Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടു നിരോധനം തെറ്റാണെന്നു അംഗീകരിച്ചാൽ മോദിക്കു സല്യൂട്ട്: കമൽഹാസൻ

Kamal Haasan

ചെന്നൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനത്തെ തിടുക്കത്തിൽ പിന്തുണച്ച തന്റെ നടപടിയിൽ തെന്നിന്ത്യൻ സൂപ്പർതാരം കമൽ ഹാസൻ ഖേദം പ്രകടിപ്പിച്ചു. നോട്ടു നിരോധനം തെറ്റാണെന്നു പ്രധാനമന്ത്രി അംഗീകരിച്ചാൽ അദ്ദേഹത്തിനു തന്റെ സല്യൂട്ട് നൽകുമെന്നും കമൽ കൂട്ടിച്ചേർത്തു. തമിഴ് മാസികയിലെഴുതിയ കോളത്തിലാണ് കമൽ അഭിപ്രായം രേഖപ്പെടുത്തിയത്. തെറ്റുകൾ അംഗീകരിച്ചു തിരുത്തുന്നത് രാഷ്ട്രതന്ത്രജ്ഞന്റെ അടയാളമാണെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

കഴിഞ്ഞ നവംബർ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. അന്ന് സമൂഹമാധ്യമമായ ട്വിറ്ററിലെഴുതിയ കുറിപ്പിൽ മോദിയ സല്യൂട്ട് ചെയ്യുന്നുവെന്നും ഈ നീക്കം രാഷ്ട്രീയത്തിനതീതമായി ആഘോഷിക്കപ്പെടണമെന്നും ഗൗരവമായി നികുതി അടയ്ക്കുന്നവർ തീർച്ചയായും ഇത് ആഘോഷിക്കണമെന്നുമാണ് കമൽ എഴുതിയത്.

രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്നും രണ്ടുമാസങ്ങൾക്കുമുൻപ് കമൽ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ സംവിധാനത്തിലെ അഴിമതിക്ക് അവസാനം കാണുന്ന ഒന്നായിരിക്കും തന്റെ രാഷ്ട്രീയ പാർട്ടിയെന്നും കാവിയായിരിക്കില്ല തന്റെ നിറമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരുമായി കമൽ കൂടിക്കാഴ്ച നടത്തിയിരുന്നു.