Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധനം കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കി: മുൻ സാമ്പത്തിക ഉപദേഷ്ടാവ്

Arvind Subramanian അരവിന്ദ് സുബ്രഹ്മണ്യൻ

ന്യൂഡൽഹി∙ നോട്ട് നിരോധനം കനത്ത ആഘാതമാണു സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയതെന്നു കേന്ദ്രസർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. നോട്ട് നിരോധനത്തിനു മുൻ‌പത്തെ ആറു സാമ്പത്തികപാദങ്ങളിലെ വളർച്ചാ നിരക്ക് ശരാശരി എട്ട് ശതമാനമായിരുന്നു. എന്നാൽ നിരോധനത്തിനു ശേഷമുള്ള ഏഴു സാമ്പത്തികപാദങ്ങളിൽ ഇത് 6.8 ശതമാനം മാത്രമാണെന്നും അരവിന്ദ് സുബ്രഹ്മണ്യം വിശദീകരിക്കുന്നു.

നാല് വർഷം ഉപദേശക സ്ഥാനത്തു തുടർന്ന അരവിന്ദ് സുബ്രഹ്മണ്യം ഈ വർഷം ആദ്യമാണു ചുമതല ഒഴിഞ്ഞത്. പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകമായ ‘ഓഫ് കൗൺസല്‍, ദ് ചാലഞ്ചസ് ഓഫ് ദ് മോഡി– ജയ്റ്റ്ലി ഇക്കണോമി’ യിലാണ് ഇതു സംബന്ധിച്ചു പരാമർശം.

നോട്ട് നിരോധനത്തിൽ തീരുമാനമെടുക്കുന്നതിനു മുൻപു പ്രധാനമന്ത്രി തന്നോട് ഉപദേശം ചോദിച്ചിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല. നിർണായക തീരുമാനം കൈക്കൊള്ളുന്നതിനു മുൻപ് പ്രധാനമന്ത്രി ഉപദേഷ്ടാവിനോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നു നേരത്തേ വിമർശനമുയർന്നിരുന്നു.

നോട്ട് നിരോധനത്തോടെ 86 ശതമാനം കറൻസികളും തിരികെയെത്തി. ജിഡിപി വളർച്ചയെ ഇതു മോശമായി ബാധിച്ചു. നോട്ട് നിരോധനത്തിനു മുൻപു തന്നെ വളർച്ച പതുക്കെയായിരുന്നു. എന്നാൽ പിന്നീട് ഇടർച്ചയുടെ വേഗത കൂടി. ഇക്കാര്യത്തിൽ ആർക്കും തർ‌ക്കമുണ്ടാകും എന്നു തോന്നുന്നില്ല. ഇതേസമയത്തു തന്നെ പലിശ നിരക്ക്, ജിഎസ്ടി, ഇന്ധനവിലയിലെ മാറ്റം തുടങ്ങിയവയെല്ലാം വളർച്ചയെ ബാധിച്ചു.– അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തൊന്നും ഒരു രാജ്യവും കൊണ്ടുവരാത്ത നീക്കമാണു നോട്ട് നിരോധനം. കാലമെടുത്തുള്ള നോട്ട് നിരോധനം, പെട്ടെന്നുള്ള നിരോധനം തുടങ്ങിയ രണ്ടു രീതികളാണ് ഉള്ളത്. യുദ്ധം, സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയ കലാപം തുടങ്ങിയ സാഹചര്യങ്ങളിലാണ് പെട്ടെന്നുള്ള നിരോധനം കൊണ്ടുവരുന്നത്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഇതുവരെയില്ലാത്ത രീതിയിലുള്ള പരീക്ഷണമായിരുന്നു നോട്ട് നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി.