Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുഃഖവെള്ളിയുടെ പറുദീസാ അനുഭവം; ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു

Author Details
Jesus Christ

പത്തു സെക്കൻഡിൽ പറുദീസ ലഭിച്ച അനുഭവമാണ് ദുഃഖവെള്ളി. ലോകചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത വിസ്താരവും വിധിപറച്ചിലും. 12 മണിക്കൂറിനുള്ളിൽ ആറു കോടതികളിൽ. മഹാപുരോഹിതൻ ഹന്നായുടെ മുൻപിൽ, പിന്നീട് മരുമകൻ കയ്യാഫായുടെ അടുക്കൽ, സന്നിദ്രിസംഘത്തിൽ, പീലാത്തോസിന്റെ അടുക്കൽ, ഗലീലക്കാരൻ ആണെന്ന് അറിഞ്ഞ് ഹേരോദാവിന്റെയടുക്കലേക്ക്. വീണ്ടും പീലാത്തോസിന്റെയടുക്കൽ. 

ലോകചരിത്രത്തിൽ രാത്രിയിൽ കോടതികൂടിയത് ഇതുവരെ കേട്ടിട്ടേയില്ല. തൂക്കുവിളക്കിന്റെ വെളിച്ചത്തിൽ ‘ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു’ എന്നുപറഞ്ഞ നിഷ്കളങ്കനെ തൂക്കാൻ വിധിച്ചു.

24 മണിക്കൂറിനുള്ളിൽ നിവൃത്തിയാക്കപ്പെട്ട പ്രവചനങ്ങൾ 25 എണ്ണം. ആകെ പ്രവചനങ്ങൾ 333. 25 ൽ ഒന്നാമത്തേത് 30 വെള്ളിക്കാശിന് അവൻ വിൽക്കപ്പെടുന്നു. ഇരുപത്തിയഞ്ചാമത്തേത് അവൻ ഒരു ധനവാന്റെ കല്ലറയിൽ അടക്കപ്പെടണം.

സ്നേഹത്തിന്റെയും വാൽസല്യത്തിന്റെയും സന്തോഷത്തിന്റെയും സർവോപരി ആത്മാർഥതയുടെയും പ്രതീകമായിരുന്ന ചുംബനത്തിന്റെ വില ഇടിച്ച് കളഞ്ഞവനാണ് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാ. കാപട്യത്തിന്റെ പ്രതീകം, പവിത്രമായ ആചാരം മലിനപ്പെടുത്തിയവൻ.

ലോകത്തിൽ മൂന്ന് ആശകൾ ഉണ്ട്. പൊന്നാശ, പെണ്ണാശ, മണ്ണാശ– മറ്റൊന്ന് നിരാശ. നിരാശക്കാരൻ കയറിൽ തൂങ്ങിയാടും. 24 കാരറ്റ് വിലയുള്ള ‘ശേബാ’ പൊന്നിനെക്കാൾ വിലയുള്ള പൊന്നു കർത്താവിന് ഒരടിമയുടെ വിലയിട്ടവന്റെ ഛിന്നഭിന്നമായ ജീവിതം. എന്റെ മടിശീലയ്ക്ക് മനഃസാക്ഷിയുടെ മണമുണ്ടാകരുത്.

ജീവിതത്തിന്റെ താളം തെറ്റിയവരെയും ഒറ്റപ്പെട്ടു പോയവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് എല്ലാവരെയും ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചവനാണെങ്കിലും ഒരു കുടിലുപോലും സ്വന്തമായി ഇല്ലായിരുന്നു യേശുവിന്. പിറന്നത് പെരുവഴിയിൽ, കിടന്നത് കാലിത്തൊഴുത്തിൽ, അന്തിയുറങ്ങിയത് അമരത്ത് തലയണവച്ച്, മരിച്ചത് കുരിശിന്റെ വിരിമാറിൽ. അടക്കത്തിന് ആറടിമണ്ണുപോലും ഇല്ലായിരുന്നു. കടം വാങ്ങിയ കല്ലറ.

