Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രമെഴുതി ക്രിസ്റ്റ്യാനോയും സംഘവും; ചാംപ്യൻസ് ലീഗ് ഫൈനലിലെ ഗോളുകൾ കാണാം

Real-Madrid റയൽ താരങ്ങൾ ചാംപ്യൻസ് ലീഗ് കിരീടവുമായി.

കാർഡിഫ് ∙ ചരിത്രം വഴിമാറിയ മൽസരത്തിൽ ഇറ്റാലിയൻ ചാംപ്യൻമാരായ യുവന്റസിനെ വീഴ്ത്തി റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ് കിരീടം. ഇരട്ടഗോളുകളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ (20, 64) മുന്നിൽനിന്നു നയിച്ച മൽസരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. കാസമിറോ (64), അസൻസിയോ (90) എന്നിവരുടെ വകയായിരുന്നു അവരുടെ മറ്റു ഗോളുകൾ. യുവന്റസിന്റെ ആശ്വാസഗോൾ മരിയോ മാൻസൂക്കിച്ച് (27) നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.

ചാംപ്യൻസ് ലീഗ് യുഗത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയുമായാണ് റയൽ മഡ്രിഡിന്റെ കിരീട വിജയം. അവരുടെ 12–ാം യൂറോപ്യൻ കിരീടം കൂടിയാണിത്. കഴിഞ്ഞ നാലു സീസണിനിടെ മൂന്നാം ഫൈനലിനിറങ്ങിയ റയൽ പതിവു തെറ്റിക്കാതെ ഇത്തവണയും കിരീടം സ്വന്തം പേരിലെഴുതി. 2014ലും 2016ലും അയൽക്കാരായ അത്‌ലറ്റിക്കോയെ തോൽപിച്ചാണ് റയൽ ജേതാക്കളായത്. ക്രിസ്റ്റ്യാനോയിലൂടെ മൽസരത്തിലെ ആദ്യഗോൾ നേടിയ റയൽ, ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ അഞ്ഞൂറു ഗോൾ നേടുന്ന ആദ്യ ടീം എന്ന നേട്ടവും സ്വന്തമാക്കി.

Cristiano-Ronaldo റയലിന്റെ വിജയം ആഘോഷിക്കുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

സ്കോർ നില സൂചിപ്പിക്കുന്നതുപോലെ അത്ര ഏകപക്ഷീയമായിരുന്നില്ല റയൽ യുവന്റസ് പോരാട്ടം. യുവന്റസ് പ്രതിരോധവും റയല്‍ ആക്രമണ നിരയും തമ്മിലുള്ള മൽസരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പോരാട്ടത്തിൽ, പൊരുതിത്തന്നെയാണ് യുവന്റസ് കീഴടങ്ങിയത്. നിലവിലെ ചാംപ്യൻമാരെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയതെന്ന് യുവന്റസിന് ആശ്വസിക്കാമെന്ന് ചുരുക്കം. അതേസമയം, റയൽ കിരീടം നേടിയതോടെ അവരുടെ സൂപ്പർതാരം റൊണാൾഡോയ്ക്ക് മറ്റൊരു വലിയ നേട്ടത്തിലേക്ക് ഇനി കണ്ണു വയ്ക്കാം– ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് പട്ടം. സ്പാനിഷ് ലീഗിന് പിന്നാലെ ചാംപ്യൻസ് ലീഗും ടീമിനു സമ്മാനിച്ച റയൽ പരിശീലകൻ സിനദീൻ സിദാനും സീസൺ സ്വപ്നസമാനമായി.

