Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി, ഒരു നാണക്കാരി

Whiskered-Pitta പിറ്റ എന്ന കൊച്ചി.

പിറ്റാ എന്ന പക്ഷി കുടുംബത്തിലെ അപൂർവയിനം കിളിയുടെ പേര് കൊച്ചി! കൊച്ചിയുടെ ചിത്രമെടുത്തിട്ടുള്ള ലോകത്തെ വിരലിലെണ്ണാവുന്ന ആളുകളിൽ ഒരാൾ മലയാളി !!

പാപുവ ന്യൂഗിനിയിൽ നിന്നു കൊച്ചിയിലേക്കു യാത്ര പുറപ്പെടാൻ കാത്തിരിക്കുമ്പോഴാണ് ആ വിവരം സാബുവിനു കിട്ടുന്നത്. അതോടെ അറബിക്കടലിന്റെ റാണി അപ്രത്യക്ഷയായി. കൊച്ചിയിൽനിന്ന് അയ്യായിരത്തോളം കിലോമീറ്റർ അകലെ ഫിലിപ്പീൻസിലെ കാടുകൾക്കു നടുവിൽ, കൈവെള്ളയിൽ ഒതുങ്ങുന്ന മറ്റൊരു കൊച്ചി; ലക്ഷ്യം അതു മാത്രമായി. മനിലയിൽ വിമാനമിറങ്ങുമ്പോൾ സാബുവിന്റെ കൈയിലുള്ളത് ഒരു ദിവസത്തെ ട്രാൻസിറ്റ് വീസ. കൊച്ചിയിലേക്കു വിമാനം കാത്തിരിക്കേണ്ട സമയം. പക്ഷേ സാബു കൊച്ചിയെത്തേടി പോകാൻ തന്നെ തീരുമാനിച്ചു.

മനിലയിൽ നിന്നു മൂന്നു മണിക്കൂർ യാത്ര ലുസോണിലേക്ക്. അവിടെനിന്ന് ബാങ്ങ്കോങ് കഹോയ് വാലിയിൽ (ബി. െക വാലി) എത്തുമ്പോൾ നേരം പുലരുന്നതേയുണ്ടായിരുന്നുള്ളൂ. തുടർന്നു കാട്ടിനുള്ളിലൂടെ ഒന്നര മണിക്കൂർ കാൽനടയാത്ര, പിന്നെ കാത്തിരിപ്പിന്റെ നീണ്ട മണിക്കൂറുകൾ. ഒടുവിൽ കുറ്റിക്കാടുകൾക്കിടയിലൂടെ ഒരു കൊച്ചു കാറ്റിന്റെ ഇലയനക്കം പോലും കേൾപ്പിക്കാതെ അവൾ പ്രത്യക്ഷപ്പെട്ടു; പിറ്റാ കൊച്ചിയെന്ന കൊച്ചു പക്ഷിസുന്ദരി.

കേരളക്കരയിൽനിന്നു തന്നെ കാണാനെത്തിയ വിരുന്നുകാരനു മുന്നിലേക്ക്. രണ്ടു മിനിറ്റ് അയാൾക്കു മുന്നിൽ നിന്നു, മുഖം കണ്ടെന്നു വരുത്തി എങ്ങോ പോയ് മറഞ്ഞു. ആ രണ്ടു മിനിറ്റ് മതിയായിരുന്നു, സാബു കിണറ്റുകരയെന്ന പക്ഷി നിരീക്ഷകനു ജീവിതത്തിലെ സ്വപ്നങ്ങളിലൊന്നു സാക്ഷാത്കരിക്കാൻ. സാബു അതോടെ പിറ്റാ എന്ന പക്ഷി കുടുംബത്തിലെ കൊച്ചിയെന്ന അപൂർവയിനം കിളിയുടെ ചിത്രമെടുക്കുന്ന ലോകത്തെ വിരലിലെണ്ണാവുന്ന ആളുകളിൽ ഒരാളായി. ഒപ്പം ആദ്യ ഇന്ത്യക്കാരനും മലയാളിയും.

ജപ്പാനിലുമുണ്ടൊരു കൊച്ചി !

