Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ബിനോയ് അവിടെ നിന്നോട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല': ബിനീഷ് കോടിയേരി

Binoy-Bineesh ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി

തിരുവനന്തപുരം ∙ ബിനോയ് കോടിയേരിക്കു യാത്രാവിലക്കുണ്ടെന്ന മനോരമ ന്യൂസ് വാർത്ത സ്ഥിരീകരിച്ച് സഹോദരൻ ബിനീഷ് കോടിയേരി. ഒരു മില്യൺ ദിര്‍ഹത്തിനുള്ള കേസ് നിലവിലുള്ളതായി ബിനീഷ് വ്യക്തമാക്കി. ബിനോയ്ക്ക് ദുബായിൽ യാത്രാവിലക്കുണ്ടെന്നും ഇതിനെതിരെ ഒരാഴ്ചയ്ക്കകം അപ്പീൽ നൽകുമെന്നും ബിനീഷ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

‘ബിനോയ് ദുബായിൽ നിൽക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ലെ’ന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ബിനീഷ് പറഞ്ഞു. മക്കള്‍ ചെയ്തതിന് അച്ഛന്‍ എങ്ങനെ തെറ്റുകാരനാകുമെന്നും ബിനീഷ് ചോദിച്ചു.

ബിനോയ്ക്കെതിരെ ദുബായിൽ കേസില്ല എന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു മില്യണിന്റെ കേസ് മാത്രമേ ഉള്ളൂ എന്നാണ് ആദ്യം മുതലേ പറയുന്നത്. അത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 1.72 കോടി രൂപ വരും. അതിനു പകരം 13 കോടിയുടെ തട്ടിപ്പെന്നൊക്കെ പറഞ്ഞ് അനാവശ്യമായി പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ബിനോയ്ക്ക് വീണ്ടും അപ്പീൽ നൽകാം. അങ്ങനെ വരുമ്പോൾ യാത്രാവിലക്കുമായി ബന്ധപ്പെട്ട് എന്താണ് ഭാവി നടപടിയെന്ന് കോടതി തീരുമാനിക്കും. ദുബായിൽനിന്ന് ഇന്ത്യയിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ പോകുന്നതിനാണ് തടസ്സം. കേസ് തീരുന്നതുവരെ കേസുമായി അവൻ അവിടെത്തന്നെ മുന്നോട്ടു പോകട്ടെയെന്നും ബിനീഷ് പറഞ്ഞു.

പാർട്ടി സമ്മേളനം നടക്കുമ്പോൾ ഇത്തരം കാര്യങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടു വരുന്നതൊക്കെ എന്തിനാണെന്നറിയാമെന്നും ബിനീഷ് പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതൊക്കെ കാണുന്നതാണ്. തൽക്കാലം 1.72 കോടി രൂപ നൽകാൻ തങ്ങളുടെ കയ്യിലില്ലെന്നും ബിനീഷ് വ്യക്തമാക്കി.

സാമ്പത്തികതട്ടിപ്പു കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. ആരോപണം ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ പരാതിയില്‍ ഈ മാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ദുബായിലുള്ള ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. പണം നല്‍കുകയോ കേസ് തീര്‍പ്പാക്കുകയോ വേണം.

ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്. മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മര്‍സൂഖി ഇന്ത്യയില്‍ത്തന്നെ തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയ്‌ കോടിയേരി പതിമൂന്നും ശ്രീജിത്ത് പതിനൊന്ന് കോടിയും നൽകാനുണ്ടെന്നാണ് പരാതിക്കാരായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.