Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് ചർച്ച ചെയ്യാതിരുന്നതിൽ വിമർശനം

binoy-kodiyeri ബിനോയ് കോടിയേരി

കൊല്ലം ∙ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായിലെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുണ്ടായ വിവാദം പാർട്ടി സംസ്ഥാന സമ്മേളനം ചർച്ച ചെയ്യാതിരുന്നതിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. കമ്യൂണിസ്റ്റ് മൂല്യങ്ങളെ തകർക്കുന്ന വിധത്തിലാണു ചില നേതാക്കളുടെ മക്കളുടെ ജീവിതശൈലി. ഈ വിഷയം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്നും വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.എൻ.ബാലഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

സംസ്ഥാന സമ്മേളന റിവ്യൂ റിപ്പോർട്ട് അവതരണമായിരുന്നു യോഗത്തിന്റെ പ്രധാന അജൻഡ. പാർട്ടി ജില്ലാ സമ്മേളനങ്ങളിലൊന്നും ഇതുസംബന്ധിച്ച ചർച്ചയുണ്ടായില്ലെന്നും ഇപ്പോൾ ഇവിടെ മാത്രമാണ് ചർച്ചയുണ്ടായതെന്നും മറുപടി പറഞ്ഞ ആനത്തലവട്ടം വിശദീകരിച്ചു. കോടിയേരിയുടെ മകനു ദുബായിൽ കടക്കാൻ കഴിയില്ലെന്ന മട്ടിലായിരുന്നു പ്രചാരണം. പക്ഷേ കോടിയേരിയുടെ മകൻ ഇപ്പോഴും ദുബായിലുണ്ട് - ആനത്തലവട്ടം പറഞ്ഞു. കെ.എം. മാണിയുടെ കേരള കോൺഗ്രസിനെ ഒരുകാരണവശാലും ഇടതുമുന്നണിയുടെ ഭാഗമാക്കരുതെന്നും നിർദേശമുയർന്നു.

കയർ, കശുവണ്ടി, കൈത്തറി, നിർമാണ മേഖലകൾ സ്തംഭനത്തിലാണെന്നു ജില്ലാ കമ്മിറ്റിയംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതു സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപിച്ചിട്ടുണ്ട്. റേഷൻ വിഷയത്തിൽ കേന്ദ്ര സർക്കാർ ആവശ്യത്തിന് അരി ലഭ്യമാക്കാത്തതാണു പ്രശ്നമെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനായിട്ടില്ല. ക്ഷേമപെൻഷനുകളുടെ കാര്യത്തിലും പരാതിയുണ്ടെന്നും അംഗങ്ങൾ പറഞ്ഞു.