Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതയോരത്തെ കള്ളുഷാപ്പുകൾ തുറക്കാം; സർക്കാരിനു തീരുമാനിക്കാം: സുപ്രീംകോടതി

toddy-shop പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ പാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്നു സുപ്രീംകോടതി. നേരത്തെ ഇളവുനൽകിയ വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടും. ഏതൊക്കെ കള്ളുഷാപ്പുകൾ തുറക്കാമെന്നു സർക്കാരിനു തീരുമാനിക്കാം. ദേശീയ, സംസ്ഥാന പാതകളുടെ സമീപത്തെ മദ്യവിൽപനയ്ക്കുള്ള നിയന്ത്രണത്തിൽ സുപ്രീംകോടതി നേരത്തെ ഇളവുകൾ വരുത്തിയിരുന്നു.

പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യവിൽപനശാലകൾ തുടങ്ങാമെന്നും ഇത്തരം പട്ടണങ്ങൾ ഏതൊക്കെയെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ റോയ്, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ പഞ്ചായത്തുകളിലും വികസന അതോറിറ്റി പ്രദേശങ്ങളിലും നിലവിലുള്ള വികസനം കണക്കിലെടുത്ത് അവ മദ്യശാലകൾ തുടങ്ങാവുന്ന പട്ടണങ്ങളാണോയെന്ന് അതതു സംസ്ഥാന സർക്കാരുകൾക്കു തീരുമാനിക്കാമെന്നാണു കോടതി വ്യക്തമാക്കിയത്.

ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്നു 2015 ഡിസംബർ 15നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഗരപാതകളെ ഈ ദൂരപരിധിയിൽ നിന്നൊഴിവാക്കി പിന്നീട് ഉത്തരവു പുറപ്പെടുവിച്ചു. ഈ ഇളവ് മുനിസിപ്പൽ മേഖലകൾക്കു കൂടി അനുവദിക്കണമെന്നു വിവിധ സംസ്ഥാനങ്ങൾ ഹർജി നൽകിയതിനെ തുടർന്നു 2017 മാർച്ച് 31നും ജൂലൈ 11നും കോടതി അനുകൂല ഉത്തരവുകൾ നൽകി.