Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎച്ച് 370 തകർന്ന സ്ഥലം കണ്ടെത്തി; നിർണായക ഡേറ്റ മലേഷ്യ എന്തിന് ഒളിപ്പിച്ചെന്ന് അന്വേഷകർ

-MH370-

മൂന്നു വർഷം മുൻപ് 239 യാത്രക്കാരുമായി ‌മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇന്ത്യൻ സമുദ്രത്തിൽ എവിടെയാണു വിമാനമുള്ളതെന്നതു സംബന്ധിച്ച വിവരങ്ങളാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ അന്വേഷണം പൂർണമായും അവസാനിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇനി എന്താണു നടപടിയെന്ന് ഉറ്റുനോക്കുകയാണ് കാണാതായവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ. 2014 മുതൽ വിമാനത്തിനായി മലേഷ്യയും ചൈനയും ഓസ്ട്രേലിയയും സംയുക്തമായി തിരച്ചിൽ നടത്തിയത് ഇന്ത്യൻ സമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റർ ഭാഗത്തായിരുന്നു. ആകെ അന്വേഷണത്തിനായി ചെലവഴിച്ച തുകയാകട്ടെ, ഇന്ത്യൻ രൂപയിൽ ഏകദേശം 1100 കോടിയിലേറെ വരും. പലപ്പോഴായി വിമാനത്തിന്റെ ഇരുപതിലേറെ അവശിഷ്ടങ്ങൾ തീരത്തടിഞ്ഞു. ഇതിൽ എംഎച്ച് 370ന്റെയാണെന്ന് ഉറപ്പിക്കാവുന്നതും സംശയമുള്ളവയുമുണ്ടായിരുന്നു. 

വിമാനം മിസൈൽ പ്രയോഗം നടത്തി വീഴ്ത്തിയതാണെന്നും ഹൈജാക്ക് ചെയ്ത് ഇടിച്ചിറക്കിയതാണെന്നും ഇന്ധനം തീർന്നതാണെന്നുമൊക്കെ ‘സിദ്ധാന്തങ്ങളും’ അതിനിടെ ഉയർന്നു വന്നു. എല്ലാറ്റിനുമൊടുവിൽ ഇക്കഴിഞ്ഞ ജനുവരിയിൽ ചൈനയും ഓസ്ട്രേലിയയും മലേഷ്യയും സംയുക്തപ്രസ്താവനയിറക്കി– വിമാനം തകർന്നു വീണ ഇടത്തെപ്പറ്റി വ്യക്തമായ തെളിവുകൾ ലഭിക്കും വരെ പരിശോധനകളെല്ലാം നിർത്തി വയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇൻഡിപെൻഡന്റ് ഗ്രൂപ്പ് (ഐജി) എന്ന കൂട്ടായ്മ പുതിയ റിപ്പോർട്ടുമായെത്തുന്നത്. എന്താണ് എംഎച്ച് 370യ്ക്കു സംഭവിച്ചതെന്ന പഠനറിപ്പോർട്ട് സംഘം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. എവിടെയാണ് വിമാനം കൃത്യമായുള്ളതെന്ന് വ്യക്തമാക്കിയുള്ള സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഓർഗനൈസേഷന്റെ (സിഎസ്ഐആർഒ) റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവന്നു. ഓസ്ട്രേലിയൻ സർക്കാരിന്റെ ധനസഹായത്തോടെയാണ് സിഎസ്ഐആർഒയുടെ പ്രവർത്തനം.

എന്തിനാണ് ആ വിവരം ഒളിപ്പിച്ചത്?

ഇന്ത്യൻ സമുദ്രത്തിൽ ‘സെവൻത് ആർക്’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന, നീളമേറിയ, ഭാഗത്താണ് എംഎച്ച് 370 വീണതെന്നാണ് ഇതുവരെ തിരച്ചിൽ നടത്തിയ അധികൃതരുടെ വാദം. എന്നാൽ യഥാർഥത്തിൽ സെവൻത് ആർക്കിൽ നിന്നും വടക്കു മാറിയാണ് മലേഷ്യൻ വിമാനം ഇപ്പോൾ കിടക്കുന്നതെന്ന് ഐജി വാദിക്കുന്നു. കടലിന്റെ അടിത്തട്ടിൽഇപ്പോഴും അത് കിടക്കുന്നുണ്ടെന്നും അവരുടെ വാദം. ഇതുവരെ മലേഷ്യ പുറത്തുവിടാതിരുന്ന ഡേറ്റയിൽ നിന്നാണ് പുതിയ തെളിവുകൾ ഐജിക്ക് ലഭിച്ചത്. 

‘ഇൻമാർസാറ്റ്’ സാറ്റലൈറ്റ് നെറ്റ്‌വർക്കുമായി എംഎച്ച് 370 നടത്തിയ ആശയവിനിമയം സംബന്ധിച്ച ഡേറ്റയായിരുന്നു ഇത്. എന്തുകൊണ്ടാണ് ഇത്രയും കാലം മലേഷ്യൻ സർക്കാർ ഈ ഡേറ്റ പുറംലോകത്തിൽ നിന്നും ഒളിപ്പിച്ചു വച്ചതെന്നു വ്യക്തമാക്കണമെന്നും അന്വേഷകർ ആവശ്യപ്പെടുന്നു. കാരണം, സാറ്റലൈറ്റ് ഡേറ്റയിൽ നിന്ന് തിരച്ചിലിനാവശ്യമായ നിർണായക വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമായിരുന്നു. ചൈനീസ് യാത്രികന്റെ ബന്ധുവിന് മലേഷ്യൻ എയർലൈൻസ് നൽകിയ ഡേറ്റയാണ് ഇപ്പോൾ ഐജി ഗവേഷകർ ഉപയോഗപ്പെടുത്തിയത്. 

MH370

ഇന്ത്യൻ സമുദ്രത്തിലേക്ക് തലകീഴായി മറിഞ്ഞ് കറങ്ങിക്കറങ്ങി കുത്തനെ കൂപ്പുകുത്തുകയായിരുന്നു എംഎച്ച് 370 എന്നാണ് ഡേറ്റ വഴിയുള്ള വിശകലനം വ്യക്തമാക്കുന്നത്. വിമാനത്തിലെ സാറ്റലൈറ്റ് ഡേറ്റ യൂണിറ്റ് പെർത്തിലുള്ള ഇൻമാർസാറ്റിന്റെ ഗ്രൗണ്ട് സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ ആശയവിനിമയത്തിന്റെ വിവരങ്ങൾ ഇൻമാർസാറ്റ് അധികൃതരും തിരച്ചിലിൽ ഏർപ്പെട്ട സംഘവും മാത്രമാണ് വിശകലനം ചെയ്തത്. അതിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് ഇന്ത്യൻ സമുദ്രത്തിന്റെ തെക്കുഭാഗം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതും. ഈ ഡേറ്റയാണ് പുറത്തുള്ളവർക്ക് മലേഷ്യ ലഭ്യമാക്കാതിരുന്നതും. 

വിമാനം വീഴുന്നതിനു മുൻപ് നടന്നത്...

2014 മാർച്ച് എട്ടിന് എംഎച്ച് 370 തകർന്നു വീഴുന്നതിന് തൊട്ടു മുൻപു നടത്തിയ യാത്രയുടെ സാറ്റലൈറ്റ് ഡേറ്റയും ഐജി ശേഖരിച്ചു. ബെയ്ജിങ്ങിൽ നിന്ന് ക്വാലലംപൂരിലേക്കുള്ള ആ യാത്രയിൽ എല്ലാം കൃത്യമായി പ്രവർത്തിച്ചിരുന്നതായും തെളിഞ്ഞു. ഇൻമാർസാറ്റിൽ നിന്ന് ഇടയ്ക്കിടെ വിമാനത്തിലേക്ക് ‘ലോഗ്–ഓൺ’ റിക്വസ്റ്റുകൾ അയക്കപ്പെടുന്നുണ്ടായിരുന്നു. Hand shake എന്നാണ് ഈ ‘കൈമാറ്റം’ അറിയപ്പെടുന്നത്. സാറ്റലൈറ്റും എംഎച്ച് 370യും തമ്മിലുള്ള അവസാന ആശയവിനിമയത്തിനു തൊട്ടു മുൻപ് വൈദ്യുതിതടസ്സമുണ്ടായതായാണ് സൂചന. 

അവസാന നിമിഷത്തിൽ വിമാനം നിയന്ത്രിക്കുന്നതിന് ആരുമുണ്ടായില്ല എന്നതിന്റെ സൂചനയും സാറ്റലൈറ്റ് ഡേറ്റയിലുണ്ട്. അതിൽ നിന്നാണ് ‘സേഫ് ലാൻഡിങ്ങിനു’ പകരം വിമാനം കുത്തനെ താഴേക്കു പതിക്കുകയായിരുന്നെന്ന നിഗമനത്തിലെത്തിയത്. എംഎച്ച് 370യുടെ പൈലറ്റ് സെഹരി ഷായും കോ–പൈലറ്റ് ഫാരിഖ് അബ്ദുൽ ഹമീദും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ശ്രമിച്ചു എന്ന വാദത്തിന്റെ മുനയും ഇതോടെ ഒടിഞ്ഞു. വിമാനം ഹൈജാക്ക് ചെയ്ത വ്യക്തിയുടെ നിർദേശപ്രകാരം ലാൻഡിങ്ങിനു ശ്രമിച്ചുവെന്ന വാദവും ഇല്ലാതായി. 

