Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളുഷാപ്പുകൾക്കു ലേലമില്ല; സർക്കാരിനു നഷ്ടം കോടികൾ

toddy-shop

കൊല്ലം ∙ ഏറ്റെടുക്കാൻ ആളില്ലെന്ന പേരിൽ കള്ളുഷാപ്പുകളുടെ പൊതുലേലം വേണ്ടെന്നു വച്ചതുവഴി സംസ്ഥാന സർക്കാരിനു കോടികളുടെ നഷ്ടം. ഏറ്റെടുക്കാൻ ആളില്ലെന്നു പറയുമ്പോഴും പലയിടത്തും ബെനാമി പേരുകളിൽ ഷാപ്പുകൾ പ്രവർത്തിക്കുന്നതായി എക്സൈസ് വകുപ്പിനു വിവരം. ഒടുവിൽ ലേലം നടന്ന 2000-01ൽ സർക്കാരിനു ലഭിച്ച വരുമാനം 146 കോടി (145,98,81,878 രൂപ) യാണെന്നു വിവരാവകാശ രേഖകൾ പറയുന്നു. ലേലം നടക്കാതിരുന്ന കഴിഞ്ഞ 18 വർഷങ്ങളിൽ ലഭിക്കേണ്ടിയിരുന്ന വരുമാനം ഈ കണക്കനുസരിച്ചു കൂട്ടിയാൽ നഷ്ടം 2500 കോടി കവിയും. ഷാപ്പുകൾ ലേലത്തിലെടുക്കാൻ ആളില്ലാത്തതിനാലും കച്ചവടം കുറഞ്ഞതിനാലും ലേലത്തിൽ വച്ചാലും ഈ തുക കിട്ടില്ലെന്നാണു സർക്കാർ വിശദീകരണം.

എന്നാൽ ലേലം ഒഴിവാക്കിയതിലൂടെ സർക്കാരിനു റവന്യൂ നഷ്ടമുണ്ടായിട്ടുണ്ടെന്നു വിവരാവകാശ രേഖകളിലൂടെ സർക്കാർ സമ്മതിക്കുകയും ചെയ്യുന്നു.  സംസ്ഥാനത്താകെ 5812 കള്ളുഷാപ്പുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ അയ്യായിരത്തിലേറെ പ്രവർത്തിക്കുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ വ്യക്തികൾക്കോ പഴയ ചാരായഷാപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരടങ്ങിയ സമിതികൾക്കോ വാടകത്തുക നിശ്ചയിച്ചു നൽകുകയാണ് ഇപ്പോൾ. ഇതിന്റെ മറവിൽ പലയിടത്തും സിഐടിയു ഉൾപ്പെടെയുള്ള ഭരണാനുകൂല യൂണിയൻ നേതാക്കളുടെ ബെനാമികൾ ഷാപ്പുകൾ നടത്തുന്നതായി എക്സൈസ് വകുപ്പിനു വിവരമുണ്ട്. സർക്കാരിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണു ലൈസൻസ് പുതുക്കി നൽകുന്നത് എന്നതിനാൽ എക്സൈസ് വകുപ്പിന് ഒന്നും ചെയ്യാനാവുന്നില്ല.

തൊഴിലാളി സമിതികൾക്കു ഷാപ്പ് നടത്താൻ അനുമതി നൽകുന്നത് 500 രൂപ നിരക്ക് നിശ്ചയിച്ചാണ്. വ്യക്തികൾക്കാണെങ്കിൽ ഷാപ്പിലെ തൊഴിലാളികളുടെ ഒരു മാസത്തെ വേതനം, പിഎഫ് വിഹിതം, കച്ചവടത്തിന്റെ തോത് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കും.  തൊഴിലാളിയെക്കൊണ്ടു ലൈസൻസ് എടുപ്പിച്ചശേഷം സിഐടിയു നേതാവ് ഉൾപ്പെടെയുള്ളവരുടെ ബെനാമികൾ തലസ്ഥാന ജില്ലയിൽ അടക്കം ഷാപ്പ് നടത്തുന്നുണ്ട്.  തൃശൂർ, കോട്ടയം, കണ്ണൂർ ജില്ലകളിലും ബെനാമി ഷാപ്പുകൾ വ്യാപകമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.

സർക്കാർ പറയുന്നത്:

വിവരാവകാശനിയമ പ്രകാരമുള്ള ചോദ്യത്തിനു മറുപടി: ‘തൊഴിലാളികളുടെ ക്ഷേമത്തിനും ശുദ്ധമായ കള്ളു വിതരണം ചെയ്യുന്നതിനും വേണ്ടിയാണു കള്ളുഷാപ്പുകൾക്കു നിശ്ചിത വാടകത്തുക നിശ്ചയിച്ച് ലേലം ഒഴിവാക്കി കള്ളുഷാപ്പുകൾ വിൽപന നടത്തുന്നതിനു സർക്കാർ തീരുമാനിച്ചത്. ഇപ്രകാരം വിൽപന നടത്തുന്നതിലൂടെ സർക്കാരിനു റവന്യൂവരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്’.

related stories