Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം വയസ്സിൽ സുഡാനിലേക്ക്, 17 വർഷങ്ങൾക്കു ശേഷം അവനെ കണ്ടെത്തി മലയാളി കുടുംബം!

Shameera with Hani ഷമീറ സഹോദരൻ ഹാനിയോടൊപ്പം

ഷാർജാ എയർപോർട്ടിൽ വച്ചു സഹോദരനെ കാണുമ്പോൾ ഷമീറയുടെ കണ്ണുകളാകെ ഈറനണിഞ്ഞിരുന്നു. ഇനിയൊരിക്കലും കാണില്ലെന്ന വിചാരിച്ച ആ നാലുവയസ്സുകാരൻ ഇതാ വളർന്നു വലുതായി തനിക്കു മുമ്പിൽ. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നത്തിൽ വഴിപിരിഞ്ഞു പോയതായിരുന്നു ആ സഹോദരങ്ങൾ, ഒടുവിൽ അവരെ ഒന്നിപ്പിച്ചതോ സമൂഹമാധ്യമവും. മലയാളിയായ ഷമീറയുടെയും സഹോദരൻ ഹാനിയുടെയും കഥകളാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

കോഴിക്കോടു സ്വദേശിയായ ഷമീറയുടെ അച്ഛൻ സുഡാനി സ്വദേശിയായിരുന്നു. പഠനത്തിനായി കോഴിക്കോട് എത്തിയ സമയത്താണ് അച്ഛൻ ഇവരുടെ അമ്മയായ നൂർജഹാനെ പരിചയപ്പെടുന്നത്. ഒടുവിൽ വിവാഹവും കഴിച്ചു, ഹാനിയും ഷമീറയും ഉൾപ്പെടെ നാലുമക്കളുമായി. മൂന്നു പെങ്ങന്മാർക്കു കിട്ടിയ ഏക സഹോദരനെ അവർ ആവോളം ലാളിച്ചു. പക്ഷേ വിധി ആ സാഹോദര്യ ബന്ധത്തെ അധികനാൾ നീട്ടിയില്ല, അമ്മയോടു പിണങ്ങി അച്ഛൻ സുഡാനിലേക്കു പോയപ്പോൾ ഒപ്പം പറക്കമുറ്റാത്ത ഹാനിയെയും കൂടെ കൂട്ടിയിരുന്നു. 

താൻ എ​വിടെ പോകുന്നുവെന്നോ എന്തിനു പോകുന്നുവെന്നോ ഒന്നും അന്നു ഹാനിക്കു മനസ്സിലായിരുന്നില്ല. സുഡാനിലെത്തിയതിനു ശേഷമുള്ള നാളുകളൊന്നും ഹാനിക്ക് ഇന്നും ഓർക്കാന്‍ ഇഷ്ടമല്ല. അവിടെ എത്തിയതോടെ അച്ഛൻ വീണ്ടും വിവാഹിതനായി, രണ്ടാനമ്മയും അച്ഛനും ചേർന്ന് തന്നെ എന്നും ഉപദ്രവിച്ചിരുന്നു, അന്നൊക്കെ അമ്മയെയും സഹോദരങ്ങളെയും കാണണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ഹാനി പറയുന്നു. പക്ഷേ അച്ഛൻ‍ അതിനൊരിക്കലും അനുവദിച്ചിരുന്നില്ല. 

കേരളത്തിലെ കുട്ടിക്കാലത്തെക്കുറിച്ച് ഹാനിക്ക് അവ്യക്തമായ ചില ഓർമകളുണ്ട്. അമ്മ ശരിയല്ലെന്നായിരുന്നു അച്ഛൻ എന്നും പറഞ്ഞു പഠിപ്പിച്ചിരുന്നത് പക്ഷേ താനൊരിക്കലും അതു വിശ്വസിച്ചിരുന്നില്ലെന്ന് ഹാനി പറയുന്നു. ഒടുവിൽ സമൂഹമാധ്യമം തന്നെ തന്റെ രക്ഷയ്ക്കായി എത്തുകയായിരുന്നു. തന്റെ ജനന സര്‍ട്ടിഫിക്കറ്റും അമ്മയുടെ ഫോട്ടോയും അച്ഛന്റെയും അമ്മയുടെയും വിവാഹ സാക്ഷ്യപത്രവുമൊക്കെ വീട്ടിൽ നിന്നും അച്ഛനറിയാതെ എടുത്ത ഹാനി അവ സുഡാനിലെ ചില മലയാളികളെ കാണിക്കുകയായിരുന്നു. 

പക്ഷേ ആദ്യമൊക്കെ നിരാശയായിരുന്നു ഫലം. ഒടുവിൽ മണ്ണാർക്കാട് സ്വദേശിയായ ഫാറൂഖ് എന്നയാളാണ് വിവരങ്ങളെല്ലാം കേട്ടതിനു ശേ‌ഷം ഹാനിയെ സഹായിക്കാനായി ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടത്. ഹാനി തന്റെ അമ്മയെയും സഹോദരങ്ങളെയും തേടുന്ന വാർത്ത അബുദാബിയിലുള്ള ഷമീറയുടെ ബന്ധുവായ റഹീം അറിയുകയും നാട്ടിലുള്ളവരെ അറിയിക്കുകയുമായിരുന്നു. ദുബായിൽ സ്റ്റേഷനറി ഷോപ്പിൽ ജോലി ചെയ്യുന്ന ഷമീറയും വിവരം അറിഞ്ഞതോടെ പിന്നെ എങ്ങനെയും സഹോദരനെ തന്റെ അടുക്കലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി. 

വിസിറ്റിങ് വിസയിലൂടെ ഹീനിയെ സുഡാനിൽ നിന്നും ദുബായിൽ എത്തിക്കാനായിരുന്നു ​ശ്രമങ്ങൾ. അതിനായി അമ്മയുടെയും സഹോദരങ്ങളുടെയുമൊക്കെ സ്വർണം പണയം വച്ചാണ് പണം കണ്ടെത്തിയത്. എന്തൊക്കെ ചിലവഴിച്ചാലും സഹോദരനെ തങ്ങൾക്കു തിരികെ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് ആ അമ്മയും മക്കളും. ഹാനി വർഷങ്ങൾക്കിപ്പുറം ആദ്യമായി അമ്മയെ വിളിച്ചതും വികാര നിർഭരമായ നിമിഷമായിരുന്നു. അമ്മ എന്തെല്ലാമാണു പറഞ്ഞതെന്ന് മലയാളം അറിയാത്ത ഹാനിക്ക് മനസ്സിലായില്ല. പക്ഷേ ഇരുവരും ഫോണിലൂടെ പൊട്ടിക്കരയുകയായിരുന്നു. ഇപ്പോൾ ഷമീറയ്ക്കൊപ്പം ദുബായിലുള്ള ഹാനി തന്റെ അമ്മയെയും മറ്റു സഹോദരങ്ങളെയും കാണാൻ കാത്തിരിക്കുകയാണ്. 

ചിത്രത്തിനു കടപ്പാട്: ഖലീജ് ടൈംസ്

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam