Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെവ്കോ അവധി ബാറുകൾ ‘കൊണ്ടാടി’; തിരുവോണത്തിന് 60 കോടിയിലേറെ

Bar

തിരുവനന്തപുരം∙ തിരുവോണത്തിനു സർക്കാരിന്റെ ചില്ലറ മദ്യവിൽപനശാലകൾ അടച്ചിട്ടതുവഴി ബാർ ഉടമകൾക്കു ലഭിച്ചത് 60 കോടിയിലേറെ രൂപ. ബവ്റിജസ് കോർപറേഷനിലെ തൊഴിലാളികൾ തിരുവോണത്തിന് അവധി ആവശ്യപ്പെടാറുണ്ട്. വർഷങ്ങളായുള്ള ആവശ്യമെന്ന നിലയിൽ അതു നടപ്പാക്കിയപ്പോഴാണു ബാറുകാർ കോടികൾ കൊയ്തത്.

കഴിഞ്ഞ തിരുവോണത്തിനു ബവ്റിജസ് കോർപറേഷൻ മാത്രം 49 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. കൺസ്യൂമർഫെഡിന്റെ വിൽപന 12 കോടി രൂപ. ബവ്റിജസ് കോർപറേഷൻ ഇത്തവണ ഉത്രാടത്തിനു 45.78 കോടി രൂപയുടെ മദ്യമാണു വിറ്റത്. കഴിഞ്ഞ ഉത്രാടദിനത്തിലെ വിൽപന 44 കോടിയും. ഈ വർഷം തിരുവോണത്തിന് അവധിയായിരുന്നതിനാൽ ഉത്രാടത്തിനു വലിയ വിൽപന കണക്കു കൂട്ടിയിരുന്നു.

തിരുവോണത്തിനു ബാറുകൾ തുറക്കുന്നതിനാൽ ഉപയോക്താക്കൾ തലേന്നു ചില്ലറ വിൽപനശാലകളിൽ തിരക്കു കൂട്ടിയില്ല. തിരുവോണ ദിവസം ബാറുകളിൽ നല്ല തിരക്കായിരുന്നു. ബവ്റിജസ് കോർപറേഷനെക്കാൾ മൂന്നിരട്ടി വിലയ്ക്കാണു ബാറുകളിൽ മദ്യം വിൽക്കുന്നത്.

സർക്കാർ മദ്യവിൽപനയ്ക്ക് അവധി പ്രഖ്യാപിച്ചാൽ എല്ലാ സ്ഥാപനങ്ങൾക്കും അതു ബാധകമായിരിക്കും. ഇത്തവണ മാത്രമാണു ബാറുകൾക്കു മാത്രം പ്രവർത്തനാനുമതി നൽകിയത്. സംസ്ഥാനത്തു നിലവിൽ 429 ബാറുകളുണ്ട്.