Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടാക്കമ്പൂർ: വിവാദ ഭൂമി രേഖകളുടെ പരിശോധന അട്ടിമറിക്കുന്നു

Kottakamboor Land Deal

മൂന്നാർ∙ സിപിഎം ജനപ്രതിനിധികൾ ഉൾപ്പെടെ കൈവശപ്പെടുത്തിയ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ രേഖകളുടെ പരിശോധന അട്ടിമറിക്കാൻ നീക്കം. ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു പിന്നാലെ ദേവികുളം ആർഡി ഓഫിസിലെ മൂന്നു റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഭൂരേഖകളുടെ പരിശോധനകൾക്കു നേതൃത്വം നൽകിയ ഹെഡ് ക്ലർക്ക് ഉൾപ്പെടെയുള്ളവർക്കെതിരെയാണു പ്രതികാര നടപടി. രണ്ടാഴ്ച പിന്നിട്ടിട്ടും പകരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ തുടർനടപടികൾ തടസ്സപ്പെട്ടു.

ദേവികുളം റവന്യൂ ഡിവിഷനൽ ഓഫിസിലെ ഹെഡ് ക്ലർക്ക് ബാലചന്ദ്രൻ, ക്ലർക്കുമാരായ മനീഷ്, പി.കെ. ഷിജു എന്നിവരെയാണു സ്ഥലം മാറ്റിയത്. ജോയ്സ് ജോർജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയ നടപടിക്കു പിന്നാലെയായിരുന്നു സ്ഥലംമാറ്റം. സബ് കലക്ടർ വി.ആർ. പ്രേംകുമാറാണു പട്ടയം റദ്ദാക്കിയതെങ്കിലും രേഖകളുടെയും ഭൂമിയുടെയും നിർണായക പരിശോധനയ്ക്കു ചുക്കാൻ പിടിച്ചത് ബാലചന്ദ്രന്റെ നേതൃത്വത്തിലാണ്.

ദേവികുളം മുൻ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്പെഷൽ സ്ക്വാഡിലെ അംഗങ്ങളായിരുന്നു മൂവരും. പാപ്പാത്തിച്ചോലയിലും പളളിവാസലിലും ദേവികുളത്തും 200 ഏക്കറിലെ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ കാരണമായതും ഈ ഉദ്യോഗസ്ഥരുടെ പ്രയത്നമാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായി മാറിയ ഉദ്യോസ്ഥർക്കു നേരെ വധഭീഷണി വരെ ഉണ്ടായി. ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിനു പിന്നാലെ ഈ ഉദ്യോഗസ്ഥരെ മാറ്റാൻ നീക്കം നടന്നിരുന്നു. മനോരമ ന്യൂസ് വാർത്തയെ തുടർന്നു സംഭവം വിവാദമായതോടെ നടപടി മരവിപ്പിച്ചു.

ശ്രീറാമിനെ മാറ്റിയിട്ടും കയ്യേറ്റകാർക്കെതിരെ കർശന നടപടി തുടരാൻ കാരണം ഈ ഉദ്യോഗസ്ഥരുടെ സാന്നിധ്യമാണ്. ഇതു തിരിച്ചറിഞ്ഞ കയ്യേറ്റ മാഫിയ ചെലുത്തിയ സമ്മർദ്ദമാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനു കാരണം. പകരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ കൊട്ടാക്കമ്പൂരിലെ തുടർ പരിശോധനകളും തടസ്സപ്പെട്ടു. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു ശക്തമായ ഇടപെടലുണ്ടായെന്നാണു സൂചന.  

related stories