Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിക്കു ന്യായവില നിർണയം അടുത്ത വർഷം; അര ലക്ഷം പട്ടയം ഉടൻ നൽകാൻ സർക്കാർ

പാലക്കാട് ∙ ഭൂമിയുടെ ന്യായവില നിർണയ പട്ടിക തയാറാക്കാനുള്ള ജോലികൾ നിർത്തിവച്ചു നവംബർ 30നുള്ളിൽ അര ലക്ഷം പേർക്കു പട്ടയം നൽകാനുള്ള ജോലികൾ തുടങ്ങാൻ റവന്യു മന്ത്രിയുടെ നിർദേശം. ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായാണു തിരക്കിട്ടു പട്ടയം നൽകാൻ തീരുമാനിച്ചതെങ്കിലും ധാരണയില്ലാതെ ജോലികൾ അടിച്ചേൽപ്പിക്കുകയും ഇടയ്ക്കിടെ അതു മാറ്റുകയും ചെയ്യുന്ന നടപടിക്കെതിരെ റവന്യു ഉദ്യോഗസ്ഥർക്കു വ്യാപക പരാതിയുണ്ട്.

പ്രളയക്കെടുതിയുടെ ജോലികൾ തീരുംമുൻപെയാണു നവംബർ ഒന്നിനു തുടങ്ങി ജനുവരി 31നകം ഭൂമിയുടെ വില നിർണയം പൂർത്തീകരിക്കാൻ റവന്യു ഉദ്യോഗസ്ഥരോടു നിർദേശിച്ചത്. വില്ലേജ്, താലൂക്ക്, ആർഡിഒ ഓഫിസുകളിൽ മറ്റു ജോലികൾക്കൊപ്പം ഇതും ചെയ്യാനായിരുന്നു നിർദേശം. ഒരു ദിവസം ശരാശരി 555 ഫീൽഡുകളിൽ നേരിൽചെന്നു പരിശോധിച്ചാലെ കാലാവധിക്കുള്ളിൽ ജോലി തീർക്കാൻ കഴിയു. കൂടുതൽ സമയം ആവശ്യപ്പെട്ടു ജീവനക്കാർ പ്രതിഷേധിച്ചെങ്കിലും നിർബന്ധമായും ചെയ്യണമെന്നാവശ്യപ്പെട്ടതിനെത്തുടർന്നു നടപടികൾ തുടങ്ങിയപ്പോഴാണ് അതു നിർത്തി പട്ടയ ജോലികൾ തുടങ്ങാൻ നിർദേശം ലഭിച്ചത്. ന്യായവില നിർണയം അടുത്ത വർഷം നടത്തിയാൽ മതിയെന്നാണു നിർദേശം.

സർക്കാർ നിർദേശിച്ച പ്രകാരം അര ലക്ഷം പേർക്കു നവംബർ 30നകം പട്ടയം നൽകാൻ എങ്ങനെ കഴിയുമെന്ന സംശയം ഉദ്യോഗസ്ഥർക്കുണ്ട്. ഇതുവരെ 8000 പട്ടയം മാത്രമാണു തയാറായിട്ടുള്ളത്. ഇനി 42,000 പട്ടയം തയാറാക്കണം. വകുപ്പുകളുടെ സംയോജിത പരിശോധന ഉൾപ്പെടെ നടപടികൾ തീർക്കേണ്ട ഭൂമികളുണ്ട്. ഇതിനൊപ്പം വിവിധ ആവശ്യങ്ങൾക്കു സർട്ടിഫിക്കറ്റ് നൽകൽ ഉൾപ്പെടെ പതിവു ജോലികളും റവന്യു ഓഫിസുകളിൽ ചെയ്യാനുണ്ട്.

കത്തിലെ തീയതി നവംബർ 31!

റവന്യു വകുപ്പിലെ ജോലി നിർദേശങ്ങൾ അടിക്കടി മാറ്റുന്നതിന്റെ ആശയക്കുഴപ്പത്തിനൊപ്പം റവന്യു മന്ത്രിയുടെ കത്തിലെ തീയതിയിലും തെറ്റ്. നവംബറിൽ 30 ദിവസം മാത്രമാണെന്നിരിക്കെ നവംബർ 31നകം പട്ടയ മേളകൾ നടത്തണമെന്നു നിർദേശം നൽകിയെന്നാണു അഡീഷനൽ ചീഫ് സെക്രട്ടറിക്കു റവന്യു മന്ത്രിയുടെ കത്തിൽ പറയുന്നത്. 

related stories