Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതിയിൽ മാപ്പുമായി ഠാക്കൂർ

INDIA-CRICKET-COURT-FILES

ന്യൂഡൽഹി ∙ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിനു ബിസിസിഐ മുൻ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ സുപ്രീം കോടതിയോടു നിരുപാധികം മാപ്പു പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ താൻ ഒരിക്കലും ആലോചിചിട്ടില്ലെന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുൻപാകെ അനുരാഗ് വ്യക്തമാക്കി.

ബിസിസിഐയിലെ ബാഹ്യ ഇടപെടലിനെ അപലപിച്ചു രാജ്യാന്തര ക്രിക്കറ്റ് സമിതിയിൽ (ഐസിസി) നിന്ന് കത്ത് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിനെതിരെ അനുരാഗ് സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നു നേരത്തേ തെളിഞ്ഞിരുന്നു. അങ്ങനെയൊരു കത്ത് താൻ ആവശ്യപ്പെട്ടില്ലെന്നു സത്യവാങ്മൂലത്തിൽ അനുരാഗ് വ്യക്തമാക്കിയെങ്കിലും യാഥാർഥ്യം നേരേ മറിച്ചാണെന്നു തെളിഞ്ഞതോടെ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി നടപടി സ്വീകരിക്കുകയായിരുന്നു.

അനുരാഗ് നിരുപാധികം ക്ഷമ ചോദിച്ച സാഹചര്യത്തിൽ, വിഷയത്തിൽ അടുത്ത വാദം കേൾക്കുന്നതു കോടതി ഏപ്രിൽ 17ലേക്കു മാറ്റി. ഇതിനിടെ, ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും തമ്മിൽ യോഗം ചേരുന്ന വിഷയത്തിൽ ബിസിസിഐയും ഇടക്കാല ഭരണസമിതിയും കോടതിയിൽ കൊമ്പുകോർത്തു. വരാനിരിക്കുന്ന ഐസിസി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചു ധാരണയിലെത്താൻ സംസ്ഥാന അസോസിയേഷനുകളുമായി യോഗം ചേരുന്നതിനു ബിസിസിഐയെ അനുവദിക്കണമെന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ, ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ പൂർണമായി അംഗീകരിക്കുമെന്ന ഉറപ്പു സംസ്ഥാന അസോസിയേഷനുകൾ നൽകിയാൽ മാത്രമേ, യോഗത്തിന് അനുമതി നൽകാനാവൂ എന്നു ഭരണസമിതി വാദിച്ചു.

ഐസിസിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് അർഹമായ വരുമാന വിഹിതം ലഭിക്കുന്നതിനു വഴിയൊരുക്കാൻ യോഗം ചേരേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം, ബോർഡിനു വൻ വരുമാന നഷ്ടമുണ്ടാകുമെന്നും സിബൽ ചൂണ്ടിക്കാട്ടി. യോഗം ചേരണമെന്നു ശഠിക്കുന്നവർ സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിക്കുകയാണെന്നും ലോധ ശുപാർശകൾ അംഗീകരിക്കുമെന്ന ഉറപ്പ് പോലും അവർ നൽകിയിട്ടില്ലെന്നും ഭരണസമിതിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പരഗ് ത്രിപാഠി പറഞ്ഞു. വൻ സമ്പത്ത് കൈവശമുള്ളവർ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാൻ പോലും തയാറാവുന്നില്ല. അവരുടെ പക്കൽ കണക്കിൽപ്പെടാത്ത വലിയ തുകയുണ്ട് – ത്രിപാഠി ചൂണ്ടിക്കാട്ടി.

ലോധ ശുപാർശകൾ പാലിക്കുമെന്ന ഉറപ്പ് നൽകാൻ സംസ്ഥാന അസോസിയേഷനുകൾ ബാധ്യസ്ഥരാണെന്നു കേസിൽ സുപ്രീം കോടതിയെ സഹായിക്കുന്ന അമിക്യസ് ക്യൂരി ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും ആവശ്യപ്രകാരം തങ്ങൾക്ക് മരണ വാറണ്ടിൽ ഒപ്പിടാനാവില്ലെന്നു സിബൽ തിരിച്ചടിച്ചു. വരുമാന വിഷയത്തിൽ ഇടക്കാല ഭരണസമിതി ഐസിസിയുമായി ചർച്ച നടത്തട്ടേയെന്നും എന്നാൽ, ബിസിസിഐയ്ക്കോ സർക്കാരിനോ നഷ്ടമുണ്ടാവില്ലെന്ന് അവർക്ക് ഉറപ്പു നൽകാനാവണമെന്നും സിബൽ വ്യക്തമാക്കി. വിഷയം ഈ മാസം 20നു കോടതി വീണ്ടും പരിഗണിക്കും.