Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സ്കൂൾ പിക്നിക്കിനെക്കുറിച്ച് ചിന്തിക്കുന്ന കാലത്ത് ഞാൻ ഭാര്യയും അമ്മയുമായി'

Shyama ശ്യാമ തന്റെ ബ്യൂട്ടിപാർലറിൽ

കുട്ടിക്കാലത്തെക്കാൾ സുന്ദരമായൊന്ന് നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകില്ല. ഒന്നിനെക്കുറിച്ചും ആവലാതിപ്പെടേണ്ടാത്ത കളികളും ചിരികളും മാത്രം നിറഞ്ഞ ലോകം. നാളെയെക്കുറിച്ചു ചിന്തകളില്ലാതെ ഇന്നിനെക്കുറിച്ചോർത്തു മാത്രം  ആസ്വദിച്ചു ജീവിക്കുന്ന ആ കാലത്ത് വലിയൊരു ഉത്തരവാദിത്തത്തെ ഏറ്റെടുക്കേണ്ടി വന്നാലോ? പക്വതയില്ലാത്ത പ്രായത്തിൽ താലികെട്ടാനായി തലകുനിച്ചു കൊടുക്കേണ്ടി വരുന്ന പെൺകുട്ടികളിലേറെയും പിന്നീടുള്ള ജീവിതത്തിൽ ഒരുപാട് അനുഭവിക്കുന്നവരാണ്. അത്തരത്തിലൊരു കഥയാണ് ശ്യാമ എന്ന ഇരുപത്തിമൂന്നുകാരിക്കും പറയാനുള്ളത്. 

ശ്യാമയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ സ്കൂൾ പിക്നിക്കിനെക്കുറിച്ച് ഓർത്തു നടക്കുന്ന പ്രായത്തിലാണ് അവൾ വിവാഹിതയായത്. പന്ത്രണ്ടാം വയസ്സിൽ വിവാഹിതയായ ശ്യാമ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടേയില്ല. വിവാഹം കഴിഞ്ഞ് അധികനാൾ കഴിഞ്ഞപ്പോഴേക്കും സ്ത്രീധനത്തിന്റെ പേരുപറഞ്ഞുള്ള ഭരതൃവീട്ടുകാരുടെ പീഢനം തുടങ്ങി. സ്ത്രീധനം എന്നാൽ എന്താണെന്നു പോലും വ്യക്തമായി അറിയാത്ത പ്രായത്തിലാണ് അവൾ അതിന്റെ പേരിൽ മർദ്ദനങ്ങൾക്കിരയായത്. ഒടുവിൽ പതിമൂന്നാം വയസ്സിൽ അമ്മയുമായി. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിൽ വിജയം കണ്ടെത്താൻ ശ്യാമയെ സഹായിച്ചത് മകളുടെ സാന്നിധ്യമാണ്. പ്രശസ്ത ഫൊട്ടോഗ്രാഫറായ ജിഎംബി ആകാശ് ആണ് ശ്യാമയുടെ ജീവിതകഥ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ശ്യാമയുടെ വാക്കുകളിലേക്ക്....

എനിക്ക് എന്റെ ബാല്യകാലത്തെക്കുറിച്ച് നല്ല ഓർമകളൊന്നുമില്ല. എന്റെ കുട്ടിക്കാലത്തെ സംഭവങ്ങളെ വീണ്ടും ഓർത്തെടുക്കാനും ഇഷ്ടമല്ല. ആളുകൾ എന്റെ കുട്ടിക്കാലത്തെ കൊല്ലുകയായിരുന്നു. ഇതുവരെയും എനിക്കു ശരിയാക്കാൻ കഴിയാത്തവിധത്തിൽ അവർ എന്നെ പല കഷണങ്ങളാക്കുകയായിരുന്നു. എനിക്കു പന്ത്രണ്ടു വയസ്സേ ഉണ്ടായിരുന്നുള്ളു. അന്ന് നന്നായി വസ്ത്രം ധരിക്കാൻ പറഞ്ഞപ്പോൾ വിചാരിച്ചത് എങ്ങോട്ടോ കളിക്കാൻ പോവുകയാണ് എന്നായിരുന്നു.  സ്കൂൾ പിക്നിക്കിനെക്കുറിച്ചൊക്കെ ചിന്തിച്ചിരിക്കുന്ന ഒട്ടും പക്വതയില്ലാത്ത ഒരു കുട്ടിയായിരുന്ന സമയത്താണ് എന്നെ വീട്ടുകാർ വിവാഹം കഴിപ്പിച്ചത്. 

സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് ഭർത്താവിന്റെ വീട്ടുകാർ എന്നും എന്നെ മർദ്ദിച്ചിരുന്നു. സ്ത്രീധനം എവിടെ നിന്നാണു ഞാൻ കണ്ടെത്തേണ്ടതെന്നു ചോദിച്ചപ്പോൾ ഭർത്താവും തല്ലിച്ചതച്ചു.  അങ്ങനെ സ്ത്രീധനം എന്താണെന്ന് വേദനയോടെ തിരിച്ചറിയുകയായിരുന്നു ഞാൻ. സ്ത്രധനത്തിന്റെ രൂപത്തിൽ പണം മാത്രമായിരുന്നു അവർക്കാവശ്യം, എന്റെ വീട്ടുകാർക്ക് കൊടുക്കാൻ കഴിയാതിരുന്നതും അതായിരുന്നു. 

എനിക്കു പതിമൂന്നു വയസ്സുള്ളപ്പോൾ മകൾ പിറന്നു. ഒരു പാവക്കുട്ടിയെപ്പോലെ ഞാൻ അവളെ കൊണ്ടുനടന്നു. എന്റെ കുട്ടിക്കാലത്തു തന്നെ ഞാൻ മാതൃത്വത്തെക്കുറിച്ചും തിരിച്ചറിഞ്ഞു. എന്റെ പ്രിയപ്പെട്ട അധ്യാപികമാരിലൊരാളാണ് മകൾക്ക് ജോയിറ്റ എന്നു പേരിട്ടത്. അതിനർഥം വിജയം എന്നാണെന്നും മകൾക്ക് എനിക്കു വിജയം കൊണ്ടുവരുമെന്നും ആ അധ്യാപിക പറഞ്ഞു. വീട്ടിൽ നിന്നും ഞാൻ പുറന്തള്ളപ്പെട്ടു. പിന്നീട് എനിക്കറിയാത്ത കുറേപേർ ആണ് സഹായവുമായെത്തിയത്. 

ഏറ്റവും ക്രൂരമായ രീതിയിൽ ജീവിതം എനിക്ക് ഓരോ പാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു. എങ്ങനെ അതിജീവിക്കും എന്നതായിരുന്നില്ല എന്റെ പ്രശ്നം, മറിച്ച് സ്നേഹമില്ലാത്ത ഈ ലോകത്ത് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒരു മകളെ സംരക്ഷിക്കുക എന്നതായിരുന്നു. യഥാർഥ സ്നേഹം എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല, പക്ഷേ മകൾക്ക് ഒരു നല്ല കുട്ടിക്കാലം കിട്ടാൻ എന്നെപ്പോലെ നരകിക്കാതിരിക്കാൻ വിജയിച്ചേ മതിയാവൂ എന്നു ഞാൻ തീരുമാനിച്ചു. 

ഞാൻ ബിരുദം പൂർത്തിയാക്കി മകളെ സ്കൂളിൽ ചേർത്തു. ഞാനും എന്റെ മകളും ചേർന്ന് അലങ്കരിച്ച ഒരു മുറിയിൽ ഒതുങ്ങുന്നതാണ് ഇന്നു ഞങ്ങളുടെ ജീവിതം. അതൊരു ബ്യൂട്ടി പാർലറാണ്, ജോയിറ്റ ബ്യൂട്ടി പാർലർ എന്നാണു പേരിട്ടിരിക്കുന്നത്. പുതിയൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാത്തത് എന്താണെന്ന് പലരും എന്നോടു ചോദിക്കുന്നുണ്ട്. അപ്പോൾ ഞാൻ ചിരിക്കും, എന്റെ കുഞ്ഞിനൊപ്പം നേരിട്ട കഴിഞ്ഞ പത്തുവർഷത്തെ നരക ജീവിതത്തെക്കുറിച്ച് ഓർക്കും. എന്റെ ജീവിതത്തിന് ഒരർഥം നല്‍കാൻ ഇനിയൊരു പുതിയ മനുഷ്യന്റെ ആവശ്യം ഇല്ല. എന്റെ മനസ്സിലെ മുറിവുകൾ എന്നെങ്കിലും ഉണങ്ങിക്കഴിഞ്ഞാൽ അന്ന് ഞാൻ ആരെയെങ്കിലും കണ്ടെത്തുമായിരിക്കും, സ്നേഹത്തില്‍ എന്നെ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഒരാളെ...

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam