Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഷറഫ് കൊലപാതകി, ഭീരു; സർദാരിയെ കുറ്റപ്പെടുത്തിയതിന് മക്കളുടെ മറുപടി

Pervez-Musharraf

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും പെൺമക്കൾ രംഗത്ത്. ബേനസീർ ഉൾപ്പെടെയുള്ള ഭൂട്ടോ കുടുംബാംഗങ്ങളുടെ മരണത്തിനു പിന്നിൽ സർദാരിക്കു പങ്കുണ്ടെന്ന മുഷറഫിന്റെ ആരോപണമാണ് ഇരുവരുടെയും മക്കളായ അസീഫ ഭൂട്ടോ സർദാരി, ബക്താവർ ഭൂട്ടോ സർദാരി എന്നിവരെ പ്രകോപിപ്പിച്ചത്. കൊലപാതകിയും ഭീരുവുമാണ് മുഷറഫെന്ന് ഇരുവരും ആരോപിച്ചു.

ധൈര്യമുണ്ടെങ്കിൽ പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തി നിയമനടപടി നേരിടാൻ ആസിഫ് അലി സർദാരിയും മുഷറഫിനെ വെല്ലുവിളിച്ചു. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ബേനസീറിന്റെ വധത്തിലൂടെ ഏറ്റവുമധികം നേട്ടം കൊയ്തത് സർദാരിയാണെന്നായിരുന്നു മുഷറഫിന്റെ ആരോപണം. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് മുഷറഫ് ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്.

മുൻപ് ബേനസീറിന്റെ സഹോദരൻ മുർത്താസ ഭൂട്ടോ കൊല്ലപ്പെട്ടപ്പോൾ അതിനു പിന്നിൽ ഞാനും ബേനസീറുമാണെന്ന് ആരോപണം ഉന്നയിച്ച വ്യക്തിയാണ് മുഷറഫ്. ആരോപണങ്ങളുടെ ഈ രാഷ്ട്രീയത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. ചരിത്രം പരിശോധിച്ചാൽ ഇതുപോലുള്ള ഒരുപാട് ആരോപണങ്ങൾ കാണാം. ധൈര്യമുണ്ടെങ്കിൽ പാക്കിസ്ഥാനിലേക്കു മടങ്ങിവന്ന് നിയമനടപടികൾക്കു വിധേയനാകുകയാണ് മുഷറഫ് ചെയ്യേണ്ടത് – സർദാരി പറഞ്ഞു.

പാക്കിസ്ഥാനിൽനിന്നും ഒളിച്ചോടിപ്പോയ ഈ കൊലപാതകിയുടെ (മുഷറഫ്) വാക്കുകൾക്ക് ചെവികൊടുക്കുന്ന മാധ്യമങ്ങളോട് വെറുപ്പും സഹതാപവുമാണ് തോന്നുന്നതെന്ന് ബേനസീർ–സർദാരി ദമ്പതികളുടെ ഇളയ മകൾ അസീഫ ട്വിറ്ററിൽ കുറിച്ചു. ഇരയെ കുറപ്പെടുത്തുന്ന മുഷറഫിനു നാണമില്ലേയെന്നും അസീഫ കുറിച്ചു. മുഷറഫ് വാചകമടി നിർത്തി കോടതിയെ അഭിമുഖീകരിക്കുകയാണ് വേണ്ടതെന്ന് ഇവരുടെ മൂത്ത മകൾ ബക്താവർ വ്യക്തമാക്കി. ഒരു ഭീരുവിനെ പോലെ കരഞ്ഞുകൊണ്ട് ഒളിച്ചോടിയ വ്യക്തിയാണ് മുഷറഫെന്നും ബക്താവർ പരിഹസിച്ചു.