Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയൻ വ്യോമത്താവളത്തിൽ ഇസ്രയേൽ മിസൈൽ; 14 സൈനികർ കൊല്ലപ്പെട്ടു

SYRIA-CONFLICT

ബെയ്റൂട്ട്∙ സിറിയയിലെ കിഴക്കൻ ഗൗട്ടയിൽ വിമതരുടെ താവളമായ ദൗമ പട്ടണത്തിൽ സിറിയൻ സേന രാസായുധം പ്രയോഗിച്ചെന്നു വിമർശനം ഉയർന്നിരിക്കെ, സഖ്യകക്ഷിയായ റഷ്യ സിറിയയ്ക്കു പിന്തുണയുമായെത്തി. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന പാശ്ചാത്യശക്തികളുടെ ആവശ്യത്തെ ചൈന പിന്തുണച്ചു.

അതിനിടെ, സിറിയയുടെ മധ്യമേഖല പ്രവിശ്യയായ ഹോംസിലെ വ്യോമത്താവളത്തിനുനേരെ തിങ്കളാഴ്ച രാവിലെയുണ്ടായ മിസൈൽ ആക്രമണത്തിൽ 14 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്നു റഷ്യ കുറ്റപ്പെടുത്തി. യുഎസിനെ മുൻകൂട്ടി അറിയിച്ചശേഷമാണു ഇസ്രയേൽ പോർവിമാനങ്ങൾ ആക്രമണം നടത്തിയതെന്നു യുഎസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.

ഡമാസ്‌കസിനു സമീപമുള്ള ദൗമയിൽ കുട്ടികളും സ്ത്രീകളുമടക്കം എഴുപതിലേറെപ്പേർ കൊല്ലപ്പെട്ട രാസായുധ ആക്രമണത്തിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും പ്രസ്താവിച്ചു. അസദ് ഭരണകൂടത്തിനെതിരെ ജർമനിയും രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടന രക്ഷാസമിതിയും പ്രശ്നം ചർച്ചയ്ക്കെടുത്തിട്ടുണ്ട്.

‘ഏതു സാഹചര്യത്തിലായും രാസായുധം പ്രയോഗിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും സമഗ്രവും വസ്തുനിഷ്ഠവുമായ അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്നുമാണു ചൈനയുടെ വിദേശ മന്ത്രാലയം വക്താവ് പ്രതികരിച്ചത്. യുഎൻ രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളിലൊന്നാണു ചൈന. സിറിയയ്ക്കെതിരെ ഉയർന്ന ആരോപണം വ്യാജവാർത്തയാണെന്നും തെളിവില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ് പറഞ്ഞു. സിറിയയിൽ സൈനികമായ ഇടപെട്ടാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും പാശ്ചാത്യശക്തികൾക്കു റഷ്യ മുന്നറിയിപ്പു നൽകി.

ശനിയാഴ്ച നടന്ന രാസായുധാക്രമണത്തിൽ കുറഞ്ഞത് 60 പേർ കൊല്ലപ്പെട്ടതായും ആയിരത്തിലേറെപ്പേർക്കു പരുക്കേറ്റതായും സിറിയയിലെ ആശുപത്രികൾക്കു സഹായമെത്തിക്കുന്ന രാജ്യാന്തര സംഘടനകളുടെ കൂട്ടായ്മയായ യൂണിയൻ ഓഫ് മെഡിക്കൽ കെയർ ഓർഗനൈസേഷൻസ് അറിയിച്ചു.