Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമാക്കി യുഎസ്; എതിർപ്പുമായി അറബ് ലോകം

Donald Trump, Israel Map

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കുന്ന സുപ്രധാന നയംമാറ്റവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെൽ അവീവിലുള്ള യുഎസ് എംബസി ജറുസലമിലേക്കു മാറ്റിസ്ഥാപിക്കാനും ഇന്ത്യൻ സമയം അർധരാത്രിയോടെ വൈറ്റ് ഹൗസിൽ നടത്തിയ പ്രഖ്യാപനത്തിലൂടെ ട്രംപ് ഉത്തരവിട്ടു. മധ്യപൂർവേഷ്യയിൽ വ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതും ഇസ്രയേൽ–പലസ്തീൻ സമാധാന ചർച്ചകൾ സ്തംഭിപ്പിക്കുന്നതുമാണു യുഎസിന്റെ നയം മാറ്റം. ഇതിനെതിരെ അറബ് ലോകം ശക്തമായി രംഗത്തെത്തി. യൂറോപ്യൻ യൂണിയനും ഫ്രാൻസിസ് മാർപാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു.

ഇസ്രയേൽ –പലസ്തീൻ പ്രശ്നത്തിനു പുതിയ ദിശാബോധം നൽകുന്നതാണു പ്രഖ്യാപനമെന്നു ട്രംപ് പറഞ്ഞു. രണ്ടു പ്രത്യേക രാജ്യങ്ങളാകാനുള്ള താൽപര്യം ഇരുരാജ്യങ്ങൾക്കുമുണ്ടെങ്കിൽ അത് യുഎസ് അംഗീകരിക്കും. അതിർത്തി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഎസ് അന്തിമ നിലപാട് എടുക്കില്ല. മൂന്നു മതവിശ്വാസികളുടെയും പുണ്യനഗരമായി ജറുസലം തുടരും. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മധ്യപൂർവേഷ്യ ഉടൻ സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇസ്രയേൽ അധിനിവേശ പ്രദേശമായ കിഴക്കൻ ജറുസലമിലെ പഴയ നഗരം ഇസ്‌ലാം, ക്രൈസ്തവ, ജൂത മതവിശ്വാസികളുടെ പുണ്യനഗരമാണ്. സ്വതന്ത്ര പലസ്തീൻ ഉണ്ടാകുമ്പോൾ അതിന്റെ തലസ്ഥാനമായി പലസ്തീൻജനത കരുതുന്ന പ്രദേശമാണിത്. ഇസ്രയേൽ പാർലമെന്റ്, പ്രധാനമന്ത്രിയുടെ വസതി, സുപ്രീം കോടതി തുടങ്ങിയവ  ജറുസലമിൽ ആണെങ്കിലും ഇവിടെ ഒരു രാജ്യത്തിന്റെയും എംബസികൾ പ്രവർത്തിക്കുന്നില്ല.

ട്രംപിന്റെ തീരുമാനം മേഖലയിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കും. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപായി ഡോണൾഡ് ട്രംപ് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോർദാനിലെ അബ്ദുല്ല രാജാവ്, സൗദി അറേബ്യയുടെ സൽമാൻ രാജാവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു.