Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തിരിഞ്ഞു നോട്ടം’

Bindra Karat വൃന്ദാ കാരാട്ട്

‘ലിംഗപരമായ മുൻവിധികളുടെ പേരിൽ പാർട്ടിക്കുള്ളിൽ എനിക്ക് നിരാശ തോന്നിയ സന്ദർഭങ്ങളുണ്ട്. ക്ഷോഭവുമുണ്ടായിട്ടുണ്ട്’

പാർട്ടിനയം ബാധകമാകാത്ത ചില തീരുമാനങ്ങൾ ഏതു കമ്യൂണിസ്‌റ്റിന്റെയും ജീവിതത്തിലുണ്ട്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പാർട്ടിയിൽ ചേർന്നതും പ്രകാശ് കാരാട്ടിനെ വിവാഹം ചെയ്‌തതും മക്കൾ വേണ്ടെന്നുവച്ചതും അത്തരത്തിലുള്ള തീരുമാനങ്ങളാണ്.

തിരിഞ്ഞുനോട്ടത്തിനുള്ള നല്ല പ്രായമാണ് എഴുപത്. വൃന്ദ തിരിഞ്ഞുനോക്കുകയാണ്. ഈ തീരുമാനങ്ങളൊക്കെ ശരിയായിരുന്നോ? ‘‘ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ ഒരെണ്ണം മാത്രമേ നൂറുശതമാനം ശരിയെന്ന് ഞാൻ പറയൂ. പാർട്ടിയിൽ ചേരാനുള്ള തീരുമാനം.” ഇരുപത്തിരണ്ടാം വയസ്സിലാണ് വൃന്ദയെ ചെങ്കൊടി വിളിച്ചത്; ലണ്ടനിൽ വച്ച്, എയർ ഇന്ത്യയിൽ ഗ്രൗണ്ട് സ്‌റ്റാഫ് ആയിരിക്കെ.

Brinda-Karat പ്രകാശ് കാരാട്ടിന്റെയും വൃന്ദയുടെയും വിവാഹചിത്രം


തീരുമാനങ്ങളിൽ ഒന്നുമാത്രം 100% ശരിയെന്നു പറയുമ്പോൾ, പ്രകാശ് കാരാട്ടിനെ വിവാഹം ചെയ്‌തതും മക്കൾ വേണ്ടെന്ന് ഇരുവരും തീരുമാനിച്ചതും പൂർണമായി ശരിയായിരുന്നില്ല എന്നുകൂടി അർഥമുണ്ടോ?. ആ അർഥത്തിലുള്ള ചോദ്യത്തിനു ശതമാനക്കണക്കിന് അപ്പുറമുള്ള ഉത്തരങ്ങളാണു വൃന്ദ തന്നത്.

പ്രതിജ്‌ഞ വായിച്ചുള്ള വിവാഹം

‘‘പാർട്ടിയിലായിരിക്കെയാണു ഞാൻ പ്രകാശുമായി പ്രണയത്തിലാവുന്നത്. എന്റെ ജീവിത്തിലെ ഏറ്റവും പ്രധാന സംഗതി പാർട്ടിയാണ്. അതിന്റെ ഭാഗമല്ലാത്ത ഒരാളെ വിവാഹം ചെയ്യുക ആലോചിക്കാനാവില്ല. അടിസ്‌ഥാന ആശയഗതികൾ യോജിക്കാത്തവർ എങ്ങനെ ഒത്തുപോകും? പരസ്‌പരം രക്‌തഹാരം അണിയിക്കുംമുൻപ് സംഭവിച്ചത് – ‘‘ഞങ്ങൾ രണ്ടു പേരും ഓരോ പ്രതിജ്‌ഞ എഴുതിത്തയാറാക്കിയിരുന്നു. പരസ്‌പരം ആലോചിക്കാതെ, പരസ്‌പരം കാണിക്കാതെ. ഞങ്ങളതു വായിച്ചു. കേട്ടവർക്കു വിശ്വസിക്കാനായില്ല, രണ്ടു പ്രതിജ്‌ഞകളുടെയും സത്ത ഏതാണ്ട് ഒന്നുതന്നെ: ഞങ്ങളുടെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പങ്കാളിത്തം എപ്പോഴും ഞങ്ങളുടെ പ്രവർത്തനത്തെയും വിപ്ലവാഭിമുഖ്യത്തെയും ശക്‌തിപ്പെടുത്തണമെന്ന്’’.