ഗോളുകൾ വന്ന വഴി

റയലിന്റെ ഒന്നാം ഗോൾ: മൽസരത്തിന്റെ ആദ്യ മിനിറ്റുകളിൽ പന്തു കിട്ടാതെ ഉഴറി നടന്ന റയൽ മഡ്രിഡിന് മൽസരച്ചൂടിലേക്കുള്ള ഉണർത്തുപാട്ടായിരുന്നു 20–ാം മിനിറ്റിലെത്തിയ ആദ്യ ഗോൾ. റയൽ പ്രതിരോധനിര പൊളിച്ചടുക്കിയ യുവന്റസ് മുന്നേറ്റത്തിനൊടുവിൽ ഗാലറിയിലെ റയൽ ആരാധകരെ ആവേശത്തിലാഴ്ത്തി റയലിന്റെ കൗണ്ടർ അറ്റാക്ക്. അതിവേഗ നീക്കങ്ങളിലൂടെ യുവന്റസ് ഗോൾമുഖത്തെത്തിയ പന്ത് റൊണാൾഡോ വഴി ഡാനി കാർവജാലിലേക്ക്. പന്തിനെ കാലിൽക്കൊരുത്ത് ഒരു നിമിഷം കാത്തശേഷം റൊണാൾഡോയുടെ കാൽപ്പാകത്തിൽ കാർവജാലിന്റെ മിന്നൽ പാസ്. പന്തിനെ വന്ന വരവിൽ യുവന്റസ് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പായിച്ച റൊണാൾഡോയ്ക്ക് പിഴച്ചില്ല. യുവന്റസ് താരത്തിന്റെ കാലിൽ തട്ടി ചെറുതായി ദിശമാറിയ പന്ത് സ്ഥാനം തെറ്റിനിന്ന ബുഫണിനെ കബളിപ്പിച്ച് വലയിൽ. യുവന്റസിന്റെ കടുകട്ടി പ്രതിരോധത്തെ പിളർത്തി റൊണാൾഡോ നിഷ്പ്രയാസം ലക്ഷ്യം കണ്ടു. കളത്തിൽ റയൽ താരങ്ങളും ഗാലറിയിൽ ആരാധകരും പൊട്ടിത്തെറിച്ചു. സ്കോർ 1–0.

യുവന്റസിന്റെ മറുപടി ഗോൾ: മൽസരത്തിലേക്കുള്ള റയലിന്റെ ഉണർത്തുപാട്ടായിരുന്നു ആദ്യ ഗോളെങ്കിൽ, മൽസരച്ചൂടിലേക്കുള്ള യുവന്റസിന്റെ തിരിച്ചുവരവായിരുന്നു അവരുടെ മറുപടി ഗോൾ. ആദ്യ ഗോളിന്റെ ആവേശത്തിൽ മൈതാനം നിറഞ്ഞു കളിച്ച റയൽ താരങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചാണ് മാൻസൂക്കിച്ചിലൂടെ യുവന്റസിന്റെ ആദ്യ ഗോളെത്തിയത്. അപ്പോൾ മൽസരത്തിന് പ്രായം 27 മിനിറ്റ്. റയലിന്റെ ആദ്യ ഗോളെത്തിയിട്ട് അപ്പോൾ ഏഴു മിനിറ്റ്. യുവന്റസിനായി ഇടതുവിങ്ങിൽ അധ്വാനിച്ചു കളിച്ച അലക്സ് സാന്ദ്രോയിൽനിന്നും പന്തു നേരെ ബോക്സിനുള്ളിൽ ഹിഗ്വയിനിലേക്ക്. പോസ്റ്റിനു മുന്നിൽ കോട്ടകെട്ടി നിന്ന റയൽ പ്രതിരോധത്തെ കബളിപ്പിച്ച് ഹിഗ്വയിൻ മാൻസൂക്കിച്ചിന്റെ നെഞ്ചൊപ്പം പന്ത് ചിപ്പ് ചെയ്തു. നെഞ്ചുകൊണ്ട് പന്തിനെ വരുതിയിലാക്കിയ മാൻസൂക്കിച്ച് പുറംതിരിഞ്ഞുനിന്ന് പന്തിനെ ഗോളിലേക്കയച്ചു. കെയ്‍ലർ നവാസിന്റെ നീട്ടിയ കരങ്ങളെ കടന്ന് പന്ത് പോസ്റ്റിന്റെ മുകളറ്റത്ത് വലതുമൂലയിൽ താഴ്ന്നിറങ്ങി. സ്കോർ 1–1.

റയലിന്റെ രണ്ടാം ഗോൾ: രണ്ടാം പകുതിയിൽ റയലിന്റെ മേധാവിത്തം ഉറപ്പിച്ച ഗോളെത്തിയത് 61–ാം മിനിറ്റിൽ. ഗോൾമണമുള്ള റയലിന്റെ മുന്നേറ്റത്തിനൊടുവിൽ പന്തു നേരെ കാസെമിറോയിലേക്ക്. ബോക്സിന് പുറത്ത് 30 വാര അകലെനിന്നും കാസമിറോ തൊടുത്ത ഷോട്ട് ഖാദിരയുടെ കാലിൽത്തട്ടി ചെറിയൊരു ഡിഫ്ലക്ഷനോടെ യുവന്റസ് വലയിലേക്ക്. മൽസരത്തിലെ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവന്റസ് ക്യാപ്റ്റൻ ബുഫൺ വീണ്ടും പോസ്റ്റിനു മുന്നിൽ കാഴ്ചക്കാരനായി. സ്കോർ 2–1. അതുവരെ റയലിനൊപ്പം പൊരുതിനിന്ന യുവന്റസിന്റെ പോരാട്ടവീര്യത്തെ കാസമിറോയുടെ ബുള്ളറ്റ് ഷോട്ട് കെടുത്തിക്കളഞ്ഞു. 

