Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാദിയയ്ക്കു പഠിക്കാമെന്നു സുപ്രീംകോടതി; സൗകര്യം ഒരുക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍

Hadiya

ന്യൂഡൽഹി∙ പഠനമെന്ന സ്വപ്നം പൂർത്തിയാക്കാൻ ഹാദിയയെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി സുപ്രീംകോടതി. ഹാദിയയെ ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ ഒപ്പം വിടാൻ തയാറാകാതിരുന്ന സുപ്രീംകോടതി, ഡല്‍ഹിയില്‍നിന്ന് സേലത്തെ കോളജിലേക്കു കൊണ്ടുപോവാമെന്നു വ്യക്തമാക്കി. ഷഫിൻ ജഹാനുമായുള്ള വിവാഹം, പിതാവ് അശോകന്റെയും എൻഐഎയുടെയും ആരോപണങ്ങൾ എന്നിവ സുപ്രീംകോടതി തൽക്കാലം പരിഗണിച്ചില്ല. ഹാദിയയ്ക്കു കോളജില്‍ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുമെന്നു സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സേലത്തു ഹാദിയയ്ക്കു ഹോമിയോ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാം. സേലം ശിവരാജ് ഹോമിയോ മെഡിക്കൽ കോളജ് ഡീന്‍ ആണ് താൽക്കാലിക രക്ഷിതാവ്. പഠനച്ചെലവും സുരക്ഷയും തമിഴ്നാട് സര്‍ക്കാരിനാണ്. സേലത്ത് എത്തിക്കേണ്ടത് കേരള സര്‍ക്കാരിന്റെ ചുമതലയാണ്. കോളജ് ഹോസ്റ്റലില്‍ മറ്റു കുട്ടികളോടൊപ്പം താമസസൗകര്യം ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, വിവാഹം റദ്ദാക്കിയ വിധി സ്റ്റേ ചെയ്തില്ലെന്ന് പിതാവ് അശോകന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടു. വിധിയില്‍ പൂര്‍ണസംതൃപ്തിയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

തന്റെ മതവിശ്വാസം അനുസരിച്ചു ജീവിക്കാൻ അനുവദിക്കണമെന്ന് ഹാദിയ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി. തനിക്കു സ്വാതന്ത്ര്യം വേണം. പഠനം പൂർത്തിയാക്കാൻ അനുവദിക്കണം. മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മർദം സഹിക്കാതെയാണു വീടുവിട്ടത്– സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കു പരിഭാഷകന്റെ സഹായത്തോടെ ഹാദിയ മലയാളത്തിൽ മറുപടി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിച്ചത്.

ഭർത്താവ് ഷഫിൻ ജഹാനെ കോളജിലെ രക്ഷകർത്താവാക്കണമെന്ന ആവശ്യവും അദേഹത്തോടൊപ്പം പോകണമെന്ന ആവശ്യവും സുപ്രീംകോടതി തൽക്കാലം അനുവദിച്ചില്ല. മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിൽ പോകാണമെന്ന ആവശ്യവും തള്ളി. ഹാദിയ ആദ്യം പഠനം പൂർത്തിയാക്കുകയാണു വേണ്ടത്. ഹാദിയയെ ഒരു ഡോക്ടറായി കാണാനാണ് ആഗ്രഹമെന്നും സുപ്രീംകോടതി പറഞ്ഞു. ഷഫിൻ ജഹാനുമായുള്ള വിവാഹം സംബന്ധിച്ച കേസ് ജനുവരി മൂന്നാം വാരം വീണ്ടും പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി പരിശോധിക്കാനോ മറ്റു നടപടികളിലേക്കോ സുപ്രീംകോടതി തയാറായില്ല.

പഠനം സർക്കാരിന്റെ ചെലവിൽ വേണമോയെന്ന ചോദ്യത്തിനു ഭർത്താവ് ഷഫിൻ ജഹാനു തന്റെ പഠനച്ചെലവു വഹിക്കാൻ കഴിയുമെന്നു ഹാദിയ മറുപടി നൽകി. ഭർത്താവാണു തന്റെ രക്ഷകർത്താവ്. സർക്കാർ ചെലവിൽ പഠനം പൂർത്തിയാക്കാനില്ലെന്നും ഹാദിയ പറഞ്ഞു. ഷഫിൻ തന്റെ ഭർത്താവാണെന്നും തന്റെ ഇഷ്ടത്തിനാണു മതം മാറിയതെന്നും ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തരോടു ഹാദിയ പറഞ്ഞിരുന്നു.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ കേൾക്കണമെന്നു പിതാവ് അശോകൻ ആവശ്യപ്പെട്ടെങ്കിലും അത്തരം സാഹചര്യമില്ലെന്നു വ്യക്തമാക്കി സുപ്രീംകോടതി നിരസിച്ചു. അശോകന്റെ ആവശ്യത്തെ എൻഐഎയും പിന്തുണച്ചിരുന്നു. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതിയിൽ നടപടികൾ തുടങ്ങിയത്.