കൊച്ചിക്ക് എങ്ങനെ ഈ പേരു കിട്ടി എന്ന കാര്യത്തിൽ കൃത്യമായ വിവരമില്ല. കൊച്ച് (Koche) എന്ന പക്ഷി നിരീക്ഷകൻ കണ്ടെത്തിയ കിളിയായതിനാൽ കൊച്ച് എന്ന പേരു വന്നെന്നും പിന്നീട് കൊച്ചിയായി മാറിയെന്നുമാണ് ഒരു കഥ. ജപ്പാനിലുള്ള കൊച്ചി എന്ന സ്ഥലത്തുനിന്നുള്ളയാൾ കണ്ടുപിടിച്ച കിളിയായതിനാലാണ് കൊച്ചിയെന്ന പേരുവന്നതെന്നു മറ്റൊരു കഥയുമുണ്ട്.

ആളുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാനിഷ്ടപ്പെടാത്ത നാണക്കാരിയായ കൊച്ചിയെ കണ്ടുകിട്ടുക ഏറെ പ്രയാസകരം. അതുതന്നെയാണ് പിറ്റാ കൊച്ചി അഥവാ വിസ്കേർഡ് പിറ്റ (ശാസ്ത്രനാമം–എറിത്രോപിറ്റ കൊച്ചി) എന്ന കുഞ്ഞിക്കിളിയെ പക്ഷിനിരീക്ഷകരുടെ സ്വപ്നസുന്ദരിയാക്കുന്നത്. സാധാരണ പക്ഷികളെ അവയുടെ ശബ്ദ‍ം പിന്തുടർന്നാണ് പക്ഷിനിരീക്ഷകർ കണ്ടെത്തുന്നത്. എന്നാൽ ശബ്ദം പോലും ഉണ്ടാക്കാൻ മടിക്കുന്നു എന്നതു കൊച്ചിയെ കണ്ടെത്തുന്നത് ഏറെ ദുഷ്കരമാക്കുന്നു.

chn-sabu സാബു കിണറ്റുകര

 പ്രജനന കാലത്തെ 15 ദിവസം മാത്രമാണ് ഇവ നാണം മാറ്റിവച്ചു പാടുകയും നാട്ടുകാർക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയുമൊക്കെ ചെയ്യുന്നത്. കൊച്ചിയെ കാണാനുള്ള സാധ്യതകളിൽ ഈ രണ്ടാഴ്ച നിർണായകവും. അതുകൊണ്ടുതന്നെയാണ് ഈ സമയം അവസാനിക്കുന്ന ദിനങ്ങളായ കഴിഞ്ഞ ജൂലൈ എട്ടിന് മറ്റെല്ലാം മറന്നു സാബു കൊച്ചിയെ തേടി പുറപ്പെട്ടതും.

സാബു മനിലയിൽ വിമാനമിറങ്ങുമ്പോൾ കൊടുങ്കാറ്റും കോരിച്ചൊരിയുന്ന മഴയുമായിരുന്നു. ഫിലിപ്പീൻസിലെ ലുസോൺ മേഖലയാണ് പിറ്റാ കൊച്ചിയുടെ പ്രധാന ആവാസ കേന്ദ്രമായി അറിയപ്പെടുന്നത്. കനത്ത മഴ അവഗണിച്ച് ബികെ വാലിയിൽ എത്തിയെങ്കിലും ആശങ്കകൾ പെയ്തൊഴിഞ്ഞില്ല. കനത്ത മഴയിൽ കിളിയെ കാണാൻ പ്രയാസം; കണ്ടാൽ തന്നെ ഫോട്ടോയെടുക്കാൻ കഴിയണമെന്നില്ല, എടുത്താൽ തന്നെ വ്യക്തമായി കിട്ടണമെന്നില്ല. മഴ മാറണം, വെളിച്ചം ശരിയാകണം... പക്ഷേ മഴ തകർത്തു പെയ്തുകൊണ്ടേയിരുന്നു.

