Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മണികർണിക’ സിനിമയിൽ വിവാദ പ്രണയരംഗങ്ങളില്ലെന്നു നിർമാതാവ്

manikarnika മണികർണിക സിനിമയില്‍ കങ്കണ റണൗട്ട്

ജയ്പൂർ∙ കങ്കണ റണൗട്ട് മുഖ്യവേഷത്തിലെത്തുന്ന ‘മണികർണിക’ എന്ന ചലച്ചിത്രത്തിൽ വിവാദ രംഗങ്ങളൊന്നുമില്ലെന്ന് നിർമാതാവ്. സിനിമയിൽ ബ്രിട്ടീഷുകാരുമായി പ്രണയ രംഗങ്ങളോ, പാട്ടുകളോ ഒന്നും തന്നെയില്ല. ചരിത്ര വസ്തുതകൾ വളച്ചൊടിച്ചിട്ടും ഇല്ല. റാണി ലക്ഷ്മി ഭായിയെക്കുറിച്ചു ജയ്ശ്രീ മിശ്ര പോലുള്ള എഴുത്തുകാരുടെ വിവാദപരാമർശങ്ങളൊന്നും സിനിമയിൽ എവിടെയും ഉൾക്കൊള്ളിച്ചിട്ടില്ല– നിർമാതാവ് കമൽ ജെയ്ൻ പറഞ്ഞു.

സർവ് ബ്രാഹ്മിൺ‌ മഹാസഭയാണ് മണികർണിക സിനിമയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സിനിമയിൽ റാണി ലക്ഷ്മിഭായിയും ബ്രിട്ടീഷ് ഏജന്റും തമ്മിലുള്ള പ്രണയരംഗങ്ങളും പാട്ടുകളും അണിയറ പ്രവർത്തകർ ചിത്രീകരിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ഇക്കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്ങിന് സംഘടന പ്രതിനിധികൾ പരാതി നൽകിയിരുന്നു. 

‘ബാഹുബലി’, ‘ബജ്‍രംഗി ഭായ്ജാൻ’ തുടങ്ങിയ സിനിമകൾക്കു വേണ്ടി ഗവേഷണം നടത്തിയ പ്രമുഖ ചരിത്രകാരൻമാരെ ഉൾപ്പെടുത്തിയാണ് ‘മണികർണിക’ സിനിമയുടെ കഥ തയ്യാറാക്കിയത്. പ്രസൂൺ ജോഷിയാണ് സിനിമയുടെ സംഭാഷണ രചന. റാണി ലക്ഷ്മി ഭായിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് സിനിമയൊരുക്കുന്നതെന്നും കമൽ ജെയ്ൻ വ്യക്തമാക്കി. സഞ്ജയ് ലീലാ ബൻസാലിയുടെ ‘പദ്മാവത്’ സിനിമയ്ക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവന്നതിനു പിന്നാലെയാണ് ‘മണികർണിക’യ്ക്കെതിരെയും വിമർശനങ്ങളുണ്ടായത്. സുപ്രീം കോടതി വിധിയുണ്ടായിട്ടും പല സംസ്ഥാനങ്ങളിലും ‘പദ്മാവത്’ പ്രദർശിപ്പിക്കുന്നില്ല.