Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ജീവിതവും ഒരു സാരോപദേശകഥ

bs-warrier

മൂന്നുവയസ്സിൽ അമ്മയും എട്ടുവയസ്സിൽ അച്ഛനും മരിച്ചൊരു ബാലൻ! വാടിയോ കരിഞ്ഞോ പോകാമായിരുന്ന ജീവിതത്തെ അവന്റെ നിശ്ചയദാർഢ്യം വടവൃക്ഷമായി വളർത്തിയെടുത്തു. അവൻ കൊണ്ട വെയിൽ പിന്നെ ഒരുപാടു പേർക്കു തണലായി. എന്തുപഠിക്കണമെന്നു തീരുമാനിക്കേണ്ടി വരുമ്പോൾ, തിരഞ്ഞെടുത്ത വഴി ശരിയോ എന്ന് സംശയിക്കുമ്പോൾ, ജോലിക്കു തിടുക്കപ്പെടുമ്പോൾ, ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ...ഒക്കെ കുട്ടികളും രക്ഷിതാക്കളും ഇന്ന് ആ വാക്കുകൾക്കു കാതോർക്കുന്നു. കരിയർ ഗുരു, കരിയർ കൺസൽറ്റന്റ്, വിദ്യാഭ്യാസ വിദഗ്ധൻ എന്നൊക്കെ സൗകര്യംപോലെ വിശേഷിപ്പിക്കാവുന്ന ബി.ശ്രീധരവാരിയർ എന്ന ബി.എസ്. വാരിയർക്ക് സെപ്റ്റംബർ 23ന് എൺപതു വയസ്സാകുന്നു.

ഉച്ചഭക്ഷണമില്ലാതെ 36 വർഷം

നിശ്ചയദാർഢ്യമാണ് ഓരോ ഘട്ടത്തിലും ബിഎസ്.വാരിയരുടെ ജീവിതത്തെ വഴിതിരിച്ചു വിട്ടതെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. സൗദി അറേബ്യയിലെ ജിദ്ദയിൽ ജോലി ചെയ്തിരുന്ന കാലത്ത് സസ്യഭക്ഷണം കിട്ടാൻ നിവൃത്തിയില്ലാഞ്ഞപ്പോൾ അദ്ദേഹം ചെയ്തത് ഉച്ചഭക്ഷണമേ വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നുമാത്രമല്ല, മുപ്പത്താറു വർഷമായി ആ തീരുമാനം അണുവിട തെറ്റാതെ പാലിക്കുന്നു. ഇത്തരം ‘കടുത്ത’ തീരുമാനങ്ങൾ മുൻപും അദ്ദേഹം എടുത്തിട്ടുണ്ട്...

മാന്നാർ നായർ സമാജം ഇംഗ്ലിഷ് ഹൈസ്കൂളിലും ആലപ്പുഴ സനാതനധർമ വിദ്യാശാലയിലും എസ്ഡി കോളജിലും പഠിച്ചശേഷം തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തിറങ്ങിയ ശ്രീധരവാരിയർ 1959ൽ വൈദ്യുതിബോർഡിൽ ഉദ്യോഗസ്ഥനായി. പെരിങ്ങൽകുത്ത്-പള്ളിവാസൽ പദ്ധതിയുടെ ഓപ്പറേഷൻസ്–മെയിന്റനൻസ് എൻജിനീയറായി പ്രവർത്തിച്ചു. അധ്യാപനത്തോടുള്ള താൽപര്യം അടക്കിവയ്ക്കാനാവാതെവന്നപ്പോൾ 1962ൽ ജോലി രാജിവച്ച് കോട്ടയം ഗവ. പോളിടെക്നിക് കോളജിൽ ലക്ചററായി.

1976ൽ തിരുവനന്തപുരത്തും പിന്നീട് പെരിന്തൽമണ്ണയിലും പോളിടെക്നിക് പ്രിൻസിപ്പലായി. ഇടയ്ക്ക് സർക്കാർ സർവീസിൽനിന്ന് അവധിയെടുത്ത് ജിദ്ദ സീപോർട്ടിൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയറായി അഞ്ചുവർഷം ജോലി ചെയ്തു. മടുത്തപ്പോൾ മടങ്ങിവന്നു. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ജോയിന്റ് ഡയറക്ടറായിരിക്കെ വിരമിക്കാൻ രണ്ടുവർഷം ബാക്കിനിൽക്കുമ്പോൾ ജോലി രാജിവച്ചു. പിന്നീട് പൂർണമായും എഴുത്തും വായനയുമായി ജീവിതം. തിരുവനന്തപുരം പിടിപി നഗറിലെ മുപ്പതുവർഷത്തെ ഓർമകളോടു വിടപറഞ്ഞ് കൊച്ചിയിൽ അറ്റ്ലാന്റിസ് ജംക്‌ഷനിലെ ‘സങ്കേത’ത്തിലേക്കു ജീവിതം പറിച്ചുനട്ടു.

കന്നിയിലെ അശ്വതിനാളുകാരന്റെ വഴി പണ്ടേ തിരിച്ചറിഞ്ഞിട്ടാവാം, അച്ഛൻ ചുനക്കര കെ.രാമവാരിയർ ഏഴുവയസ്സിൽത്തന്നെ മകനെ സിദ്ധരൂപവും അമരകോശവും വാല്മീകി രാമായണവും പഠിപ്പിച്ചത്. സംസ്കൃതത്തിലും ഇംഗ്ലിഷിലും പ്രാവീണ്യമുള്ള മലയാളം മുൻഷി മാത്രമായിരുന്നില്ല, ‘രാധ’, ‘അമരസിംഹൻ’, ‘ശ്രീവിശാഖൻ’ എന്നീ ആഖ്യായികകൾ രചിച്ച സാഹിത്യകാരൻ കൂടിയായിരുന്നു രാമവാരിയർ. ഭാര്യ പാറുക്കുട്ടിയമ്മയുടെ മരണത്തിനുശേഷം മക്കൾ നാലുപേരെയും തന്നോടു ചേർത്തുപിടിക്കാൻ ശ്രമിച്ചെങ്കിലും രാമവാരിയർക്ക് അതിനു വിധിയില്ലായിരുന്നു.

പതിനൊന്നാം വയസ്സിൽ, സി. രാജഗോപാലാചാരിയെ വിമർശിച്ച് ഇന്ത്യൻ എക്സ്പ്രസിൽ കത്തെഴുതിയതാണ് എഴുത്തിന്റെ തുടക്കമെന്ന് ബി.എസ്. വാരിയർ ഓർക്കുന്നു. വൈദ്യുതിവകുപ്പിൽ എൻജിനീയറായിരിക്കെ 1960ൽ മനോരമ ആഴ്ചപ്പതിപ്പിൽ ‘വൈദ്യുതാഘാതം’ എന്ന ലേഖനമെഴുതിയതോടെയാണ് എഴുത്തിലേക്കു ഗൗരവത്തോടെ തിരിയുന്നത്. ‘കുട്ടികളെ എങ്ങനെ വളർത്താം’ എന്ന ലേഖനമായിരുന്നു അടുത്തത്. പിന്നീട്, പി.ഭാസ്കരൻ പത്രാധിപരായിരുന്ന ദീപിക ആഴ്ചപ്പതിപ്പിൽ ശാസ്ത്രക്കുറിപ്പു പംക്തിയിലേക്ക് എഴുത്തു വളർന്നു. കലാകൗമുദിയിൽ കഥയും കവിതയുമൊക്കെ എഴുതിയെങ്കിലും പിന്നീട് കരിയർ മേഖലയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

സാങ്കേതികത്വം ലളിതമായി

സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുമ്പോൾ, എൻജിനീയറിങ് പ്രവേശനത്തിന്റെ പ്രോസ്പെക്ടസ് കുട്ടികൾക്കു മനസ്സിലാവുന്നില്ല എന്നു മനസ്സിലാക്കി അതിനെപ്പറ്റി പത്രത്തിൽ വിശദീകരിച്ചെഴുതിയതോടെയാണ് കരിയർ-വിദ്യാഭ്യാസ മേഖലയിലേക്കുള്ള നിയോഗം തിരിച്ചറിയുന്നത്. മനോരമ പത്രാധിപർ കെ.എം.മാത്യു ആവശ്യപ്പെട്ടതനുസരിച്ച് 1991ഓഗസ്റ്റ് എട്ടിലെ പത്രത്തിൽ ‘കംപ്യൂട്ടർ രംഗത്ത് കൈനിറയെ ജോലി’ ‘എന്ന ലേഖനമെഴുതി. തുടർച്ചയായി എഴുതാമോ എന്നു ചോദിച്ചപ്പോൾ സമ്മതം മൂളാൻ മടിച്ചില്ല. 26 വർഷമായി മുടങ്ങാതെ മനോരമയിൽ എഴുതുന്നു. ആദ്യകാലത്ത് ‘മനോരമ’യ്ക്കു പുറമെ ‘മാതൃഭൂമി’, ‘ദ് ഹിന്ദു’, ‘ഇന്ത്യൻ എക്സ്പ്രസ്’ എന്നിവയിലും എഴുതുമായിരുന്നു. പിന്നെ അതു മലയാളത്തിൽ മനോരമയ്ക്കും ഇംഗ്ലിഷിൽ ഹിന്ദുവിനും മാത്രമായി ചുരുക്കി.

ആദ്യകാലത്ത് കരിയർ ലേഖനങ്ങളെഴുതാൻ‍ വിവരം ലഭിക്കുക വളരെ പ്രയാസമായിരുന്നെന്നു ബി.എസ്.വാരിയർ ഓർക്കുന്നു. ദിവസവും അഞ്ചോ ആറോ സ്ഥാപനങ്ങൾക്ക് ഇതിനായി കത്തെഴുതും. ചിലർ ബ്രോഷർ അയച്ചുകൊടുക്കും. ചിലർ അവഗണിക്കും. പക്ഷേ, എഴുത്തു തുടർന്നതോടെ, ഒരുപാടുപേർക്കു പ്രയോജനപ്പെടുന്നതായി തിരിച്ചറിഞ്ഞ് പലരും ചോദിക്കാതെ പുതിയ കോഴ്സിന്റെ വിശദാംശങ്ങൾ അയച്ചുതുടങ്ങി. പത്രത്തിലെ പംക്തി വായിച്ച് വിദേശത്തും സ്വദേശത്തും ജോലി നേടിയ പലരും തേടിവരികയും നന്ദിപറയുകയും ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് അദ്ദേഹം പറയും.

ഇംഗ്ലിഷിലും മലയാളത്തിലുമായി ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ച ബി.എസ്.വാരിയരുടെ രചനകൾക്ക് ആവശ്യക്കാരേറെയാണ്. ‘ആ ജോലി എങ്ങനെ നേടാം’, ‘വിജയത്തിന്റെ പടവുകൾ’,‘പഠിച്ചു മിടുക്കരാകാം’, ‘Studying Abroad-All You Wanted to know’, ‘Steps to Your Dream Career’,‘The Golden Path to Civil Services’ തുടങ്ങിയവ ഉദാഹരണം. ഇതിനിടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ‘വൈദ്യുത ഉപയോജനം’, ‘എൻജിനീയറിങ് പദാർഥങ്ങൾ’,‘ എസി എൻജിനീയറിങ്’ തുടങ്ങിയ പുസ്തങ്ങളും എഴുതി.

പുസ്തകങ്ങളുടെ കൈപിടിച്ച്

തൊഴിൽ നേടാനുള്ള വിവരം നൽകിയാൽ മാത്രം പോരാ, അതു നേടിയെടുക്കാൻ ആത്മവിശ്വാസം പകരുക കൂടി ചെയ്യേണ്ടതു തന്റെ കടമയാണെന്ന തിരിച്ചറിവിൽനിന്നാണ് അത്തരം പംക്തികളിലേക്കും പ്രഭാഷണങ്ങളിലേക്കും ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. പുസ്തകം വായിക്കുമ്പോൾ കുറിപ്പെടുക്കുന്ന ശീലം പണ്ടേയുള്ളതിനാൽ വിവരങ്ങൾക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടായില്ല. അമ്മവീടിനടുത്തുള്ള ആലപ്പുഴയിലെ ‘ആനന്ദപ്രദായിനി’ വായനശാലയും മുനിസിപ്പൽ ലൈബ്രറിയും വളക്കൂറിട്ടു വളർത്തിയ വായനയെ പിന്നീട് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയും യൂണിവേഴ്സിറ്റി ലൈബ്രറിയും ബ്രിട്ടിഷ് ലൈബ്രറിയും പോഷിപ്പിച്ചു. ബ്രിട്ടിഷ് ലൈബ്രറി പൂട്ടിയപ്പോൾ ഏറ്റവും ദുഃഖിച്ചൊരാൾ ബിഎസ്. വാരിയരാകും. തൊട്ടടുത്തദിവസംതന്നെ അദ്ദേഹം ചെന്നൈയിലെ യുഎസ് ലൈബ്രറിയിൽ അംഗത്വമെടുത്തു. കാളിദാസനും മാഘനും മാത്രമല്ല, ഷേക്സ്പിയറും വേഡ്സ്‍വർത്തും മുതൽ തകഴിയും കാരൂരും വരെ അദ്ദേഹത്തിന് ഒരുപോലെ പ്രിയം. വായനയുടെ ഈ കരുത്തിൽനിന്നാണ് ‘366 ഉൾക്കാഴ്ചകൾ’, ‘ജീവിതവിജയവും ആത്മവിശ്വാസവും’, ‘വിജയത്തിലേക്കൊരു വാതിൽ’ തുടങ്ങിയ പുസ്തകങ്ങൾ പിറവിയെടുക്കുന്നത്.

ബാസ്കറ്റ് ബോളിലും വോളിബോളിലും കമ്പമുണ്ടായിരുന്നതിനാൽ ആദ്യകാലത്ത് സ്പോർട്സ് കമന്റേറ്ററായും അനൗൺസറായും ശ്രദ്ധനേടിയിരുന്നു. ആകാശവാണിക്കുവേണ്ടി ഇംഗ്ലിഷിലും മലയാളത്തിലും കമന്ററി പറഞ്ഞു. ‘അത്‌ലറ്റിക് നിയമങ്ങൾ’ എന്ന പേരിൽ ഒരുപുസ്തകംതന്നെ അക്കാലത്ത് അദ്ദേഹം രചിച്ചിട്ടുണ്ട്. 

എഴുത്തിന്റെ മികവിന് അംഗീകാരങ്ങളും തേടിയെത്തി. കേരളസർക്കാരിന്റെയും സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെയും പുരസ്കാരങ്ങൾ, മികച്ച എൻജിനീയറിങ് അധ്യാപകനുള്ള പ്രഥമ സംഗമ ഗ്രാമ മാധവ പുരസ്കാരം...അവ നീളുന്നു,

ബി.എസ്.വാരിയർക്ക് എൺപതു വയസ്സായെന്ന് അടുത്തറിയാവുന്നവർ പോലും വിശ്വസിക്കണമെന്നില്ല. കാരണം, പ്രായം ഈ നിമിഷംവരെ അദ്ദേഹത്തിന്റെ മനസ്സിനെയോ ശരീരത്തെയോ തെല്ലും തളർത്തിയിട്ടില്ല. ജീവിതശൈലീ രോഗങ്ങളൊന്നും പടിപ്പുരമുറ്റത്തുകൂടിപ്പോലും പോയിട്ടില്ല ഇപ്പോഴും ദിവസം കുറഞ്ഞതു പതിന്നാലു മണിക്കൂർ വായനയ്ക്കോ എഴുത്തിനോ നീക്കിവയ്ക്കും. രാത്രി ഒന്നരയ്ക്കു കിടന്നാൽ രാവിലെ കൃത്യം ആറിന് എഴുന്നേൽക്കും. വൈകുന്നേരം മുക്കാൽമണിക്കൂർ നടത്തം. കൊച്ചിയിൽനിന്നു കോയമ്പത്തൂരിനും കന്യാകുമാരിക്കും തനിയെ കാറോടിച്ചുപോകും.

ഭാര്യ മാധുരി കെഎസ്ആർടിസി ഉദ്യോഗസ്ഥയായിരുന്നു. രണ്ട് ആൺമക്കൾ. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്നു പഠിച്ചിറങ്ങിയ മൂത്തമകൻ എസ്.ആർ.വാരിയർ ജനറൽ ഇൻഷുറൻസ് മേഖലയിൽ വിദഗ്ധനാണ്. ഇളയ മകൻ എസ്.എസ്.വാരിയർ ട്രാവൽ പ്രഫഷൻ രംഗത്തു സജീവം.

സങ്കടം ഒന്നുമാത്രം

എൺപതാം വയസ്സിന്റെ പടവിൽ നിൽക്കുമ്പോൾ ബി.എസ്.വാരിയർക്ക് സങ്കടം ഒന്നുമാത്രം: ഇക്കണ്ട കാലമത്രയും താൻ എഴുതിയിട്ടും കേരളത്തിലെ രക്ഷാകർത്താക്കളുടെ മനസ്സിനു മാറ്റമുണ്ടായില്ലല്ലോ എന്ന്. തനിക്കു കിട്ടാതെപോയത്, അയലത്തെ വീട്ടിലെ കുട്ടിക്കു കിട്ടിയത് ഒക്കെ തന്റെ മക്കൾക്കും നേടിക്കൊടുക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസമേഖലയെ തകർക്കുന്നതെന്ന് ബി.എസ്.വാരിയർ നിരീക്ഷിക്കുന്നു. മക്കളെ അവരുടെ അഭിരുചിക്കിണങ്ങുന്ന വഴിയേ വിടുമ്പോഴേ പുതുതലമുറ കരുത്തരാകൂ എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.