‘‘മരംകോച്ചുന്ന തണുപ്പിൽ ശരീരം വിറച്ച് ക്യാമറ കയ്യിലെടുക്കാൻ പോലും കഴിയാതായി. നാലു മണിക്കൂറു നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചു നനഞ്ഞ മനസ്സുമായി തിരിച്ചു പോകാനൊരുങ്ങിയതാണ്. റേ സ്റ്റേ എന്ന ഗൈഡാണ് ഭാഗ്യത്തിന്റെ ദേവതയായി അപ്പോൾ മാറിയത്. പത്തു മിനിറ്റു കൂടി നോക്കിയിട്ടു പോകാം എന്നയാൾ പറഞ്ഞപ്പോൾ തള്ളിക്കളയാൻ തോന്നിയില്ല. കാട്ടിലൂടെ ഒപ്പം കൂട്ടിനു നടന്നവനോടുള്ള ബഹുമാനം, അത്രയേ കരുതിയുള്ളൂ’’ – സാബു പറയുന്നു.

‘‘പിന്നീട് അത്ഭുതമാണ് സംഭവിച്ചത്. പെട്ടെന്നു മഴ കുറഞ്ഞു, ഇരുട്ടു വകഞ്ഞുമാറ്റി വെളിച്ചം പരന്നു. മനസ്സിൽ പ്രതീക്ഷ ഉദിച്ചുപൊങ്ങി. പിന്നെയും മിനിറ്റുകൾ ഇഴഞ്ഞു നീങ്ങി. അപ്പോൾ മുന്നിലെ പുൽമേട്ടിലേക്ക് ചുവപ്പു നിറമുള്ള ദേഹത്ത് നീലയും ചാരവും തവിട്ടും കലർന്ന പുതപ്പിട്ടപോലെ നനഞ്ഞ് ഒട്ടിയ തൂവലുകളുമായി കൊച്ചി വന്നു നിന്നു’’
‘‘ഒന്നും ഓർമയില്ല. പക്ഷേ എന്റെ കാനൻ വൺ ഡിഎക്സ് ക്യാമറ നിർത്താതെ ക്ലിക്ക് ചെയ്യുന്നുണ്ടായിരുന്നു. എത്രയോ പേർ കാലങ്ങളോളം കാത്തിരുന്നിട്ടും പിടികൊടുക്കാതെ പോയ ആ കിളി എന്റെ ക്യാമറയ്ക്കു മുന്നിൽ എന്നാലോചിച്ചപ്പോൾ ആവേശമായിരുന്നു. കൊച്ചിയിലേക്കു വിമാനം കയറുമ്പോഴും ആ നിമിഷങ്ങളുടെ മിടിപ്പു വിട്ടുമാറിയിരുന്നില്ല.’’ അപൂർവ നേട്ടത്തിന്റെ ഓർമയിൽ സാബു വീണ്ടും ആവേശഭരിതനായി.

‘പിറ്റ’ പുരാണം

പിറ്റാ പക്ഷി കുടുംബത്തിലെ ഏറ്റവും മനോഹരമായ പക്ഷികളിലൊന്നാണ് പിറ്റാ കൊച്ചി. നമ്മുടെ നാട്ടിലെ കാവി കിളിയും കൊച്ചിയും ഒരേ കുടുംബക്കാരാണ്. 21 സെന്റീമീറ്റർ മാത്രം നീളമുള്ള ഇതിന്റെ ഭാരം 116 ഗ്രാമാണ്.

നിബി‍ഡ വനങ്ങളിൽ മാത്രം കാണപ്പെടുന്ന കൊച്ചി വംശനാശ ഭീഷണിയുടെ വക്കിലാണ്. സ്വാഭാവിക വാസസ്ഥലം ഇല്ലാതാകുന്നതും വേട്ടയുമൊക്കെത്തന്നെ പ്രധാന കാരണം. 2016ലെ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ നേച്ചർ (ഐയുസിഎൻ) റിപ്പോർട്ടിൽ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് പിറ്റ കൊച്ചിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 3000 പക്ഷികൾ ഇപ്പോൾ ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

പിറ്റാ കുടുംബത്തിൽ മാത്രമായി മുപ്പത്തിരണ്ടിൽപരം പക്ഷി വിഭാഗങ്ങളുണ്ടെന്നാണു കണക്ക്. ‘നല്ല ഭംഗിയുള്ള ബഹുവർണ തൂവൽ കുപ്പായമാണ് ഈ കിളികളുടെ പ്രത്യേകത. 15– 25 സെമീ വരെ മാത്രമാണ് നീളം. ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ഇന്തൊനീഷ്യ, ബർമ, തായ്‌ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പിറ്റാ കുടുംബത്തിൽപ്പെട്ട പക്ഷികളെ കണ്ടുവരുന്നു. ഇന്ത്യയിൽ കാണപ്പെടുന്ന പിറ്റാ വിഭാഗമാണ് ഇന്ത്യൻ പിറ്റ.

