Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

21–ാം നൂറ്റാണ്ടിലെ പൊലീസ് ‘അപരിഷ്കൃത സേന’ ആകരുത്: രാജ്നാഥ് സിങ്

rajnath singh റാപിഡ് ആക്‌ഷൻ ഫോഴ്സിന്റെ സിൽവർ ജൂബിലി ആഘോഷ ചടങ്ങിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.

മീററ്റ്∙ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസ് ഒരിക്കലും ‘അപരിഷ്കൃത സേന’ ആകരുതെന്നും മറിച്ച് സംസ്കാരത്തോടെ പെറുമാറാൻ പഠിക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പരിശീലനം കൊണ്ട് ക്ഷമയും മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവും ആർജ്ജിച്ചെടുക്കണം.

കലാപങ്ങളും പ്രതിഷേധ സമരങ്ങളുമെല്ലാം അടിച്ചമർത്തുമ്പോൾ സംയമനത്തോടെയുള്ള സമീപനമാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു. റാപിഡ് ആക്‌ഷൻ ഫോഴ്സിന്റെ(ആർഎഎഫ്) സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മീററ്റിലെ ആസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സംഘർഷങ്ങളെ നേരിടുന്ന സമയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും അവരെ അക്രമത്തിൽ നിന്നു വഴിതിരിച്ചു വിടാനും ആധുനിക സാങ്കേതികതയും മനഃശാസ്ത്ര തന്ത്രങ്ങളും പ്രയോജനപ്പെടുത്തണം. ചില സാഹചര്യങ്ങളിൽ പൊലീസിന് അൽപം ബലപ്രയോഗം നടത്തേണ്ടി വരുമെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ അവിടെയും മുൻകരുതൽ അത്യാവശ്യമാണ്.

പൊലീസുകാരുടെ ഇടപെടലുകളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളിലും അത്രയേറെ മാരകമല്ലാത്ത പ്രതിവിധികൾ കൊണ്ടു വരുന്നതു സംബന്ധിച്ച് ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡെവലപ്മെന്റിനോട് ചർച്ച ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ കൂടുതൽ ഫലം നേടിയെടുക്കുക എന്നതായിരിക്കണം ലക്ഷ്യം‌.

കേന്ദ്രത്തിനും വിവിധ സംസ്ഥാനങ്ങള്‍ക്കും കീഴിലുള്ള പൊലീസും ഇത്തരം ശ്രമങ്ങൾക്ക് മുൻകയ്യെടുക്കണം. ജാതി, മതം, പ്രാദേശികവാദം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് വിഭാഗീതയ വളർത്താൻ ശ്രമിക്കുന്ന സംഭവങ്ങൾക്കെതിരെ എപ്പോഴും കരുതലോടെയിരിക്കണമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.

ജനുവരി ഒന്നിന് ആർഎഎഫിന്റെ അഞ്ച് പുതിയ ബറ്റാലിയൻ കൂടി പ്രവർത്തനസജ്ജമാകും. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലായി ആർഎഎഫിന്റെ പത്ത് ബറ്റാലിയനിൽ പതിനായിരത്തോളം സേനാംഗങ്ങൾ ഇപ്പോഴുണ്ട്. സാമുദായികപരമായും സുരക്ഷാപരമായും പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നു വിലയിരുത്തിയ സംസ്ഥാനങ്ങളിലാണ് സേനയെ നിയോഗിച്ചിരിക്കുന്നത്.

കേന്ദ്ര സായുധ പൊലീസ് സേന(സിഎപിഎഫ്)യ്ക്ക് റെഡിമെയ്ഡ് യൂണിഫോം നൽകുന്ന രീതി നിർത്തലാക്കുകയാണെന്നും മന്ത്രി അറിയിച്ചു. പകരം ഇവർക്ക് സ്വയം യൂണിഫോം തയ്പ്പിച്ചെടുക്കാൻ പ്രതിവർഷം 10,000 രൂപ അലവന്‍സ് നൽകും. ഈ വിഭാഗത്തിലെ 10 ലക്ഷത്തോളം വരുന്ന അംഗങ്ങൾക്ക് സമയോചിതമായി പ്രമോഷൻ നൽകുന്നതിനെപ്പറ്റി കാര്യമായിത്തന്നെ ആലോചിക്കും.

‘2022ൽ പുതു ഇന്ത്യ’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനത്തോടൊപ്പം നിന്ന് അതിനു വേണ്ടിയുള്ള ശ്രമങ്ങളുണ്ടാകണമെന്നും സേനാംഗങ്ങളോട് ആഭ്യന്തരമന്ത്രി നിർദേശിച്ചു. കലാപങ്ങൾ തടയുന്നതിനും പ്രക്ഷോഭങ്ങൾക്കിടെ ആൾക്കൂട്ട നിയന്ത്രണത്തിനുമായി 1992ലാണ് ആർഎഎഫ് രൂപീകരിക്കുന്നത്. സിആർപിഎഫിനു കീഴിലാണ് പ്രവർത്തനം.