Shafin Hadiya

ഹാദിയ സ്വതന്ത്രയായി, ദൈവത്തിനു നന്ദി: ഷഫിന്‍

ഹാദിയ സ്വതന്ത്രയായതില്‍ അങ്ങേയറ്റം സന്തോഷമെന്നു ഷെഫിന്‍ ജഹാന്‍. ഹാദിയ സ്വതന്ത്രയായതിൽ ദൈവത്തിന് നന്ദി പറയുന്നു. ഹാദിയയെ അനധികൃത തടങ്കലില്‍നിന്ന് മോചിപ്പിച്ചത് വിജയം തന്നെയാണ്. ഹോസ്റ്റലില്‍ പോയി കാണുന്നതു നിയമോപദേശം തേടിയശേഷമാകും. വിലക്കില്ലെന്നു തന്നെയാണു വിശ്വാസം. തനിക്കൊപ്പം വിട്ടയക്കണമെന്നു ഹാദിയ പറഞ്ഞതില്‍ എല്ലാമുണ്ടെന്നും ഷെഫിൻ പ്രതികരിച്ചു.

ഹാദിയയ്ക്കു സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രിൻസിപ്പൽ

ഹാദിയക്കു കോളജില്‍ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുമെന്നു സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി.കണ്ണന്‍. സുപ്രീംകോടതി വിധി അറിഞ്ഞിരുന്നു. കോടതിവിധി അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്​. വിധിപകര്‍പ്പു കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കും. ഹാദിയ ഇടയ്ക്കു പഠനം നിര്‍ത്തിയതിനാല്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം​. ഇതിനു രണ്ടാഴ്​ച വേണ്ടി വരും. ഹാദിയ കോളജില്‍ എത്തിയശേഷം അപേക്ഷ നല്‍കണം​. ഇതോടൊപ്പം സുപ്രീംകോടതിവിധി പകര്‍പ്പും ചേര്‍ത്ത് എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്​സിറ്റിക്കു അപേക്ഷ നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

സുപ്രീംകോടതിയിലെ വാദങ്ങളിൽനിന്ന്:

∙ അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന് അശോകന്റെ അഭിഭാഷകന്‍ അഡ്വ. ശ്യാം ദിവാൻ. ഷഫിൻ ജഹാന് ഐഎസ് ബന്ധമുണ്ട്. ഐഎസ് ഏജന്റുമായി ഷഫിൻ ജഹാൻ സംസാരിച്ചതിനു തെളിവുണ്ട്. സംഘടിത മതംമാറ്റത്തിനു വലിയ സംഘടനകൾ പ്രവർത്തിക്കുന്നു.

∙ മഞ്ചേരിയിലെ സത്യസരണിയിൽ നിരവധിപ്പേരെ മതം മാറ്റിയിട്ടുണ്ടെന്ന് എൻഐഎ. സമാനമായ 11 കേസുകളിൽ ഏഴും സത്യസരണിയുമായി ബന്ധപ്പെട്ടവയാണ്. മതപരിവർത്തനത്തിനു വിപുലമായ ശൃംഖലയെന്നും എൻഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്.

∙ കുട്ടിയെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് ഷഫിൻ ജഹാനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ. ഒരു സ്ത്രീക്ക് അവരുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എൻഐഎ അന്വേഷണം കോടതിയലക്ഷ്യമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനു വർഗീയ നിറം നൽകരുത്. ഹാദിയയുടെ ഭാഗം കേൾക്കാതെ വാദം തുടരുന്നതു ദുഃഖകരം. ഹാദിയയെ രഹസ്യമായി കേൾക്കണം. ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ട്.

∙ വാദത്തിനിടെ സുപ്രീംകോടതി സ്റ്റോക്കോം സിൻഡ്രോം പരാമർശിച്ചു. ബന്ദികൾക്കു റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയാണു സ്റ്റോക്കോം സിന്‍ഡ്രോം എന്നറിയപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ തീരുമാനം സ്വന്തമാണെന്നു പറയാനാകില്ല. എന്നാൽ ഹാദിയ കേസുമായി പരാമർശത്തെ ബന്ധപ്പെടുത്തേണ്ടെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ നിരീക്ഷണം.

∙ പെൺകുട്ടിയോടു സംസാരിക്കുന്നതിനു മുൻപായി കോടതി തെളിവുകൾ പരിശോധിക്കണമെന്നു സംസ്ഥാനത്തെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ വി.വി.ഗിരി ആവശ്യപ്പെട്ടു.

related stories