Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോഴക്കേസ്: പ്രത്യേക സംഘമെന്ന ആവശ്യം കോടതി തള്ളി

Dipak-Misra

ന്യൂഡൽഹി ∙ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരോക്ഷമായി ആരോപണമുള്ള മെഡിക്കൽ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന കാമിനി ജയ്‌സ്വാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസിന് എതിരായ ആരോപണം കോടതിയലക്ഷ്യമാണ്. എന്നാൽ ആർക്കെതിരെയും നടപടിയെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജഡ്‌ജിമാരായ ആർ.കെ. അഗർവാൾ, അരുൺ മിശ്ര, എ.എം. ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 

വിവാദം ജുഡീഷ്യറിക്കു വലിയ ദോഷമാണു ചെയ്‌തിരിക്കുന്നതെന്നും അതു പരിഹരിക്കണമെങ്കിൽ ഹർജി പിൻവലിക്കുകയാണ് ഉചിതമെന്നും അറ്റോർണി ജനറൽ (എജി) കെ.കെ. വേണുഗോപാൽ നേരത്തെ വ്യക്‌തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോൾ കോടതിമുറിയിൽ അഭിഭാഷകർ തിങ്ങിനിറഞ്ഞിരുന്നു. സെന്റർ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) നൽകിയ ഹർജി രണ്ടാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കാൻ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ 10നു തീരുമാനിച്ചിരുന്നു.

കോഴക്കേസിൽ സിബിഐക്കു പകരം പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യമാണു സിജെഎആറിന്റെ ഹർജിയിലും ഉന്നയിച്ചിട്ടുള്ളത്. ഇന്നലെ കാമിനിയുടെ ഹർജി പരിഗണിച്ചപ്പോൾ, ഒരേ സ്വഭാവമുള്ള രണ്ടു ഹർജികൾ നൽകുന്നത് ഉചിതമാണോയെന്നും താൽപര്യമുള്ള ബെഞ്ചിനെക്കൊണ്ട് ഹർജി പരിഗണിപ്പിക്കാനല്ലേ ശ്രമമെന്നും കോടതി ചോദിച്ചിരുന്നു.