Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരതയെ നേരിടാനാകുന്നില്ലെങ്കിൽ പാക്കിസ്ഥാനെ സഹായിക്കാം: രാജ്നാഥ് സിങ്

Rajnath Singh രാജ്നാഥ് സിങ്

ജയ്പുർ ∙ ഭീകരതയെ ഒറ്റയ്ക്കു നേരിടാനാവുന്നില്ലെങ്കിൽ പാക്കിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീർ അല്ല, ഭീകരതയാണ് പ്രശ്നം. അതു ചർച്ച ചെയ്യാനാണ് പാക്കിസ്ഥാൻ തയ്യാറാകേണ്ടത് – മാധ്യമങ്ങളോടു സംസാരിക്കവേ സിങ് പറഞ്ഞു. നരേന്ദ്രമോദി സ്ഥാനമേറ്റതിനു ശേഷം ഭീകരതയുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളൊന്നും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. കശ്മീരിൽ മാത്രമാണ് ഭീകരപ്രവർത്തനം നടക്കുന്നത്. അവിടെയും സ്ഥിതി മെച്ചപ്പെട്ടു. നക്സലൈറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ 50 –60 % കുറവു വന്നിട്ടുണ്ട്.

അടുത്ത 3 മുതൽ 5 വർഷത്തിനിടയിൽ ഈ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടും. യുപിഎ ഭരണകാലത്തും മിന്നലാക്രമണങ്ങൾ നടത്തിയിരുന്നെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സിങ് പ്രതികരിച്ചു. ഇതേക്കുറിച്ച് എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല. നമ്മുടെ സൈനികർക്ക് അവരുടെ ശക്തിയും കരുത്തും തെളിയിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്തിന് അതു രഹസ്യമാക്കി വച്ചു – സിങ് ചോദിച്ചു.

ഞങ്ങൾ ജാതിമതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. നീതിയുടെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഹിന്ദുത്വം എന്നത് ഏതെങ്കിലും വിഭാഗവുമായോ, ജാതിമതവുമായോ ബന്ധപ്പെട്ടതല്ല. അത് ഒരു ജീവിതരീതിയാണ് – രാജ്നാഥ് സിങ് പറഞ്ഞു.