Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബവ്റിജസ്: തൽക്കാലം നിയമനം പാടില്ലെന്നു സുപ്രീം കോടതി

AFP_Q21PI

ന്യൂഡൽഹി∙ ചാരായ നിരോധനത്തോടെ തൊഴിൽ നഷ്ടപ്പെട്ടവരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തുള്ള ഹർജികൾ തീർപ്പാക്കുംവരെ സംസ്ഥാന ബവ്റിജസ് കോർപറേഷനിൽ തൊഴിലാളി നിയമനങ്ങൾ നടത്താൻ പാടില്ലെന്നു സുപ്രീം കോടതി. സർക്കാരിന്റെയും ബവ്റിജസ് കോർപറേഷന്റെയും ഹർജികളാണു നിലവിലുള്ളത്.

ബവ്റിജസ് കോർപറേഷനിലെ ഒഴിവുകളിൽ 25%, ചാരായ നിരോധനം നടപ്പാക്കിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവർക്കായി നീക്കിവയ്ക്കണമെന്ന 2002ലെ ഉത്തരവിനെതിരെയുള്ളതാണു ഹർജികൾ. കേസ് നിലവിലുള്ളപ്പോഴും രാഷ്ട്രീയ പിന്തുണയോടെ നിയമനങ്ങൾ തുടരുകയാണെന്നാരോപിച്ചു സുൽത്താൻ‍ ബത്തേരിയിൽനിന്നുള്ള എം.കെ.ബാബു നൽകിയ അപേക്ഷയാണു ജസ്റ്റിസ് മദൻ ബി.ലൊക്കൂർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

കേസ് അടുത്തമാസം ഒൻപതിനു വീണ്ടും പരിഗണിക്കും. ബവ്റിജസ് കോർപറേഷനുവേണ്ടി തോമസ് പി.ജോസഫും സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും അപേക്ഷകനുവേണ്ടി വി.കെ.ബിജുവും ഹാജരായി.