അവനോളം പോന്ന ഒരു രാജാവ് ഇന്നുവരെ ഉണ്ടായിട്ടില്ല. അവന് പടയോട്ടവും പടച്ചട്ടയും ഇല്ല. പാവപ്പെട്ടവന്റെ ഹൃദയങ്ങളെ സ്നേഹംകൊണ്ട് കീഴടക്കി. കുരിശുമരണം കൊണ്ട് ബന്ധവിരോധികളായിരുന്നവരെ ഒരുമിപ്പിക്കുന്നു. ഹേരോദാവും പീലിപ്പോസും സ്നേഹിതന്മാരായി.

നമുക്ക് ഈ ക്രിസ്തു ആരാണ്? സമൂഹത്തിലെ വിജാതീയർ, ചുങ്കക്കാർ, പാപികൾ തുടങ്ങിയവരെ ചേർത്തുനിർത്തി പാവങ്ങളെ ഉദ്ധരിച്ചവൻ.

ക്ഷമയുടെ ആൾരൂപം. ഗെത്ത്ശെമന എന്ന വാക്കിന്റെ അർത്ഥം എണ്ണച്ചക്ക്. മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, യഹൂദപ്രമാണിമാർ, ഇവരുടെയെല്ലാം ക്രോധത്തിന്റെ ചക്കിൽ ഇട്ട് ഒരുത്തനെ ആട്ടിയിട്ട് അവന്റെ രക്തം ഊറ്റി എടുക്കുകയാണ്. കോടതി വിരുദ്ധനടപടികൾ ഒന്നും പറയാതെ കുഞ്ഞാടിനെപോലെ കുനിഞ്ഞുനിൽക്കുന്ന യേശുവിന്റെ വസ്ത്രംപോലും ഊരിയെടുക്കുന്നു.

ഇടതും വലതും കിടന്ന കള്ളന്മാർ രണ്ടും പേരും യേശുവിനെ പരിഹസിച്ചു. ഒരുവൻ യേശുവിനെ ശ്രദ്ധിക്കുന്നു. ക്ഷമിക്കണമേ എന്ന് അപേക്ഷിക്കുന്നു. ഈ കള്ളനല്ലാതെ മറ്റു ചിലരും യേശുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. പൊലീസ് സേനയിലെ ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു ശതാധിപൻ– ഇവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറയുന്നു. റോമാ ഗവൺമെന്റിന്റെ ഗവർണർ –ഇവനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല. ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്നു പറയുന്നു. പീലാത്തോസിന്റെ ഭാര്യ ഓർമിപ്പിക്കുന്നു– ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്.

ഒരു പ്രതിസന്ധി വന്നപ്പോൾ ഓടി ഒളിച്ചവർ പലരും ഉണ്ട്. എന്തെല്ലാം സംഭവിച്ചാലും അങ്ങയുടെ കൂടെ ഒരു പാറപോലെ ഉറച്ച് നിൽക്കാമെന്നു പറഞ്ഞ പത്രോസ് ഓടി ഒളിക്കുന്നു. മൂന്നു തവണ തള്ളിപ്പറയുന്നു. പക്ഷെ അവൻ തിരികെ വന്ന് പാറപോലെ ദൈവസാക്ഷ്യത്തിനായി അവസാനം രക്തസാക്ഷിയായി. 

ഗോതമ്പു മണി നിലത്തു വീണു ചാകാനുള്ള വയലാണ് ജറുസലം. കുഴിച്ചിട്ട്, അഴുകി, കിളർത്ത്, വളർന്ന് ഫലം കായ്ച്ചു. ആ ഫലമോ ‘ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട്’ എന്ന ഉറപ്പുമായി ഈസ്റ്ററിന്റെ പ്രത്യാശ നിറഞ്ഞ കാത്തിരിപ്പായി മാറുന്നു. 

(പത്തനംതിട്ട കുറിയന്നൂർ എംടിഎച്ച് എസിലെ മുൻ അധ്യാപകനും ബൈബിൾ ഗവേഷകനുമാണു ലേഖകൻ. തടിയൂർ സ്വദേശി)