Malaysia_MH370

എംഎച്ച് 370, മിനിറ്റിൽ 25000 അടി വേഗത്തിൽ (മണിക്കൂറിൽ 457.2 കിലോമീറ്റർ) കടലിൽ പതിച്ചിരിക്കാമെന്ന് നേരത്തേ ഓസ്ടേലിയൻ ട്രാൻസ്പോർട് സേഫ്റ്റി ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.  അന്ത്യ നിമിഷങ്ങളിൽ വിമാനം ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. കണ്ടെടുത്ത വിമാനഭാഗങ്ങളിൽ വിമാനത്തിന്റെ ചിറകിലുള്ള ‘ഫ്ളാപ്‌റൺ’ എന്ന ഭാഗം പരിശോധിച്ചപ്പോഴാണ് ലാൻഡിങ്ങിനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നു വ്യക്തമായത്. വിമാനം നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഫ്ളാപ്‌റൺ പ്രവർത്തിപ്പിക്കുമായിരുന്നു. ടാൻസാനിയയിൽ നിന്നു കണ്ടെത്തിയ ഫ്ളാപ്‌റണിലാകട്ടെ ലാൻഡിങ്ങിനു മുൻപ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതായി യാതൊരു സൂചനയുമില്ല. 

അടിയൊഴുക്കിൽപ്പെട്ട്...

ഐജിയുടെ പഠനത്തോടൊപ്പമാണ് കോമൺവെൽത്ത് സിഎസ്ഐആർഒയിലെ വിദദ്ധർ എവിടെയാണ് എംഎച്ച് 370 ഇപ്പോഴുള്ളതെന്ന വ്യക്തമായ ഉത്തരവും നൽകിയത്. വിമാനം വീഴുന്ന സമയത്ത് കടലിലുണ്ടായിരുന്ന അടിയൊഴുക്കിന്റെ വിവരങ്ങൾ പരിശോധിച്ചായിരുന്നു അത്. സെവൻത് ആർക്കിൽ തന്നെയാണ് വിമാനം വീണതെന്ന് പഠനം സമ്മതിക്കുന്നു. പക്ഷേ തുടര്‍ന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത് ആഫ്രിക്കയുടെയും ഇന്ത്യൻ സമുദ്രത്തിലെ വിവിധ ദ്വീപുകളുടെയും തീരപ്രദേശങ്ങളിൽ നിന്നാണ്. ഒരു അവശിഷ്ടം പോലും പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തു നിന്നു ലഭിച്ചിട്ടില്ല. 

MH370

വിമാനം വീണ സ്ഥലം വച്ചു നോക്കുമ്പോൾ സ്വാഭാവികമായും അവശിഷ്ടം പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്കാണ് ഒഴുകേണ്ടത്. പുതിയ സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത് 2014 മാർച്ച് എട്ടിന് കടലിലെ അടിയൊഴുക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്ക് എന്നതുമാറി വടക്കു–പടിഞ്ഞാറ് ഭാഗത്തേക്കായിരുന്നു എന്നതാണ്. തകർന്നു വീണ ദിവസത്തെ, സെവൻത് ആർക് ഉൾപ്പെടുന്ന ഭാഗത്തെ, കടലിലെ അടിയൊഴുക്കുകളുടെ സാറ്റലൈറ്റ് ഡേറ്റയും ഇക്കാര്യം സമ്മതിക്കുന്നു. ആ ഒഴുക്കിനൊപ്പം വിമാനവും നീങ്ങിയിട്ടുണ്ട്. പക്ഷേ സെവൻത് ആർക്കിൽ നിന്ന് അധികദൂരമായിരിക്കില്ല അതെന്നും റിപ്പോർട്ടിലുണ്ട്. കണ്ടെത്തിയ കാര്യങ്ങളെല്ലാം ഐജിയും സിഎസ്ഐആർഒയും ഓസ്ട്രേലിയൻ സർക്കാരിനു കൈമാറി. വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി ഇനിയും തുടരും എംഎച്ച് 370യുടെ തിരോധാനം.

റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാം

More Technology News

related stories