Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം: ഹൈക്കോടതി

suresh-gopi-2

കൊച്ചി ∙ പോണ്ടിച്ചേരിയിൽ ആഡംബര കാർ റജിസ്ട്രേഷൻ നടത്താൻ വ്യാജ രേഖയുണ്ടാക്കിയെന്ന കേസിൽ സുരേഷ് ഗോപി എംപി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരത്തിൽ നിർദേശം നൽകിയത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കാർ റജിസ്റ്റർ ചെയ്യാൻ സുരേഷ് ഗോപി വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് താരം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്.

ആഡംബര കാറുകൾക്ക് വൻതുക നികുതി നൽകേണ്ടി വരുമെന്നതിനാൽ അതൊഴിവാക്കുന്നതിനാണ് കാർ പോണ്ടിച്ചേരിയില്‍ റജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം. നികുതി വെട്ടിച്ച് വാഹനം റജിസ്റ്റർ ചെയ്തതിന് നടനെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.

പുതുച്ചേരിയിലാണ് സുരേഷ് ഗോപിയുടെ ആഡംബര കാർ റജിസ്റ്റർ ചെയ്തത്. ആരോപണം ഉയർന്നതോടെ വാഹന റജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ സുരേഷ് ഗോപി മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു. എന്നാൽ, രേഖകളിൽ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാൻ തീരുമാനിച്ചത്.

നേരത്തെ സുരേഷ് ഗോപിയടക്കം 70 പേർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകൾ ഇത്തരത്തിൽ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റർ ചെയ്തു കേരളത്തിൽ ഓടുന്നതായാണു കണ്ടെത്തൽ. ഇതിൽ 1178 കാറുകൾ കേരളത്തിൽനിന്ന് വാങ്ങിയ ശേഷം പോണ്ടിച്ചേരിയിൽ കൊണ്ടുപോയി വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തതാണ്.

തിരുവനന്തപുരം ആർടിഒയാണു സുരേഷ് ഗോപി എംപിക്കു നോട്ടിസ് അയച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘പിവൈ 05 എ 99’ എന്ന പോണ്ടിച്ചേരി റജിസ്ട്രേഷൻ ഉള്ള കാർ കേരളത്തിൽ ഓടുന്നതായും ഇതു മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടിസിൽ പറയുന്നു. ശാസ്തമംഗലത്തെ വിലാസത്തിൽ താമസക്കാരനായതിനാൽ ഈ വാഹനം കേരളത്തിൽ റജിസ്റ്റർ ചെയ്തു നികുതി അടയ്ക്കേണ്ടതായിരുന്നു.

related stories