റയലിന്റെ മൂന്നാം ഗോൾ: രണ്ടാം ഗോളിന്റെ ആവേശം മൂന്നു മിനിറ്റു പിന്നിടും മുൻപ് റയലിന്റെ മൂന്നാം ഗോളെത്തി. കിടിനൊരു ലോങ് റേഞ്ചറിൽനിന്നായിരുന്നു രണ്ടാം ഗോളെങ്കിൽ, മൂന്നാം ഗോളെത്തിയത് തകർപ്പനൊരു ക്ലോസ് റേഞ്ചറിൽനിന്ന്. വലതുവിങ്ങിലൂടെ കുതിച്ചുകയറിയ ലൂക്ക മോഡ്രിച്ച് പന്ത് ബോക്സിലേക്ക് മറിക്കുമ്പോൾ, പറന്നെത്തിയ റൊണാൾഡോ അതിന് ഗോളിന്റെ നിറം ചാർത്തി. മൽസരത്തിലെ രണ്ടാം ഗോളോടെ ഇത്തവണ ചാംപ്യൻസ് ട്രോഫിയിൽ ഏറ്റവുമധികം ഗോൾ നേടിയ  ലയണൽ മെസ്സിയേയും റൊണാൾഡോ മറികടന്നു.

റയലിന്റെ നാലാം ഗോൾ: ക്വാഡ്രഡോ രണ്ടാം മഞ്ഞക്കാർ‍ഡ് വാങ്ങി പുറത്തുപോയതിനു പിന്നാലെ യുവന്റസിന്റെ ശവമഞ്ചത്തിൽ റയൽ അവസാന ആണിയും അടിച്ചു. ഇടതുവിങ്ങിലൂടെ മുന്നേറിയെത്തിയ മാർസലോ പന്ത് ബോക്സിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ അസെൻസിയോ നിഷ്പ്രയാസം ലക്ഷ്യം കണ്ടതോടെ ചാംപ്യൻസ് ട്രോഫി വീണ്ടും സാന്തിയാഗോ ബർണബ്യൂവിലേക്ക്.

യുവന്റസ്–റയൽ–യുവന്റസ്

റയൽ താരങ്ങൾ കളത്തിലുണ്ടോ എന്നു പോലും സംശയമുണർത്തുന്നതായിരുന്നു മൽസരത്തിന്റെ ആദ്യ മിനിറ്റുകൾ. പന്തു കൈവശം വയ്ക്കുന്നതിലും മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിലും യുവന്റസ് താരങ്ങൾ സമ്പൂർണ മികവു പുലർത്തിയതോടെ മൽസരത്തിന്റെ ആദ്യ നിമിഷങ്ങൾ യുവന്റസിനു സ്വന്തം. എന്നാൽ, മൽസരം പുരോഗമിക്കും തോറും മികവു വീണ്ടെടുത്ത റയൽ താരങ്ങൾ മൽസരം പതുക്കെ സ്വന്തം വരുതിയിലേക്കു കൊണ്ടുവന്നു. മൽസരത്തിലേക്കുള്ള റയലിന്റെ തിരിച്ചുവരവിന്റെ ബാക്കിപത്രമായിരുന്നു അവരുടെ ആദ്യ ഗോള്‍.

Real Madrid റയൽ താരങ്ങളുടെ വിജയാഘോഷം.

എന്നാൽ, ഏഴു മിനിറ്റിന്റെ ഇടവേളയിൽ മാൻസൂക്കിച്ചിലൂടെ ഗോൾ മടക്കിയ യുവന്റസ് വീണ്ടും കളം നിറഞ്ഞു. ഗോളിന്റെ ആവേശത്തിൽ യുവന്റസ് ആക്രമിച്ചു കളിച്ചപ്പോൾ, കിട്ടിയ അവസരങ്ങളിൽ റയലും തിരിച്ചടിച്ചു. വിങ്ങുകളിലൂടെ മാർസലോയും കാർവജാലും മധ്യത്തിൽ ഇസ്കോ–റൊണാൾഡോ ദ്വയവും റയലിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചു. മധ്യനിരയിൽ ക്രൂസ്–മോഡ്രിച്ച്–കാസമിറോ ത്രയം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതോടെ മുന്നേറ്റനിരയിലേക്ക് അനായാസം പന്തെത്തി.

