Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ല, ‘പത്മാവതി’നെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല: മലക്കം മറിഞ്ഞ് കർണിസേന

Lokendra-Singh-Kalvi വിവാദ ബോളിവുഡ് ചിത്രം ‘പത്മാവതി’നെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കർണിസേനാ നേതാവ് ലോകേന്ദ്ര സിങ് കാൽവി മാധ്യമങ്ങളെ കണ്ടപ്പോൾ.

ന്യൂഡൽഹി∙ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവതി’നെതിരായ പ്രതിഷേധം അവസാനിപ്പിച്ചെന്ന റിപ്പോർട്ടുകൾ തള്ളി കർണിസേന രംഗത്ത്. ‘പത്മാവതി’നെതിരായ സമരത്തിന് നേതൃത്വം നൽകുന്ന ലോകേന്ദ്ര സിങ് കാൽവി, സുഖ്ദേവ് സിങ് ഗോഗമതി എന്നിവരാണ് പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ തള്ളി രംഗത്തെത്തിയത്. വിവാദ ചിത്രത്തിനെതിരായ എതിർപ്പ് ഇപ്പോഴുമുണ്ടെന്നും പ്രതിഷേധം തുടരുമെന്നും നേതാക്കൾ അറിയിച്ചു.

കർണിസേനയുടെ മുംബൈ ഘടകം ചിത്രത്തിനെതിരായ പ്രതിഷേധം അവസാനിപ്പിച്ചതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും വിശദീകരണവുമായി രംഗത്തെത്തിയത്. ‘പത്മാവത്’ രജപുത്രരെ വാഴ്ത്തുന്ന സിനിമയാണെന്ന് ചിത്രം കണ്ടവർ സാക്ഷ്യപ്പെടുത്തിയതിനാൽ സമരം പിൻവലിക്കുകയാണെന്നു കാട്ടി കർണിസേനയുടെ മുംബൈ ഘടകം ചിത്രത്തിന്റെ നിർമാതാക്കൾക്ക് കത്തു നൽകിയെന്നായിരുന്നു റിപ്പോർട്ട്.

കർണിസേനയുടെ മുംബൈയിലെ നേതാവ് യോഗേന്ദ്ര സിങ് ഒപ്പിട്ട കത്ത് പുറത്തുവരികയും ചെയ്തിരുന്നു. കര്‍ണിസേനയിൽപ്പെട്ടവർ ചിത്രം കണ്ടെന്നും മോശമായിട്ടൊന്നുമില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഉപാധികളില്ലാതെ സമരം പിൻവലിക്കുകയാണെന്നുമായിരുന്നു കത്തിലെ വിശദീകരണം.

എന്നാൽ, മുംബൈ ഘടകത്തിന്റേതായി ഇത്തരമൊരു നിർദ്ദേശം ഒരിടത്തേക്കും പോയിട്ടില്ലെന്ന് ഗോഗമതി വ്യക്തമാക്കി. പ്രതിഷേധം നിർത്താൻ ഞാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ല. സമരം ഇപ്പോഴും തുടരുകയാണ്. ഈ പറയുന്ന കത്തിൽ പേരും ഒപ്പുമുള്ള എല്ലാവരെയും സംഘടനയിൽനിന്ന് പുറത്താക്കിയിട്ടുണ്ട് – ഗോഗമതി വിശദീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്തിൽ യാതൊരു വാസ്തവവുമില്ലെന്നും ഗോഗമതി വ്യക്തമാക്കി.

ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും രജപുത്രരുടെ അഭിമാനം ചോദ്യം ചെയ്തുവെന്നും ഉൾപ്പെടെ വിമർശിച്ചു പത്മാവത് ചിത്രത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണു കർണിസേന നടത്തിവരുന്നത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചിത്രം പ്രദർശിപ്പിക്കില്ലെന്നുവരെ പറഞ്ഞു രംഗത്തെത്തി. ഒടുവിൽ കോടതി ഇടപെട്ടാണു ചിത്രം റിലീസ് ചെയ്തത്. റീ–സെൻസർ ചെയ്ത ചിത്രത്തിൽനിന്ന് ഇരുപതിലേറെ രംഗങ്ങൾ വെട്ടിമാറ്റുകയും ചെയ്തു.