1975 നവംബർ ഏഴിന്, ഒക്‌ടോബർ വിപ്ലവവാർഷിക ദിവസം, ഡൽഹിയിൽ വീണാ മജുംദാറിന്റെ വീട്ടിൽ നടന്ന പ്രതിജ്‌ഞവായന കേട്ടതും വിവാഹച്ചടങ്ങിൽ പങ്കെടുത്തതും എ.കെ.ഗോപാലൻ, സുശീല ഗോപാലൻ, ഹർകിഷൻ സിങ് സുർജിത്, എലപ്പുള്ളി കാരാട്ട് രാധമ്മ തുടങ്ങി 25 –30 പേരാണ്.

radhika-juni-brinda സഹോദരിമാരായ രാധികയോടും ജൂനിയോടും ഒപ്പം വൃന്ദ(വലത്ത്)

പ്രതിജ്‌ഞകളുടെ അദ്ഭുതകരമായ സമാനതയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് വൃന്ദയുടെ ഈ കൂട്ടിച്ചേർക്കൽ:‘‘വിവാഹത്തിനു മുൻപ് ഞങ്ങൾ പരസ്‌പരം ധാരാളം സംസാരിച്ചിട്ടുള്ളതാണല്ലോ. അതുകൊണ്ടുകൂടിയാവാം ആ പ്രതിജ്‌ഞകളിലെ ആശയം ഒരേപോലെയായത്’’. പ്രതിജ്‌ഞകൾ കണ്ടെടുക്കാൻ വൃന്ദയും പ്രകാശും പിന്നീടു പലതവണ ശ്രമിക്കുകയും, അടിയന്തരാവസ്‌ഥക്കാലത്തെ മറ്റു പല രേഖകളുംപോലെ, കണ്ടെത്താനാവാത്തവയുടെ ഗണത്തിൽ പെടുത്തുകയുമുണ്ടായി. കണ്ടെത്താൻ സാധിക്കാതിരുന്നതു നല്ല കാര്യമെന്നും അല്ലെങ്കിൽ അവയ്‌ക്കു പാർട്ടി രേഖകൾക്കു തുല്യമായ പദവി കൈവരുകയും അവയിലെ വാക്കുകൾ മാത്രമല്ല കുത്തും കുനിപ്പും വിശകലനവിധേയമാകുകയും തർക്കം ഉടലെടുക്കുകയും ചെയ്യുമായിരുന്നുവെന്ന വ്യാഖ്യാനം കേട്ടു വൃന്ദ പൊട്ടിച്ചിരിച്ചു.

മക്കൾ വേണ്ടാത്തവരുടെ പ്രിയപ്പെട്ട കൊച്ചുമക്കൾ

പാർട്ടിക്കായി ജീവിക്കുമ്പോൾ കുഞ്ഞുങ്ങളെ പരിപാലിക്കുക പ്രയാസമാവുമെന്നു പി.സുന്ദരയ്യയാണ് പ്രകാശിനെയും വൃന്ദയെയും ഉപദേശിച്ചത്. മറ്റൊരർഥത്തിൽ, തന്റെ മാതൃക പകർത്താനാണു സുന്ദരയ്യ ഉപദേശിച്ചത്. എന്നാൽ, തന്റെ തീരുമാനം ശരിയായിരുന്നെങ്കിലും ഒരു പിഴവുപറ്റിയെന്നു സുന്ദരയ്യ പിന്നീടു വൃന്ദയോടു പറഞ്ഞു. ഭാര്യ ലീലയോട് ആലോചിക്കാതെ തീരുമാനമെടുത്തതു പിഴവ്. അതുകൊണ്ടുതന്നെ, ഉപദേശത്തിനൊപ്പം പാർട്ടിയിലെ ആ വളർത്തച്‌ഛൻ ഒരു നിർദേശവും വച്ചു: മക്കൾ വേണ്ടായെന്നു തീരുമാനിക്കേണ്ടത് പ്രകാശല്ല, വൃന്ദയാണ്. പ്രകാശിന്റെ നിലപാട് അടിച്ചേൽപിക്കരുത്.