Gianluigi Buffon മൽസരശേഷം നിരാശനായി മൈതാനത്തിരിക്കുന്ന ബുഫൺ.

മറുവശത്ത് വിങ്ങുകളിലൂടെ ആക്രമണം നയിച്ച ഡാനി ആൽവസ്, അലക്സ് സാന്ദ്രോ എന്നിവർ റയൽ ബോക്സിലും ഭീതി പരത്തി. മാൻസൂക്കിച്ചും പ്യാനിച്ചും ഹിഗ്വെയ്നും പന്തു തൊട്ടപ്പോഴെല്ലാം റയൽ നിരയിലും വിള്ളൽ വീണു. മുന്നേറ്റത്തിലെ ‘തിരക്കിനിടയിലും’ ആവശ്യ ഘട്ടങ്ങളിൽ പിന്നിലേക്ക് ഇറങ്ങി പന്തെടുക്കാനുള്ള മാൻസൂക്കിച്ചിന്റെയും റൊണാൾഡോയുടെയും ശ്രമം മൽസരത്തിന്റെ വീറും വാശിയും തെളിയിച്ചു.

റയലിന്റെ ‘സ്വന്തം’ രണ്ടാം പകുതി

ആദ്യ പകുതിയിൽ ഇരു ടീമുകളും മാറിമാറി മേധാവിത്തം പുലർത്തിയെങ്കിലും റയൽ മാത്രം നിറഞ്ഞുനിന്നതായിരുന്നു മൽസരത്തിന്റെ രണ്ടാം പകുതി. കിരീട വഴിയിൽ നിർണായകമായ റയലിന്റെ ഗോളുകളിൽ രണ്ടെണ്ണം എത്തിയതും രണ്ടാം പകുതിയിൽ തന്നെ. രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളിൽ യുവന്റസ് റയലിനൊപ്പം പൊരുതിയെങ്കിലും മൂന്നു മിനിറ്റിന്റെ ഇടവേളയിൽ എത്തിയ രണ്ടു ഗോളുകൾ മൽസരത്തിന്റെ ഗതി മാറ്റി. 61–ാം മിനിറ്റിൽ തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ കാസമിറോയും 64–ാം മിനിറ്റിൽ മികച്ചൊരു ക്ലോസ് റേഞ്ചറിലൂടെ റൊണാൾഡോയും വല കുലുക്കിയതോടെ യുവന്റസിന്റെ പോരാട്ടം ഏതാണ്ട് അവസാനിച്ചു.

Sergio Ramos ചാംപ്യൻസ് ലീഗ് കിരീടവുമായി സെൽഫിയെടുക്കുന്ന സെർജിയോ റാമോസും സംഘവും.

പിന്നീട് അറിയേണ്ടിയിരുന്നത് റയൽ എത്ര ഗോളുകൾക്ക് ജയിക്കുമെന്ന് മാത്രം. രണ്ടു തുടരൻ ഗോളുകൾ ഏൽപ്പിച്ച സമ്മർദ്ദത്തിൽ യുവന്റസ് താരങ്ങളായ പ്യാനിച്ച്, സാന്ദ്രോ, ക്വാഡ്രഡോ എന്നിവർ മഞ്ഞക്കാർഡും വാങ്ങി. ഇടയ്ക്ക് ബെൻസേമയ്ക്കു പകരം ഗാരത് ബെയ്‌ലിനെയും ഇസ്കോയ്ക്കു പകരം അസെൻസിയോയെയും ക്രൂസിനു പകരം മൊറാട്ടയെയും പരീക്ഷിച്ച സിദാൻ ടീമിന്റെ പോരാട്ടവീര്യം കെടാതെ കാത്തു. യുവന്റസ് നിരയിൽ ബർസാഗ്ലിക്കു പകരം ക്വഡ്രഡോയും പ്യാനിച്ചിനു പകരം മർച്ചീസിയോയും ഡൈബാലയ്ക്കു പകരം മരിയോ ലെമിനയുമെത്തിയെങ്കിലും ഫലമുണ്ടായില്ല. റാമോസിനെ വീഴ്ത്തി രണ്ടാം മഞ്ഞക്കാർഡും വാങ്ങിയ ക്വാഡ്രഡോ 84–ാം മിനിറ്റിൽ പുറത്തുപോയതോടെ 10 പേരുമായാണ് യുവന്റസ് മൽസരം പൂർത്തിയാക്കിയത്.