Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുവർണചകോരം വാജിബിന്; ഇരട്ട പുരസ്കാരങ്ങളുമായി ഏദനും ന്യൂട്ടനും

IFFK 2017 വാജിബിന്റെ സംവിധായക ആൻമരിയ വാസിർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുന്നു

തിരുവനന്തപുരം ∙ ശക്തമായ രാഷ്ട്രീയം പറഞ്ഞ പലസ്തീൻ ചിത്രം വാജിബിന് സുവർണ ചകോരം. കേരളത്തിന്റെ ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ( 15 ലക്ഷം രൂപ) വാജിബിന്റെ സംവിധായക ആൻമരിയ വാസിർ മന്ത്രി തോമസ് ഐസക്കിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച സംവിധായികയ്ക്കുള്ള രജതചകോരം അനുജ ബൂന്യവാട്നയും (മലില) നവാഗത സംവിധായകനുള്ള രജതചകോരം സഞ്ജു സുരേന്ദ്രനും (ഏദൻ) കരസ്ഥമാക്കി. മാർകോ മുള്ളർ അധ്യക്ഷനായുള്ള ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മൽസര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുമുള്‍പ്പെടെ 14 സിനിമകളുണ്ടായിരുന്നു. ജൂറി അംഗങ്ങളായ ടി.വി.ചന്ദ്രന്‍, കാര്‍ലോസ് മൊറെ, അലക്‌സാണ്ടര്‍ സൊകുറൊവ് എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു. 14 മൽസരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.

ഫ്രഞ്ച് സംവിധായകനായ റോള്‍പെക്കിന്റെ ദ് യങ് കാള്‍മാര്‍ക്‌സും റഷ്യന്‍ ചിത്രം ലവ്‌ലെസും ഇറാനിയന്‍ ചിത്രം കുപാലും ലോകസിനിമാ വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടി. വൈകിട്ട് നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.

പുരസ്കാരങ്ങൾ നേടിയവർ:

∙ സുവർണചകോരം: വാജിബ് (സംവിധാനം– ആൻമരിയ വാസിർ)
∙ പ്രേക്ഷക പുരസ്കാരം: ഐ സ്റ്റിൽ ഹൈഡ് ടു സ്മോക് (സംവിധാനം– റയാന ഒബർമെയർ)
∙ നവാഗത സംവിധായകനുള്ള രജതചകോരം: സഞ്ജു സുരേന്ദ്രൻ (ഏദൻ)
∙ മികച്ച സംവിധായികയ്ക്കുള്ള രജതചകോരം: അനുജ ബൂന്യവാട്ന (മലില)
∙ പ്രത്യേക ജൂറി പുരസ്കാരം: കാൻഡലേറിയ (സംവിധാനം– ജോണി ഹെൻട്രിക്സ്)
∙ ഫിപ്രസ്കി പുരസ്കാരം (മൽസര വിഭാഗം): ന്യൂട്ടൻ (സംവിധാനം– അമിത് വി. മസൂർകർ)
∙ ഫിപ്രസ്കി പുരസ്കാരം (മലയാളം): ഏദൻ (സംവിധാനം– സഞ്ജു സുരേന്ദ്രൻ)
∙ നെറ്റ്പാക് പുരസ്കാരം (മൽസര വിഭാഗം): ന്യൂട്ടൻ (സംവിധാനം– അമിത് വി. മസൂർകർ)
∙ നെറ്റ്പാക് പുരസ്കാരം (മലയാളം): തൊണ്ടിമുതലും ദൃക്സാക്ഷിയും (സംവിധാനം– ദിലീഷ് പോത്തൻ)