‘‘എന്റെ സഹോദരങ്ങൾ സുരജിത്തിന്റെയും ജൂനിയുടെയും അകാലമരണവും അവരുടെ മക്കളെ ഞങ്ങൾ വളർത്തിയെടുത്ത സാഹചര്യവും നോക്കുമ്പോൾ, മരണത്തിലൂടെയുണ്ടായ ദുരന്തം പിന്നീടു ഭാഗ്യമായി മാറിയെന്നു പറയുന്നതാവും ശരി. അതുകൊണ്ട്, മക്കളുടെയും കൊച്ചുമക്കളുടെയും സ്‌നേഹം ഞങ്ങളനുഭവിക്കുന്നു’’.

ishan-brindha ഇഷാൻ‌


തുടർന്നു വൃന്ദ പറഞ്ഞതു തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസത്തെക്കുറിച്ചാണ്. ‘‘എന്റെ കൊച്ചുമകൻ (ജൂനിയുടെ മകൾ സൊനാലിയുടെ മകൻ) ഇഷാന്റെ മരണം. അതിന്റെ ദുഃഖം എന്നെ വിട്ടുപിരിഞ്ഞിട്ടില്ല. വിട്ടുപിരിയില്ല. കഴിഞ്ഞ 70 വർഷത്തെ ജീവിതത്തിൽ എനിക്കു പല കയറ്റിറക്കങ്ങളുമുണ്ടായിട്ടുണ്ട്. മരണം എനിക്കൊപ്പം എന്നുമുണ്ടായിരുന്നു. സഹോദരനും സഹോദരിയും മരിച്ചു; ഒരു അത്യാഹിതത്തിൽ അമേരിക്കയിൽവച്ച് ഇഷാനും. അവനെക്കുറിച്ചുള്ള ഓർമകൾ മറികടക്കാൻ എനിക്കു സാധിച്ചിട്ടില്ല’’.

പാർട്ടിയെക്കുറിച്ചു ചോദിച്ചാൽ വൃന്ദയുടെ മൂഡ് മാറ്റിയെടുക്കാം. എന്നാലും, വേണമെങ്കിൽ വീണ്ടും മൂഡ് പോകാവുന്നൊരു ചോദ്യമാണ്: 22ാം വയസ്സിൽ ഏറെ പ്രതീക്ഷകളോടെ പാർട്ടിയിൽ ചേർന്നതു കൊൽക്കത്തയിൽവച്ചാണ്. ഇതിനകം 48 വർഷം പാർട്ടിയിൽ. പാർട്ടി ഉറപ്പുപറഞ്ഞ വിപ്ലവം ഇനിയും വന്നിട്ടില്ല. വൃന്ദയുടെ ജീവിതകാലത്തു വിപ്ലവം സംഭവിക്കുമോ?

‘‘ഞാനീ 70ാം വയസ്സിലും ദിവസവും എഴുന്നേറ്റ് പാർട്ടിക്കായി പ്രവർത്തിക്കുന്നത് എന്തിന്റെ പേരിലാണ്? വിപ്ലവപാതയിലുള്ള വിശ്വാസമൊന്നു മാത്രമാണു കാരണം. ലോകത്തു മറ്റൊന്നിനും എനിക്കു പ്രവർത്തിക്കാനുള്ള ഊർജം തരാനാവില്ല. നമുക്കു ചുറ്റുമുള്ള അസമത്വങ്ങളും അവ മുതലെടുക്കാനുള്ള വലതുപക്ഷ ശ്രമങ്ങളും കാണുമ്പോൾ വിപ്ലവം വരുമെന്നുതന്നെയാണു വിശ്വാസം. നൂറു വർഷം മുൻപ് ഒക്‌ടോബർ വിപ്ലവത്തിലൂടെ റഷ്യയിലുയർന്ന തീപ്പൊരികളാണു പ്രചോദനം. ഉറച്ച ബോധ്യങ്ങളോടെ ഇന്ത്യയിൽ പാർട്ടിയുടെ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കേണ്ടതുണ്ട്. പിന്നെ, എന്റെ ജീവിതകാലത്തു വിപ്ലവം കാണാമോയെന്ന്? കൈനോട്ടവും ജോൽസ്യവും വശമില്ല. ഞാൻ എത്രകാലംകൂടി ജീവിക്കുമെന്നറിയില്ല. എന്നാലും വിപ്ലവം സാധ്യമാണെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.‘‘

ഒരു സ്‌ത്രീ എന്ന നിലയിൽ പാർട്ടിയിലെ പ്രവർത്തനം?

‘‘സമൂഹത്തിൽ സ്‌ത്രീജീവിതം പ്രയാസമുള്ളതാണ്. പാർട്ടിയിൽ അത്ര പ്രയാസം തോന്നിയിട്ടില്ല. സമൂഹത്തിലേൽക്കാവുന്ന മുൻവിധികൾ പാർട്ടിയിൽ വലിയൊരളവുവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ... ശരിയാണ്, എനിക്കു വേണ്ടിയല്ല, ലിംഗപരമായ മുൻവിധികളുടെ പേരിൽ പാർട്ടിക്കുള്ളിൽ എനിക്കു നിരാശ തോന്നിയ സന്ദർഭങ്ങളുണ്ട്. ക്ഷോഭവുമുണ്ടായിട്ടുണ്ട്.

പാർട്ടിയുടെ വനിതാ പ്രസ്‌ഥാനത്തെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കാണ് വൃന്ദയുടേത്

‘‘രാഷ്‌ട്രീയ സമരങ്ങളുടെ മുൻനിരയിലേക്കു സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ഞാൻ പാർട്ടി പ്രവർത്തനം തുടങ്ങിയത് ആൺഭൂരിപക്ഷമുള്ള തൊഴിലാളി യൂണിയൻ രംഗത്താണ്, ടെക്‌സ്‌റ്റൈൽ തൊഴിലാളികൾക്കിടയിൽ. അതും, ഡൽഹി നഗരത്തിൽ. വർഗാധിഷ്‌ഠിത പ്രസ്‌ഥാനത്തിലുള്ള പ്രവർത്തനം നല്ല പാഠശാലയാണ്. ട്രേഡ് യൂണിയനൊപ്പം വനിതാ പ്രസ്‌ഥാനത്തിലും പ്രവർത്തിക്കാൻ സാധിച്ചു. വർഗ,സാമൂഹിക പ്രശ്‌നങ്ങൾ പ്രവർത്തനത്തിന്റെ ഭാഗമായി. ഇപ്പോൾ ആദിവാസി മേഖലയുമുണ്ട്.’’

കഴിഞ്ഞദിവസം വൈകുന്നേരം എകെജി ഭവനിൽ തന്റെ മുറിയിലിരുന്ന് വൃന്ദ ഇതു പറയുമ്പോൾ, അടഞ്ഞ വാതിൽ ശബ്‌ദമുണ്ടാക്കാതെ അൽപമൊന്നു തുറന്ന് ഒരാളുടെ നോട്ടമുണ്ടായി. കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചാവും സംസാരമെന്ന ഭാവത്തിലാണ് പ്രകാശ് കാരാട്ട് പെട്ടെന്നു തല പിൻവലിച്ചു കതകു തിരിച്ചടച്ചത്.

വൃന്ദയെ പ്രകാശ് ആദ്യം നോക്കുന്നത് അവരുടെ പ്രേമവല്ലരി നാമ്പിട്ട കൊൽക്കത്തയിലെ എസ്‌എഫ്‌ഐ ആസ്‌ഥാനത്തു വച്ചല്ല, ലണ്ടനിൽവച്ചാണ്. വൃന്ദയന്നു ജോലിക്കാരിയാണ്. പ്രകാശ് എഡിൻബറ സർവകലാശാലയിൽ എംഎസ്‌സി ‍വിദ്യാർഥി.

ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ നടത്തിയ ചടങ്ങിൽ സത്യജിത് റേയെത്തി. റേയെ കാണാനെത്തിയതാണു പ്രകാശ്. അവിടെ റേയോട് ഓരോരോ ചോദ്യങ്ങൾ ചോദിക്കുന്ന പെൺകുട്ടികളിൽ വെളുത്തുമെലിഞ്ഞ സുന്ദരിയെ പ്രകാശ് പ്രത്യേകമായി നോക്കി.

