Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടികെയെ വീഴ്ത്തി പുണെ വീര്യം

pune-city-fc

പുണെ∙ ഐഎസ്എൽ ഫുട്‌ബോളിൽ നിലവിലെ ജേതാക്കളായ  എടികെയെ 3–0ന് കീഴടക്കി പുണെ സിറ്റി എഫ്സി സ്വന്തം മൈതാനത്തു തുടർച്ചയായ മൂന്നാം വിജയം ആഘോഷിച്ചു. ആദ്യ പകുതിയുടെ 32-ാം മിനിറ്റിൽ ആദിൽ ഖാൻ നേടിയ ഗോളിൽ പുണെ ലീഡ് നേടി. 59-ാം മിനിറ്റിൽ ബ്രസീൽ താരം ഡിയേഗോ കാർലോസ് ലീഡുയർത്തി.  77-ാം മിനിറ്റിൽ രോഹിത്‌ കുമാർ ഗോൾ പട്ടിക പൂർത്തിയാക്കി. 

പൂനെയുടെ രണ്ടാം ഗോൾ നേടിയ ഡീഗോ കാർലോസ്‌ ആണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌.  ഇരുടീമുകളും തമ്മിൽ കൊൽക്കത്തയിൽ നടന്ന ആദ്യ പാദത്തിൽ പുണെ 4-1നു ജയിച്ചിരുന്നു.  ജയത്തോടെ മൂന്നാം സ്ഥാനത്തുള്ള പുണെയ്ക്കു 19 പോയിന്റായി; 12 പോയിന്റോടെ എട്ടാം സ്ഥാനത്താണ് എടികെ. 

നാലാം മിനിറ്റിൽ പ്രബീർ ദാസിലൂടെ എടികെയുടെ ആദ്യ നീക്കം എതിരാളികളുടെ ഗോൾ മുഖത്ത്‌ എത്തി. എന്നാൽ പുണെ ഗോളി വിശാൽ കെയ്‌ത്‌ മനോഹരമായി ഷോട്ട് സേവ് ചെയ്തു. പുണെയുടെ ആദ്യ ശ്രമം ഫ്രീ കിക്കിലൂടെ വന്നു. മാർസെലിഞ്ഞോ എടുത്ത ഫ്രീ കിക്ക്‌ നേരെ ഗോൾമുഖത്തേക്കു വന്നു. ഗോളി ദേബജിത്‌ മജുംദാർ രക്ഷകനായി. 

വൈകാതെ പുണെ കളിയിൽ ആധിപത്യമുറപ്പിച്ചു. 32-ാം മിനിറ്റിൽ പുണെയുടെ കുതിപ്പുകൾ ഫലം കണ്ടു. കോർണർ കിക്ക്‌ സ്‌പെഷലിസറ്റ്‌ മാർസെലിഞ്ഞോ എടുത്ത  കിക്ക്‌ ആദിൽ ഖാൻ ഹെഡ് ചെയ്തു ഗോളിലേക്കിട്ടു. (1-0). 

ഈ സീസണിൽ ആദിൽ ഖാന്റെ നാലാമത്തെ ഗോളാണിത്‌.  രണ്ടാം പകുതിയിൽ ഡീഗോ കാർലോസിലൂടെ പുണെ ലീഡുയർത്തി. മൂന്ന് എടികെ താരങ്ങളെ മറികടന്നു കുതിച്ച ഡിയേഗോ കാർലോസ് ബോക്‌സിനകത്തു കയറിയാണ് ഷോട്ടുതിർത്തത് (2-0).  

77-ാം മിനിറ്റിൽ പൂനെ സിറ്റി ഗോൾ പട്ടിക തികച്ചു. ഡേവിഡ്‌ കോർട്ടേലിന്റെ മിസ്‌ കിക്കിലാണ്‌ അവസരം തുറന്നത്‌. 30 വാര അകലെ നിന്നും ലോങ്‌ റേഞ്ചറിലൂടെ രോഹിത്‌ കുമാർ   നിറയൊഴിച്ചു (3-0).