കിളി പോയ വഴി

കാഞ്ഞിരപ്പള്ളി കിണറ്റുകര കെ.ടി. കുര്യൻ –ത്രേസ്യാമ്മ ദമ്പതികളുടെ മകനായ സാബു ബേർഡ് ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞ‍ിട്ടു മൂന്നുവർഷമേ ആയിട്ടുള്ളൂ. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് സാബു ക്യാമറ കയ്യിലെടുക്കാൻ തുടങ്ങിയത്. എടുത്ത ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നുവെന്ന സുഹൃത്തുക്കളുടെ അഭിപ്രായം കൂടിയായപ്പോൾ പിന്നീട് ക്യാമറ താഴെ വച്ചില്ല.

ഇപ്പോൾ അറിയപ്പെടുന്ന ഒട്ടുമിക്ക പക്ഷികളെക്കുറിച്ചുമുള്ള കാര്യങ്ങൾ മനഃപാഠമാണ്. ലോകത്തു പതിനായിരത്തോളം പക്ഷി വിഭാഗങ്ങളുണ്ടെന്നാണു കണക്ക്. ഇവയെ എല്ലാം ഇല്ലെങ്കിലും സാധിക്കുന്നത്രയും നേരിട്ടു കാണുകയും സ്വന്തം ക്യാമറയിലാക്കുകയും ചെയ്യുക എന്നതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ് സാബു. ആയിരത്തോളം പക്ഷികൾ സാബുവിന്റെ ക്യാമറയ്ക്കു മുന്നിൽ ചിറകു വിരിച്ചു നിന്നു കഴിഞ്ഞു. അതിലെ അപൂർവതയുടെ പട്ടികയിൽ പിറ്റാ കൊച്ചിക്കു പുറമേ വേറെയുമുണ്ട് ചിലർ.

ശ്രീലങ്കയിൽ നിന്ന് സെറിൻഡിബ് സ്കോപ്സ് എന്ന മൂങ്ങ, ഹിമാലയത്തിൽ കാണപ്പെടുന്ന ചിയർ പെസന്റ്, ആൻഡമാൻ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ആൻഡമാൻ വുഡ് പീജിയൻ എന്ന പ്രാവ് എന്നിവ ചിലതു മാത്രം. ചിയർ പെസന്റിനെ കാണാൻ സമുദ്രനിരപ്പിൽ നിന്ന് 13000 അടി ഉയരത്തിലുള്ള മുൻസിയാരിയിലെ കനത്ത തണുപ്പിലും മഞ്ഞിലും ഒരാഴ്ച കാത്തിരുന്നതിന്റെ മറക്കാത്ത ഓർമയുമുണ്ട് സാബുവിന്.

പാപുവ ന്യൂഗിനിയിലെ ബേർഡ്സ് ഓഫ് പാരഡൈസാണ് സാബുവിന്റെ അടുത്തലക്ഷ്യം. അപൂർവമായ പക്ഷികളുടെ പറുദീസയാണു പാപുവ ന്യൂഗിനി. ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (ബിബിസി) മാത്രമാണ് അവിടെയുള്ള എല്ലാ പക്ഷി വിഭാഗങ്ങളുടെയും ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. അതും പത്തുവർഷം കൊണ്ട്. എല്ലാം കിട്ടുമെന്ന അതിമോഹമൊന്നുമില്ല. എങ്കിലും തന്നെക്കൊണ്ടു കഴിയാവുന്നത്ര പക്ഷികളെ ക്യാമറയിലാക്കണം– അതാണ് സാബുവിന്റെ ലക്ഷ്യം.