കേരളത്തിലെ രണ്ടാനമ്മ

പനമണ്ണ ചുണ്ടോളി പത്മനാഭൻ നായരുടെയും രാധമ്മയുടെയും മരുമകളായ വൃന്ദയുടെ രണ്ടാനമ്മയും കേരളത്തിൽനിന്നാണ്. അതൊരു രഹസ്യമെന്ന മുഖവുരയോടെയാണു വൃന്ദ പറഞ്ഞത്: ‘‘പലരുടെയും വിചാരം എനിക്കു കേരളവുമായുള്ള ബന്ധം തുടങ്ങിയത് പ്രകാശിലൂടെയെന്നാണ്. ആ വിചാരം തെറ്റാണ്. എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്, 1953ൽ. അച്‌ഛൻ വീണ്ടും വിവാഹിതനായി, 1960ൽ. വധു അന്ന് കൊൽക്കത്തയിലുണ്ടായിരുന്ന കോട്ടയംകാരി സുശീല കുരുവിള.

‘‘രാജ്യത്തിന്റെ ആദ്യ ധനകാര്യമന്ത്രി ജോൺ മത്തായിയുടെ മകൻ ദുലീപിന്റെ ആദ്യ ഭാര്യയായിരുന്നു സുശീല. അവർ വിവാഹബന്ധം വേർപെടുത്തി ഏതാനും വർഷം കഴിഞ്ഞ് സുശീല എന്റെ അച്‌ഛനെ വിവാഹം ചെയ്‌തു. അവർ തമ്മിൽ 20 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോൾ എത്രയോ തവണ അവർക്കൊപ്പം കോട്ടയത്തു വന്നിരിക്കുന്നു. സുശീലയുടെ അമ്മയെ അമ്മച്ചിയെന്നും അച്‌ഛനെ അപ്പച്ചിയെന്നുമാണ് ഞാൻ വിളിച്ചിരുന്നത്. നിറയെ റബറൊക്കെയുള്ള വീടാണ്. സുറിയാനി ക്രിസ്‌ത്യാനികൾ.

സുശീലയുടെ ആദ്യ വിവാഹത്തിലെ മകനും ഞങ്ങൾക്കൊപ്പമാണു വളർന്നത്. സുശീല ഏതാനും വർഷം മുൻപ് മരിച്ചു, കൂനൂരിൽവച്ച്’’. കേരളത്തിലെ പ്രസംഗങ്ങളിൽ മലയാളപദങ്ങൾ പ്രയോഗിക്കുന്നതിന്റെ രഹസ്യം കോട്ടയത്തെ ബാല്യകാലദിവസങ്ങളാവാമെന്ന സംശയം വൃന്ദ തിരുത്തും: ‘‘എനിക്കു മലയാളം പറയാൻ അറിയില്ല. കേട്ടാൽ മനസ്സിലാവും”. പ്രകാശിന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ വൃന്ദ മലയാളം പഠിക്കുമായിരുന്നു.

Brinda-Karat-akg കാരാട്ട് നവദമ്പതികള്‍ക്കൊപ്പം എകെജിയും സുശീലാ ഗോപാലനും.വിവാഹദിനത്തിൽ എടുത്ത ചിത്രം

ഇല്ലെങ്കിലും, അവിയൽ എന്നു നീട്ടാതെയും കുറുക്കാതെയും പറയും. ‘‘അവിയൽ മാത്രമല്ല, നല്ല സാമ്പാറും തേങ്ങാച്ചമ്മന്തിയും മട്ടൻ കറിയുമൊക്കെ വയ്‌ക്കാനറിയാം. ബീറ്റ് റൂട്ടും തൈരും ചേർത്തൊരു ചട്‌നിയുമറിയാം.

‘‘ബീറ്റ്‌റൂട്ടും തൈരും ചേർത്ത് പച്ചടിയല്ലേ? ‘‘അതേ, പച്ചടിയാണ്. കൽക്കട്ടയിൽ പഠിച്ച കാലത്ത് ബീഫ് കഴിക്കുമായിരുന്നു. എനിക്കതിന്റെ ടേസ്‌റ്റ് ഇപ്പോൾ പിടിക്കില്ല. കടുകരച്ച് നല്ല ബംഗാളി മീൻകറിയും ഉണ്ടാക്കാനറിയാം. പലപ്പോഴും അതൊന്നും സാധിക്കില്ല. കൊച്ചുമക്കൾ നിർബന്ധിക്കുമ്പോൾ അവർക്ക് ഉണ്ടാക്കിക്കൊടുക്കും’’.

കൊൽക്കത്തയിൽനിന്ന് ലണ്ടനിലേക്ക്; അവിടെനിന്ന് കമ്യൂണിസത്തിലേക്ക്

പഞ്ചാബിയായ സൂരജ് ലാൽ ദാസിന്റെയും കൊൽക്കത്തയിലെ അശ്രുകണയുടെയും മകളാണ് വൃന്ദ. കൊൽക്കത്തയിലെ ലൊറെറ്റോ സ്‌കൂളിലും ഡെറാഡൂണിലെ വെലംസിലും ഡൽഹി മിറാൻഡ ഹൗസ് കോളജിലും പഠിച്ച് കൊൽക്കത്തയിൽ തിരിച്ചുചെന്നത് മനസ്സു നിറയെ നാടകവുമായിട്ടാണ്. ലണ്ടനിലെ നാടക സ്‌കൂളുകളായ റാഡയിലോ ലാംഡയിലോ പഠിക്കണമെന്നു മോഹം.

എന്നാൽ, അതിനുമുൻപ് സ്വന്തം കാലിൽനിൽക്കാൻ കെൽപുവേണമെന്ന് അച്‌ഛൻ. അങ്ങനെയാണ് എയർ ഇന്ത്യയിൽ എത്തുന്നത്, കൊൽക്കത്തയിൽ. ലണ്ടനിൽ ഒഴിവുവന്നപ്പോൾ അവിടേക്ക്. ജോലിക്കൊപ്പം നാടകം പഠിക്കാൻ സായാഹ്‌ന കോഴ്‌സുകൾക്കും ചേർന്നു. അവിടെ കൊടിപിടിച്ചല്ല, സാരിയിൽ പിടിച്ചാണ് വൃന്ദ തനിച്ചു സമരം ചെയ്‌തത്. എയർ ഇന്ത്യയിലാണെങ്കിലും എയർപോർട്ട് ജോലിക്ക് കോട്ടും പാവാടയും ധരിക്കണമെന്ന ഹീത്രൂ വിമാനത്താവളത്തിലെ മാനേജരുടെ നിർദേശത്തിനെതിരെ.

ഒടുവിൽ എയർ ഇന്ത്യയുടെ ഡയറക്‌ടർ ബോബി കൂക്കയുടെ കത്ത് എത്തുന്നതുവരെ സമരം തുടർന്നു. എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന ഏതു സ്‌ത്രീക്കും സാരി ധരിക്കാമെന്നായിരുന്നു കത്ത്.

ലണ്ടനിൽവച്ചാണ് വൃന്ദ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടികളെക്കുറിച്ചു മനസ്സിലാക്കുന്നതും സിപിഎമ്മിൽ ചേരാൻ തീരുമാനിക്കുന്നതുമൊക്കെ. അതേ കാലത്താണ് വെലംസ് സ്‌കൂളിലെ സഹപാഠി സുഭാഷിണി അലി ലണ്ടൻവഴി നാട്ടിലേക്കു മടങ്ങുന്നത്. ലണ്ടനിലെ ഒരു റസ്‌റ്ററന്റിൽ കണ്ടുമുട്ടുകയും കമ്യൂണിസ്‌റ്റാവാൻ തീരുമാനിച്ചുവെന്നു രണ്ടു പേരും പരസ്‌പരം പറയുകയുമായിരുന്നു. വൈകാതെ വൃന്ദ കൊൽക്കത്തയിലെത്തി. പാർട്ടിയിൽ ചേരുന്നതിന് നേതാക്കളെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് ഒരാൾ തന്നെ ഏതാനും തവണ ബസ് സ്‌റ്റോപ്പിലും പാർക്കിലുമൊക്കെ കാത്തുനിൽക്കാനും കണ്ടുമുട്ടാനും ക്ഷണിച്ച കഥയും വൃന്ദ പറയും.

അയാളെ പിന്നെ കണ്ടിട്ടുണ്ടോ? ‘‘ഇല്ല. അയാൾക്കു പാർട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്നു പോലും സംശയമാണ്. ഞങ്ങളുടെ ബംഗാളി ടീച്ചറായിരുന്ന സുബോധ് സർക്കാരാണ് അയാളെ പരിചയപ്പെടുത്തിയത്. അക്കാലത്തു കൊൽക്കത്തയിൽവന്ന സുഭാഷിണിയും പറഞ്ഞു, അയാൾ തട്ടിപ്പായിരിക്കും. സുഭാഷിണിയുടെ പരിചയക്കാരനായ ഒരു സഖാവിലൂടെയാണ് ഞാൻ ബിമൻ ബോസിനെ പരിചയപ്പെട്ട് പാർട്ടിയിലേക്കു കടക്കുന്നത്’’. വൃന്ദയ്‌ക്കുശേഷം സുഭാഷിണിയും പൊളിറ്റ് ബ്യൂറോ അംഗമായി.

∙ പാർട്ടിയിലായിരിക്കുമ്പോൾ നഷ്‌ടപ്പെടുന്നത് എന്തൊക്കെയാണ്?

‘‘എനിക്കു വേണ്ടിടത്തോളം ഉറങ്ങാൻ സാധിക്കുന്നില്ല. അതാണ് പ്രധാനമായി മിസ് ചെയ്യുന്ന സംഗതി. തമാശ പറഞ്ഞതല്ല. എന്റെ മാത്രമല്ല, ജോലിയെടുക്കുന്ന ഏതു സ്‌ത്രീയുടെയും അവസ്‌ഥ അതായിരിക്കും. പിന്നെയുള്ള പ്രശ്‌നം, ജീവിതത്തിൽ പ്രധാനപ്പെട്ടവരുണ്ടല്ലോ – അവരുമൊത്തു ചെലവഴിക്കാൻ വേണ്ടത്ര സമയമില്ല. കല്യാണം കഴിഞ്ഞയുടനെയുള്ള കാലത്ത്, അന്നു ഞങ്ങളൊക്കെ ഒളിവിലാണല്ലോ, പ്രകാശും ഞാനും കൂടി മാസത്തിൽ ഒന്നും രണ്ടും തവണയെങ്കിലും സെക്കൻഡ് ഷോയ്‌ക്കു പോകും. ഇവിടെ മോഡൽ ടൗണിലായിരുന്നു താമസം. അതിനടുത്തൊരു തിയറ്ററുണ്ടായിരുന്നു’’.
ഇരുവരുംകൂടി തിയറ്ററിൽ പോയി അവസാനം കണ്ട സിനിമയേതാണ്? ‘‘പ്രകാശിനോടു ചോദിച്ചിട്ടു പറയാം’’.

മിസ്‌റ്റർ ആൻഡ് മിസിസ് കപൂർ എന്ന ഹിന്ദി ചിത്രമാണ് ഇരുവരും ഒരുമിച്ചു കണ്ടതെന്ന് വൃന്ദ ആദ്യം പറയുകയും കപൂർ ആൻഡ് സൺസ് എന്നു പിന്നീട് തിരുത്തുകയും ചെയ്‌തു. സിനിമപ്പേരൊക്കെയാവുമ്പോൾ പൊളിറ്റ് ബ്യൂറോ ചേരാതെ തന്നെ തിരുത്താമല്ലോ.

ലണ്ടനിൽ അവിടുത്തെ കമ്യൂണിസ്‌റ്റ് പാർട്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ അവതരിപ്പിക്കാൻ റഷ്യൻ വിപ്ലവത്തിനു കാലിക പ്രസക്‌തിയുണ്ടോയെന്ന പ്രബന്ധം തയാറാക്കുന്ന തിരക്കിനിടെയാണ് വൃന്ദ സംസാരിച്ചത്. സംസാരം തീർന്നപ്പോൾ നേരമിരുട്ടിയിട്ടില്ല. പ്രകാശ് കാത്തുനിൽക്കുകയാണ്. വൃന്ദയുടെ അനന്തിരവൾ ആശുപത്രിയിലാണ്. അവിടേക്കു പോകണം. 42 വർഷം മുൻപെടുത്തതും നൂറു ശതമാനത്തിനപ്പുറം ശരിയെന്നു തെളിഞ്ഞതുമായ ആ തീരുമാനത്തിന്റെ ഭാഗമാണത്.