Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന റജിസ്ട്രേഷൻ തട്ടിപ്പ്: സുരേഷ് ഗോപിക്കും അമലയ്ക്കുമെതിരെ കുറ്റപത്രം

Suresh-Gopi--Amala-Paul

തിരുവനന്തപുരം∙ പുതുച്ചേരി വാഹന റജിസ്ട്രേഷൻ തട്ടിപ്പു കേസിൽ സുരേഷ് ഗോപി എംപിയെയും നടി അമല പോളിനെയും പ്രതികളാക്കി കുറ്റപത്രം തയാറാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. വെട്ടിച്ച നികുതി പിഴയായി തിരിച്ചടച്ച നടൻ ഫഹദ് ഫാസിലിനെതിരായ നടപടി തുടരണമോയെന്നു സർക്കാരിന്റെ അഭിപ്രായം തേടും.

സർക്കാർ സമയപരിധി നൽകിയിട്ടും പിഴ അടയ്ക്കാത്ത മുഴുവൻ വാഹന ഉടമകൾക്കുമെതിരെ കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു കാറുകൾ റജിസ്റ്റർ ചെയ്തു 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചുവെന്നാണു സുരേഷ് ഗോപിക്കെതിരായ കേസ്. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണു കാറുകൾ റജിസ്റ്റർ ചെയ്തതെന്നാണു ക്രൈംബ്രാഞ്ചിനു സുരേഷ് ഗോപി മൊഴി നൽകിയിരുന്നത്. എന്നാൽ ആ വിലാസത്തിൽ ഭൂമി ഇല്ലെന്നു കണ്ടെത്തി.

പുതുച്ചേരിയിൽ സിനിമാ ചിത്രീകരണത്തിനു പോകുമ്പോൾ താമസിക്കാറുള്ള സ്ഥിരം വാടകവീടിന്റെ വിലാസത്തിലാണു കാർ റജിസ്റ്റർ ചെയ്തതെന്നാണ് അമല പോളിന്റെ മൊഴി. എന്നാൽ അമല നൽകിയ വിലാസത്തിൽ മറ്റു പലരും കാർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. അമല 25 ലക്ഷം രൂപ നികുതി വെട്ടിച്ചുവെന്നാണു കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് എന്നീ വകുപ്പുകൾ ചേർത്തു കുറ്റപത്രം തയാറാക്കാൻ തീരുമാനിച്ചത്. രണ്ടു കാറുകളുടെ റജിസ്ട്രേഷനിലൂടെ ഫഹദ് ഫാസിൽ 16 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചിരുന്നു. വിവരം പുറത്തു വന്നതോടെ നിയമം അറിയാത്തതുകൊണ്ടു സംഭവിച്ച വീഴ്ചയാണെന്നു സമ്മതിച്ച് അദ്ദേഹം 19 ലക്ഷം രൂപ പിഴ നൽകി. സുരേഷ് ഗോപിക്കും അമലയ്ക്കും പുറമെ, നികുതി വെട്ടിച്ച ഒൻപതു കാർ ഷോറൂം ഉടമകൾക്കെതിരെയും കുറ്റപത്രം നൽകും.

related stories