Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട് ഒന്നിച്ചു, പൊലീസ് കൈക്കോർത്തു; മൂന്നര മണിക്കൂറിനുള്ളിൽ കോയമ്പത്തൂരിൽ

ambulance

കൽപറ്റ ∙ വാഹനാപകടത്തിൽ അറ്റുവീണ് പിടഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൈപ്പത്തി ശരീരത്തിൽ തുന്നിച്ചേർക്കണം. മൂന്നുമണിക്കൂറിനുള്ളിൽ കൽപറ്റയിൽ നിന്നു കോയമ്പത്തൂരിലെത്തണമെന്നു ഡോക്ടർമാർ. ആ ദൗത്യത്തിനു വഴിയൊരുക്കാൻ നാടാകെ ഒരുമിക്കുകയായിരുന്നു. പരുക്കേറ്റ ചൂതുപാറ തേക്കുംകാട്ടിൽ വിജേഷിന്റെ (32) ശസ്ത്രക്രിയ വിജയകരമാകാനുള്ള കാത്തിരിപ്പാണിനി.

പതിനൊന്നരയോടെയാണ് കൽപറ്റ എസ്കെഎംജെ സ്കൂളിനു സമീപത്തുവച്ച് വിജേഷ് സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചത്. ൈക അറ്റുപോയ വിജേഷിനെ ഉടൻ തന്നെ കൽപറ്റ ലിയോ ആശുപത്രിയിൽ എത്തിച്ചു. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിൽ മൂന്നുമണിക്കൂറിനുള്ളിൽ എത്തിച്ചാൽ കൈകൾ തുന്നിച്ചേർക്കാമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. തകർന്നുകിടക്കുന്ന ചുരവും തിരക്കേറിയ പട്ടണങ്ങളുമായിരുന്നു എല്ലാവരുടെയും മനസിലെ വെല്ലുവിളി.

വഴിയൊരുക്കിത്തന്നാൽ താൻ പോകാമെന്നായി സാലി കാര്യമ്പാടിയെന്ന ആംബുലൻസ് ഡ്രൈവർ. ചൈൽഡ് പ്രൊട്ടക്ട് കേരള ടീം നേതൃത്വം ഏറ്റെടുത്തു. പന്ത്രണ്ടരയോടെ കൽപറ്റയിൽ നിന്നു പുറപ്പെട്ടു. ആംബുലൻസിന് വഴിയൊരുക്കാനായി വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കി. അവർ ഏല്ലാ പ്രദേശത്തെയും പ്രാദേശിക ഗ്രൂപ്പുകളിലേയ്ക്ക് വിവരങ്ങൾ കൈമാറി. റേഡിയോ മാംഗോയും കൃത്യമായ സമയത്ത് അറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു.

തിരക്കേറിയ താമരശ്ശേരിയും മുക്കവും അരീക്കോടും മണ്ണാർക്കാടും പാലക്കാടുമെല്ലാം തിരക്കിനെ പാതയോരത്തേയ്ക്ക് ഒതുക്കി. കേരള പൊലീസിന്റെ പൈലറ്റിനും എസ്കോർ‌ട്ടിനു പുറമേ തമിഴ്നാട് പൊലീസും തമിഴ്നാട് അതിർത്തി മുതൽ വഴി തെളിക്കാനെത്തി. മൂന്നുമണിക്കൂർ 20 മിനിറ്റുകൊണ്ട് കോയമ്പത്തൂരിൽ എത്തിയപ്പോഴേയ്ക്കും ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കിയിരുന്നു.

ഏറെ സങ്കീർണമായ ശസ്ത്രക്രിയ രാത്രിയും തുടരുകയാണ്. മലയാള മനോരമ മാനികാവ് ഏജന്റ് വിശ്വനാഥന്റെ മകനാണ് പരുക്കേറ്റ വിജേഷ്. വയനാട് പോലെയുള്ള ജില്ലകളിൽ എയർ ആംബുലൻസിന്റെ സേവനം അത്യാവശ്യമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം കേരള പറയുന്നു. ഇതുപോലെയുള്ള അത്യാവശ്യ സാഹചര്യങ്ങളിൽ ചൈൽഡ് പ്രൊട്ടക്ട് ടീമിനെ വിളിക്കാം. നമ്പർ–8281998415.

related stories