Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം പാദത്തിൽ തോറ്റിട്ടും ലിവർപൂൾ ചാംപ്യൻസ് ലീഗ് ഫൈനലിൽ; എതിരാളികൾ റയൽ

AS Roma vs Liverpool FC match ലിവര്‍പൂൾ - റോമ മൽസരത്തിൽ നിന്ന്.

റോം∙ ഫൈനല്‍ പ്രവേശനത്തിന് മൂന്നു ഗോൾ വിജയം എന്ന ലക്ഷ്യവുമായിറങ്ങിയ എ.എസ്. റോമ ഇത്തവണ അദ്ഭുതങ്ങളൊന്നും പുറത്തെടുത്തില്ല. ഒളിംപികോ സ്റ്റേഡിയത്തില്‍ റോമയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെട്ടിട്ടും ലിവർപൂൾ ചാംപ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടി. ഇരുപാദങ്ങളിലുമായി 7–6 നാണ് ലിവര്‍പൂളിന്റെ ജയം. ജർമൻ ചാംപ്യൻമാരായ ബയൺ മ്യൂണിക്കിനെ പിന്തള്ളിയെത്തുന്ന റയൽ മഡ്രിഡാണ് ഫൈനലിൽ ലിവർപൂളിന്റെ എതിരാളികൾ.

മല്‍സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ത്തന്നെ റോമയുടെ ഡിഫന്‍സിലെ പിഴവു മുതലെടുത്ത് മാനെ ലിവർപൂളിനായി ലീഡ് നേടി. എന്നാല്‍ 15–ാം മിനിറ്റില്‍ ജയിംസ് മില്‍നെര്‍ സെല്‍ഫ്ഗോള്‍ വഴങ്ങിയതോടെ റോമ ഒപ്പമെത്തി. 25–ാം മിനിറ്റില്‍ വിജ്നെല്‍ഡം ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ൾ 1–2ന് ലിവര്‍പൂളാണ് മുന്നിട്ടുനിന്നത്. എന്നാല്‍ 52–ാം മിനിറ്റില്‍ എഡിന്‍ സെക്കോയിലൂടെ റോമ വീണ്ടും ഒപ്പമെത്തി.

വിജയഗോള്‍ നേടാന്‍ ഇരുടീമുകളും മത്സരിച്ചെങ്കിലും മൂന്നാം ഗോള്‍ പിറന്നത് 86–ാം മിനിറ്റിലാണ്. 20 വാര അകലെനിന്ന് നെയ്ന്‍ഗൊലന്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ലിവര്‍പൂളിന്റെ വലകുലുക്കിയപ്പോള്‍ ഗോള്‍കീപ്പര്‍ കാറിയസിനു നിസ്സഹായനായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളു. അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ നെയ്ൻഗൊലൻ ഒരു ഗോള്‍ കൂടി മടക്കി റോമയുടെ ലീഡ് വര്‍ധിപ്പിച്ചെങ്കിലും ഒന്നാം പാദത്തിലെ കടം മറികടക്കാനായില്ല. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 5–2ന് വിജയിച്ചിരുന്നു.