Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധിച്ചത് കള്ളപ്പണം വെളുപ്പിക്കാൻ : രാഹുൽ; കാലം മായ്ക്കാത്ത മുറിവെന്ന് മൻമോഹൻ

Rahul Gandhi and Manmohan Singh

ന്യൂഡൽഹി∙ നോട്ട് നിരോധനത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ലെന്നും അതു കണ്ടെത്തും വരെ ജനങ്ങൾ വിശ്രമിക്കില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണു നോട്ട് നിരോധനം.

മുൻകാലങ്ങളിൽ രാജ്യം നേരിട്ട ദുരിതങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണിത്. ഈ ദുരന്തം അടിച്ചേൽപിച്ചതാണ്. രാജ്യത്തെ ലക്ഷക്കണക്കിനാളുകൾക്കും ചെറുകിട വ്യാപാര സംരംഭങ്ങൾക്കുമെതിരായ ചാവേർ ആക്രമണമായിരുന്നു അത്. പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നു പോലും നേടാനായില്ല. – രാഹുൽ പറഞ്ഞു.

കാലത്തിനു മായ്ക്കാനാവാത്ത മുറിവാണു നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനമെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്.

സമൂഹത്തിനും സാമ്പത്തിക മേഖലയ്ക്കും മേൽ നോട്ട് നിരോധനം ഏൽപിച്ച ദുരിതത്തിന്റെ വ്യാപ്തി രണ്ടാം വാർഷികത്തിൽ വ്യക്തമാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ചെറുകിട, ഇടത്തരം വ്യാപാര സംരംഭങ്ങൾ ദുരിതത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ല. യുവാക്കൾക്ക് വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. അടിസ്ഥാന വികസന മേഖലയെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ബാധിച്ച നോട്ട് നിരോധനം ധനവിപണിയെ അസ്ഥിരമാക്കി. 

സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ ഇനിയുണ്ടാവരുത്. സാമ്പത്തിക നയങ്ങൾ കരുതലോടെ നടപ്പാക്കേണ്ടവയാണ്. 

അവയിൽ സുതാര്യതയും വ്യക്തതയും ഉറപ്പാക്കണം. സാമ്പത്തിക മേഖലയിലെ സാഹസങ്ങൾ രാജ്യത്തിനുമേൽ ദീർഘകാല ദുരിതം വിതയ്ക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണു നോട്ട് നിരോധന വാർഷികം– അദ്ദേഹം പറഞ്ഞു.

ഇന്ന് പ്രതിഷേധം

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു കോൺഗ്രസിന്റെ പ്രതിഷേധ പരിപാടി ഇന്നു ഡൽഹിയിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.