Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീതിക്കു മാനുഷിക മുഖവും സമീപനവും വേണം: ജസ്റ്റിസ് ദീപക് മിശ്ര

Justice Ranjan Gogoi, Justice Dipak Misra യാത്രയയപ്പു യോഗത്തിൽ ജസ്റ്റിസ് ദീപക് മിശ്ര (വലത്) നിർദിഷ്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കൊപ്പം.

ന്യൂഡൽഹി ∙ നീതിക്കു മാനുഷിക മുഖവും മാനുഷിക സമീപനവും വേണമെന്ന് ഇന്നു സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. എന്തൊക്കെ വൈദഗ്ധ്യം കാട്ടിയാലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം കവർന്നെടുക്കാനാവില്ലെന്നും സുപ്രീം കോടതിയിലെ യാത്രയയപ്പു യോഗത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചരിത്രം ചിലപ്പോൾ ദയ കാണിക്കും, മറ്റു ചിലപ്പോൾ നിർദയമായി പെരുമാറും. ഞാൻ ആരെയും വിലയിരുത്തുന്നത് ചരിത്രം നോക്കിയല്ല, നടപടികളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലാണ്. ജഡ്ജിയായി പ്രവർത്തിച്ച കാലത്ത് ഒരിക്കൽപ്പോലും ഞാൻ തുല്യ പരിഗണനയുടെ പാതയിൽനിന്നു വ്യതിചലിച്ചിട്ടില്ല – ചീഫ് ജസ്റ്റിസ് പറഞ്ഞു. പൂർണ തൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ, താനുൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് പറയാൻ ചീഫ് ജസ്റ്റിസ് തയ്യാറായില്ല. 

‘നമ്മുടെ കാര്യം മറ്റുള്ളവർ തീരുമാനിക്കുന്നു’

എന്തു കഴിക്കണമെന്നും എന്തു ധരിക്കണമെന്നുമുള്ളത് നമ്മുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളല്ലാതാവുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് നാളെ ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ഭരണഘടനാ തത്വങ്ങളോടു നീതി പുലർത്തുന്നതിൽ പരാജയപ്പെട്ടാൽ നമ്മൾ പരസ്പരം കൊല്ലുകയും പരസ്പരം വെറുക്കുകയും ചെയ്യുന്നതു തുടരുമെന്നും ഗൊഗോയ് പറഞ്ഞു.