Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പത്മാവത്’ നിരോധിച്ചതിനെതിരെ നിർമാതാക്കൾ സുപ്രീംകോടതിയിൽ

Padmavat

ന്യൂഡൽഹി∙ നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ നിർമാതാക്കളായ വിയകോം സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ചിട്ടും റിലീസ് തടയുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നിരോധനം നീക്കി ഈ മാസം ഇരുപത്തിയഞ്ചിന് രാജ്യവ്യാപകമായി റിലീസ് അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത്, ദീപിക പദുകോണും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കർണി സേനയുടെ കടുത്ത പ്രതിഷേധമാണു വൻവിവാദമായതും റിലീസ് വൈകിച്ചതും. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടർന്നു ചരിത്ര വിദഗ്ധരുൾപ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സർട്ടിഫിക്കേഷൻ ലഭിച്ചത്. പത്മാവതി എന്നതിനു പകരം പത്മാവത് എന്ന് പേരു മാറ്റാനും നിർദേശിച്ചിരുന്നു. എന്നാൽ സെൻസർ ബോർഡ് അനുവദിച്ചിട്ടും രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ വിലക്കിയിരുന്നു.