹത്തിനുള്ള മരുന്നുകളും അവർ നൽകി. ഡോക്ടറുടെ സേവനവും അവർ ലഭ്യമാക്കി. ഒന്നരവർഷവും ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ സ്ഥലംമാറ്റി. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവർ അറബിക്കാണു സംസാരിച്ചിരുന്നത്. അതിനാൽ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു.

അൽപം ചില ഇംഗ്ലിഷ് വാക്കുകൾ കൊണ്ടായിരുന്നു സംസാരമത്രയും. തടവിനിടെ പ്രാർഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. തടവിനിടെ താൻ കൊല്ലപ്പെടുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലിൽ പറഞ്ഞു.

യെമനിലെ ഭീകരരുടെ തടവിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിൽ എത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു.