Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവന്റ് മാനേജ്മെന്റ്

കഥ–ടി. കെ. ശങ്കരനാരായണൻ
sunday-story

വൈദ്യുതിശ്മശാനത്തിൽ ഇന്നിനി ശവദാഹം നടക്കില്ലെന്നുറപ്പായപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത ഒരാശയക്കുഴപ്പത്തിൽ അഗ്രഹാരം ആടി. ശവമെടുപ്പ് കഴിഞ്ഞിട്ടേ കോവിൽനട തുറക്കാൻ പാടുള്ളൂ എന്നാണ് ഗ്രാമച്ചട്ടം.

നാളെ വൃശ്ചികം ഒന്ന്. അതിരാവിലെ അയ്യപ്പന്മാർ മാലയിടാൻ വരുന്ന മാസം. ധർമശാസ്താവാണ് ഗ്രാമക്കോവിലിലെ മൂലബിംബം. ഒരു ശവമെടുപ്പിന്റെ പേരിൽ കോവിൽനട തുറക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ അതിൽപരം ഗ്രഹപ്പിഴ വേറെയില്ല. വരാനിരിക്കുന്ന എന്തോ അത്യാപത്തിന്റെ നാന്ദി, ദുശ്ശകുനം.

‘‘എന്നാ നമുക്ക് പൊതുസ്മശാനത്തുക്ക് കൊണ്ടുപോറോം...’’

അയ്യപ്പഭക്തനായ കൃഷ്ണമൂർത്തി തന്റെ ആലോചന മറച്ചുപിടിച്ചില്ല.

ആറു കിലോമീറ്ററപ്പുറത്ത് മാട്ടുമന്തയിലാണ് ബ്രാഹ്മണർക്കുള്ള പൊതുശ്മശാനം. കണ്ടാൽ ഭയം തോന്നുന്ന, പാഴ്ചെടികൾ വളർന്ന ഭൂപ്രദേശം. രാത്രികാലങ്ങളിൽ ചെന്നായ്ക്കളുടെ വിഹാരകേന്ദ്രം. ശവങ്ങൾ എരിയുമ്പോൾ മഴ നനയാതിരിക്കാൻ പൊളിഞ്ഞുവീഴാറായ ഒരു ഷെഡ് മാത്രം ചുടുകാട്ടിൽ കൺതുറിച്ചു നിന്നു. പണക്കാരനും പാവപ്പെട്ടവനും രോഗിയും അപകടത്തിൽ ജീവൻ വെടിഞ്ഞവനും വേദപണ്ഡിതനും ശമയൽക്കാരനും ഈ ഷെഡിൽ കത്തിയമർന്നു.

പൊതുശ്മശാനം എന്ന കൃഷ്ണമൂർത്തിയുടെ നിർദേശം കേട്ടതും ആച്ചു അയ്യരുടെ പെൺമക്കൾ കണ്ണീർ ഉപേക്ഷിച്ച് ഒരു ഞെട്ടലിൽ വിരമിച്ചു. മരിച്ചുകിടക്കുന്ന അച്ഛൻ കണ്ണുതുറന്ന് ചുറ്റും നോക്കുന്നതുപോലെ അവർക്ക് തോന്നി. വൈദ്യുതിശ്മശാനത്തിൽ ദഹിപ്പിക്കണമെന്നത് അയ്യരുടെ അന്ത്യാഭിലാഷമായിരുന്നു. മരണക്കിടക്കയിൽ അതു പറയുകയും ചെയ്തു.

പൊതുശ്മശാനത്തിൽ പല പൊണങ്ങളും ശരിക്കു വേവുന്നില്ലെന്നാണ് ഗ്രാമ അഭിപ്രായം. വേവാത്ത ഭാഗങ്ങൾ ചെന്നായ്ക്കൾക്ക് വിരുന്നാണത്രേ. അതുകൊണ്ടാവാം ആച്ചു അയ്യർ ഇങ്ങനെയൊരു ശാഠ്യം മുന്നോട്ടുവച്ചത്.

‘‘അപ്പാവോട് ലാസ്റ്റ് ഡിസയർ...’’ ഗിരിജ കണ്ണു തുടച്ചു.

സ്ഥലം എംഎൽഎ വിചാരിച്ചാൽ കാര്യം നടക്കുമോ എന്ന് സീത അന്വേഷിച്ചു.

‘‘നമ്മ എമ്മെല്ലെ ആള് ലഫ്റ്റാക്കും,’’ വാഞ്ചി അയ്യർ തന്റെ ബോധ്യം തുറന്നടിച്ചു. ‘‘അവൻ പോയി നമ്മ ആളുകള് ഹെൽപ് പണ്ണുവനാ’’?

ആ സാധ്യതയും അടഞ്ഞപ്പോൾ ഇനി എന്തു ചെയ്യും എന്നായി പെൺമക്കൾ.

‘‘എങ്ക ക്രിമേറ്റ് പണ്ണിനാ എന്നാ?,’’ വൈത്തി ഇടപെട്ടു. ‘‘ചത്തവനുക്ക് തെരിയവാ പോറത്?’’

മരിച്ചവൻ അതറിയാൻ പോകുന്നില്ല. പക്ഷേ, നാലു പെൺമക്കളും ചേർന്ന് അച്ഛനു കൊടുത്തുപോയ ഒരു വാക്കുണ്ട്. അത് അവർക്കു നിറവേറ്റിയേ തീരൂ.

‘‘ഒരു വഴി ഇരുക്ക്,’’ പെട്ടെന്ന് തലയിലുദിച്ച ബുദ്ധി സഭാപതി മുന്നോട്ടുവച്ചു. ‘‘ആച്ചുവ് വേഗം കോയമ്പത്തൂരുക്ക് കൊണ്ടുപോറോം... എപ്പടി ഐഡിയ?’’

ഡ്രൈവർ മനസ്സുവച്ചാൽ പാലക്കാട്ടു നിന്ന് അമ്പതു മിനിറ്റേ വേണ്ടൂ കോയമ്പത്തൂർക്ക്.

‘‘അങ്കയും ഇതേ ഗതിയാനാ?,’’ ബാലു പ്രായോഗികതയിൽ പിടിച്ചു. ‘‘ഇന്ത ബോഡിയും കൊണ്ട് അപ്പറവും ഇപ്പറവും അലയ മുടിയുമാ?’’

അതും ശരിതന്നെ. പാലക്കാടിനെ അപേക്ഷിച്ച് വലിയ ജനസാന്ദ്രതയുള്ള പ്രദേശം. കൂടുതൽ മരണങ്ങൾക്കു സാധ്യതയുള്ള പട്ടണം. വൈദ്യുതിശ്മശാനത്തിൽ ഒഴിവുണ്ടാകുമെന്ന് ഉറപ്പിക്കുക വയ്യ.

‘‘നമ്മ കയ്യില് ആളിരുക്കാ...’’ ആൾക്കൂട്ടത്തിനിടയിൽനിന്ന് അതുവരെ കേൾക്കാത്ത ഒരു ശബ്ദം പൊന്തിവന്നു: ‘‘ഭഗീരഥിയക്കാ...’’

ത്യാഗുവിന്റേതായിരുന്നു ആ ശബ്ദം. ആറു നാൽപ്പതിന്റെ പാസഞ്ചറിൽ ദിനവും കോയമ്പത്തൂർക്ക് പോയിവരുന്ന ത്യാഗു ഭഗീരഥിയക്കാവിന്റെ അപദാനങ്ങളെ വിസ്തരിച്ചു. മരണാനന്തര ക്രിയകൾ ഏറ്റുനടത്തലാണ് അവരുടെ പ്രധാന തൊഴിൽ. മരണം സ്ഥിരീകരിച്ചുകഴിഞ്ഞാൽ ആംബുലൻസ് ഏർപ്പാടാക്കുന്നതു മുതൽ ശവദാഹത്തിനുള്ള ‘സ്പേസ്’ കണ്ടെത്തൽ, കർമികളെ നിശ്ചയിക്കൽ, ശവുണ്ഡികളെ കൊണ്ടുവരൽ, അടിയന്തിരസദ്യ ഉൾപ്പെടെ ഓരോ ദിവസത്തെയും ശാപ്പാട് റെഡിയാക്കൽ എന്നിങ്ങനെ സമുദായത്തിന്റെ സങ്കീർണമായ ശേഷക്രിയകളെല്ലാം അവർ ഭംഗിയായി ഏറ്റെടുത്തു നടത്തുന്നു. ഒരുതരം ഇവന്റ് മാനേജ്മെന്റ്!

‘‘ഡെത്ത് ഒരു ഇവന്റ് താനെ,’’ അവർ ചോദിച്ചു. ‘‘അപ്പോൾപ്പിന്നെ അത് മാനേജ് ചെയ്യുന്നതിൽ എന്ന തപ്പ്?’’

എല്ലാ വൈദ്യുതിശ്മശാനങ്ങളിലും ഭഗീരഥിയക്കാവിന് പിടിപാടുണ്ടെന്ന് ത്യാഗു തുടർന്നുപറഞ്ഞു. ‘സ്പേസ്’ ഇല്ലാത്ത സാഹചര്യം വരുമ്പോൾ കൂടുതൽ റേറ്റ് സംസാരിച്ച് ഇടം തരപ്പെടുത്താനുള്ള മിടുക്കുണ്ട്. വേണ്ടിവന്നാൽ രാഷ്ട്രീയം പ്രയോഗിക്കാനുള്ള കഴിവുണ്ട്. എല്ലാ കക്ഷികളിലും പെട്ടവർ അക്കാവിന്റെ സുഹൃത്തുക്കളാണ്.

ജീവിക്കാൻ എത്രയോ മാർഗങ്ങളുള്ളപ്പോൾ വിചിത്രമായ ഒരു തൊഴിലിലൂടെ തന്റെ ജീവിതം ഭദ്രപ്പെടുത്തിയ സ്ത്രീ!

തൊട്ടടുത്ത ജില്ലയായിരുന്നിട്ടുപോലും ഇവരെക്കുറിച്ച് ഇതുവരെ കേൾക്കാതെപോയതെന്തേ എന്ന് അഗ്രഹാരം തന്റെ പൊതു അറിവിനുമേൽ മൂക്കത്തു വിരൽവച്ചു. ഇത് ഒരുതരം കീഴ്‍വേലയല്ലേ എന്ന് ചിലർ ആശ്ചര്യമുന്നയിച്ചു. എല്ലാ വേലകൾക്കും അതിന്റേതായ മാന്യതയുണ്ടെന്ന് ഒടുവിൽ തീരുമാനിക്കപ്പെട്ടു.

വർഷങ്ങൾക്കു മുമ്പ് ചെറിയ വാടകവീട്ടിൽ നിന്നു തുടങ്ങിയ പരിശ്രമം രണ്ട് സ്വന്തം ഫ്ലാറ്റുകളിലും സ്ഥിരവാടക കിട്ടുന്ന നാലുവരിക്കടയുടെ കോംപ്ലക്സിലും എത്തിയതിന്റെ പിന്നിൽ കഠിനാധ്വാനവും അർപ്പണബോധവുമാണെന്ന് ത്യാഗു കൂട്ടിച്ചേർത്തു.

‘‘ഒനക്കെപ്പിടി ഇന്ത ലേഡിയ് കോൺടാക്റ്റ്?’’, ആരോ കുശുമ്പു ചോദിച്ചു.

‘‘അവാളോട് ബിൽഡിങ്ങില് താൻ എങ്ക ഓഫീസ്...’’

എങ്കിലും ഇങ്ങനെയൊരു തൊഴിൽ തിരഞ്ഞെടുക്കാൻ ഒരു സ്ത്രീയെ പ്രേരിപ്പിച്ചതെന്താവാം എന്ന് ചിലരെങ്കിലും സന്ദേഹം പങ്കുവച്ചു. ഒരു സ്ത്രീക്ക് അതിന്റെ ആവശ്യമെന്ത്?

കയ്യിൽ നായാപൈസ ഇല്ലാതിരുന്ന ഒരു ഭൂതകാലം അതിന്റെ പിന്നിലുണ്ടെന്ന് ത്യാഗു ഓർത്തെടുത്തു. ആശുപത്രിയിൽ ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ അമ്മയുടെ ദേഹം വിട്ടുകിട്ടാതെ മൂന്നുനാൾ തപിച്ചുനിന്ന ഒരു കാലം. അവസാനം അമ്മയുടെ താലി തന്നെയായി ശരണം. ശേഷക്രിയകൾ വിധിയാംവണ്ണം വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. അന്നത്തെ സാമ്പത്തികം അതനുവദിച്ചില്ല. അനാഥശവങ്ങൾ അടക്കുന്ന പുറമ്പോക്കു ഭൂമിയിൽ അമ്മയ്ക്ക് ഇടംതേടി നടക്കുമ്പോൾ മനസ്സിൽ മുളച്ചുപൊട്ടിയ ആശയം. അതാണ് ഇപ്പോഴത്തെ ജീവിതം.

മരണാദി സേവനം!

‘‘കഥ കേക്ക് നേരമില്ലയ്,’’ നാളെ മലയ്ക്ക് മാലയിടേണ്ട ശബരീഷ് എല്ലാവരെയും പെട്ടെന്ന് ധൃതിപിടിപ്പിച്ചു. ‘‘വാങ്കോ പൊറപ്പെടറോം...’’

‘‘അത്ക്ക് ക്രിമറ്റോറിയത്തില് വേക്കൻസി വേണമേ?’’

ത്യാഗു ബന്ധപ്പെട്ടപ്പോൾ ഉടനെ പുറപ്പെട്ടുവരാൻ ഭഗീരഥിയക്കാവിന്റെ തകവൽ* കിട്ടി. അങ്ങനെ ആംബുലൻസിലും കുറച്ചു കാറുകളിലുമായി അഗ്രഹാരം കോയമ്പത്തൂർക്ക് പുറപ്പെട്ടു. കോയമ്പത്തൂരിൽ എവിടെ?

‘‘യു വിൽ ഗെറ്റ് അപ്ഡേറ്റ്സ്...’’ ത്യാഗു മൊബൈൽ ഉയർത്തിക്കാണിച്ചു.

വാളയാർ എത്തിയപ്പോൾ മൂത്ത മകൾ കോകില തുണിമറ നീക്കി ആച്ചു അയ്യരുടെ മുഖം ഒരു നോക്കു കണ്ടു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ കത്തി ചാമ്പലാവാൻപോകുന്ന മുഖം. അവർ കരയാൻ തയാറെടുത്തുവെങ്കിലും സന്തോഷത്തിൽ വിടർന്ന പാതി ചിരിയുള്ള അയ്യരുടെ മുഖം കണ്ടപ്പോൾ കരച്ചിൽ നിന്നു. വൈദ്യുതിശ്മശാനത്തിൽ എരിഞ്ഞടങ്ങാൻ പോകുന്ന തന്റെ ജന്മത്തെയോർത്ത് അച്ഛൻ സന്തോഷിക്കുകയായിരിക്കുമെന്ന് അവർ നിരൂപിച്ചു. ഐസ് കട്ട പോലെ തണുത്ത കാലുകളിൽ ഇളയ മകൾ ഗൗരി മുത്തമിട്ടു.

അഗ്രഹാരത്തിൽ കോവിൽനട തുറക്കപ്പെട്ടു. വൃശ്ചികത്തെ വരവേൽക്കാൻ ഭക്തർ തയാറെടുത്തു.

ശവവണ്ടി മധുക്കരൈ എത്തിയ നേരം ത്യാഗുവിന്റെ മൊബൈലിൽ എസ്എംഎസ് ശബ്ദിച്ചു. ഭഗീരഥിയക്കാവിന്റെ എസ്എംഎസ് പ്രകാരം ആച്ചു അയ്യരും സംഘവും ചുണ്ടക്കാമുത്തൂർ പഞ്ചായത്തിലെ വൈദ്യുതിശ്മശാനത്തിലേക്ക് തിരിഞ്ഞു.

* തകവൽ – അറിയിപ്പ്.