Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോയമ്പത്തൂർ സ്ഫോടനം: മലയാളിയായ പ്രതി 20 വർഷത്തിനു ശേഷം പിടിയിൽ

nuhu കോയമ്പത്തൂർ സ്ഫോടനക്കേസിൽ 20 വർഷത്തിനു ശേഷം അറസ്റ്റിലായ നൂഹു

കോയമ്പത്തൂർ∙ 59 പേർ കൊല്ലപ്പെടുകയും 200ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരക്കേസിൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന മലയാളി പ്രതി 20 വർഷത്തിനു ശേഷം പിടിയിലായി. കോഴിക്കോട്ടെ നൂഹു (മാങ്കാവ് റഷീദ് – 44) ആണു പിടിയിലായത്. തിങ്കളാഴ്ച രാത്രി വിദേശത്തു നിന്നു ചെന്നൈയിൽ വിമാനമിറങ്ങിയ നൂഹുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ പ്രതികൾക്ക് അഭയം നൽകിയെന്നതിനടക്കം വിവിധ വകുപ്പുകളിൽ നൂഹുവിനെതിരെ കേസെടുത്തിരുന്നു. 

1998 ഫെബ്രുവരി 14ന് അന്നത്തെ ബിജെപി അധ്യക്ഷൻ എൽ.കെ. അഡ്വാനി ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു നഗരത്തിലെത്തുന്നതിന് അൽപം മുൻപായിരുന്നു ആദ്യ സ്ഫോടനം. അഡ്വാനി നിശ്ചയിച്ച സമയത്തിലും അൽപം വൈകിയെത്തിയതു കൊണ്ടാണു രക്ഷപ്പെട്ടത്. 14 മുതൽ 17 വരെ 19 സ്ഫോടനങ്ങൾ നടന്നു.

ആകെ 166 പ്രതികളുണ്ടായിരുന്ന കേസിൽ നിരോധിത സംഘടനയായ അൽ ഉമ്മയുടെ സ്ഥാപകൻ എസ്.എ.ബാഷ ഒന്നാം പ്രതിയും പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനി 14ാം പ്രതിയുമായിരുന്നു. ഒൻപതു വർഷവും മൂന്നു മാസവും വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞ മഅദനിയെ കുറ്റക്കാരനല്ലെന്നു കണ്ട് 2007 ഓഗസ്റ്റ് ഒന്നിന് പ്രത്യേക കോടതി വിട്ടയച്ചു. കോയമ്പത്തൂർ അഞ്ചാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നൂഹുവിനെ 24വരെ റിമാൻഡ് ചെയ്തു.

related stories