Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി റിട്ടേൺ: ജിഎസ്ടിആർ 3 ബി ഫയൽ ചെയ്യാൻ ടാലി ഇആർപി9 സോഫ്റ്റ്‌വെയർ

gst-tally

രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമപ്രകാരം ഓരോ മാസത്തെയും നികുതി അടുത്ത മാസം 20–ാം തീയതിക്കു മുൻപ് അടച്ചിരിക്കണം. ഇതുപ്രകാരം ഓഗസ്റ്റ് 20 നു മുൻപ് ആദ്യത്തെ ജിഎസ്ടിആർ 3ബി ഫയൽ ചെയ്യേണ്ടതുണ്ട്. എന്നാൽ ഇതിനു സഹായിക്കുന്ന സാങ്കേതിക സംവിധാനങ്ങളുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായി പ്രമുഖ കമ്പനിയുടെ സോഫ്റ്റ്‌വെയർ ടാലി രംഗത്തെത്തി കഴിഞ്ഞു.

ടാലിയുടെ ഏറ്റവും പുതിയ അപ്ഡേഷനിൽ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. Tally.ERP 9 സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ജിഎസ്ടിആർ 3 ബി ഫയൽ ചെയ്യാനാകും. സോഫ്റ്റ്‌വെയറിന്റെ അപ്ഡേഷൻ വേണ്ട ഉപഭോക്താക്കൾക്ക് ടാലിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യാം.

ആദ്യ ജിഎസ്ടി റിട്ടേൺ ഫോം ജിഎസ്ടിആർ 3 ബി 

ജിഎസ്ടി നിയമപ്രകാരമുള്ള ഇദംപ്രഥമമായ റിട്ടേൺ ജിഎസ്ടിആർ 3 ബിയിലാണ് സമർപ്പിക്കേണ്ടത്. ജിഎസ്ടി നിയമം വന്നതിനു ശേഷമുള്ള ജൂലൈയിലെയും ഓഗസ്റ്റിലെയും (ആദ്യ രണ്ടു മാസത്തെ) റിട്ടേൺ സമർപ്പിക്കാൻ വേണ്ടി മാത്രമാണ് ലഘൂകരിച്ച ഈ റിട്ടേൺ വിജ്ഞാപനം ചെയ്തത്. ജൂലൈയിലെ ഉൽപന്ന വ്യാപാരത്തിന്റെയും നികുതിയുടെയും നിക്ഷിപ്ത രൂപം മാത്രം അടങ്ങുന്നതാണ് ജിഎസ്ടിആർ 3 ബി. ഈ റിട്ടേൺ ജൂലൈ, ഓഗസ്റ്റ് മാസങ്ങളുടേത് തുടർന്നുള്ള അഞ്ചിനും ഇരുപതിനുമിടയ്ക്കുള്ള തീയതികളിലാണ് സമർപ്പിക്കാനാവുന്നത്. ഈ രണ്ടു മാസങ്ങളിലെ നികുതി അടയ്ക്കേണ്ടത് ജിഎസ്ടിആ‍ർ 3 ബിയെ അടിസ്ഥാനമാക്കിയാണ്. 

ജിഎസ്ടിആർ 1, 2 സമർപ്പിക്കണം 

ഫോം ജിഎസ്ടിആർ 3ബി സമർപ്പിച്ചാലും ഓരോ ബില്ലിന്റെയും പൂർണ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജിഎസ്ടിആർ 1 കൂടി സമർപ്പിക്കേണ്ടതുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സമയം നീട്ടിത്തന്നിട്ടുണ്ട്. ജൂലൈ മാസത്തെ ജിഎസ്ടിആർ1 സമർപ്പിക്കേണ്ടത് സെപ്റ്റംബർ ഒന്നിനും അഞ്ചിനും ഇടയ്ക്കാണ്. എന്നാൽ നികുതിദായകൻ പുറത്തേക്കു കൊടുത്ത ജൂലൈ മാസ സപ്ലൈയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ജൂലൈ 15 മുതൽ സൗകര്യമൊരുക്കിയിരുന്നു. 

ജിഎസ്ടിആർ1 ലെ വിശദാംശങ്ങളെ അടിസ്ഥാനമാക്കി സ്വയമേ പൂരിപ്പിക്കപ്പെടുന്ന ജിഎസ്ടിആർ2 റിട്ടേൺ ജൂലൈയിലേത് 2017 സെപ്റ്റംബർ ആറിനും പത്തിനും ഇടയ്ക്കാണ് സമർപ്പിക്കേണ്ടത്. ഓഗസ്റ്റിലെ ജിഎസ്ടിആർ 1 കൊടുക്കേണ്ടത് സെപ്റ്റംബർ 16 നും 20നും ഇടയ്ക്കും ജിഎസ്ടിആർ 2 സെപ്റ്റംബർ 21നും 25നും ഇടയ്ക്കുമാണ്.  

ജിഎസ്ടിആർ 3ബിയുടെ വിശദാംശങ്ങൾ 

ജിഎസ്ടിആർ 3 ബിയെ 8 ഭാഗമായാണ് തിരിച്ചിരിക്കുന്നത്. ആദ്യ ഭാഗത്ത് ജിഎസ്ടി റജിസ്ട്രേഷൻ നമ്പറും നികുതിദായകന്റെ പേരും രണ്ടാം ഭാഗത്ത് ഓരോ നികുതി നിരക്കിലും പുറത്തേക്കുകൊടുത്ത നികുതി വിധേയ സപ്ലൈയുടെ വിവരങ്ങളും റിവേഴ്സ് ചാർജ് അനുസരിച്ച് ലഭിച്ച സപ്ലൈയുടെ വിവരങ്ങളും ജിഎസ്ടിക്ക് വിധേയമല്ലാത്ത പുറത്തേക്കു കൊടുത്ത സപ്ലൈയുടെ വിവരങ്ങളും ഓരോ ഇനത്തിലെയും നികുതിയുടെ വിവരങ്ങളുമാണു കൊടുക്കേണ്ടത്. മൂന്നാം ഭാഗത്ത് സംസ്ഥാനാന്തര (ഇന്റർസ്റ്റേറ്റ്) സപ്ലൈയുടെ വിവരങ്ങൾ മാത്രമാണു നൽകേണ്ടത്. 

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് 

ജിഎസ്ടിആർ 3ബിയുടെ നാലാം ഭാഗം ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനെ സംബന്ധിക്കുന്ന വിവരങ്ങളാണ് നൽകേണ്ടത്. ഇതു കണക്കാക്കുമ്പോൾ ഇൻപുട്ട് ടാക്സ് ആനുകൂല്യം ലഭ്യമല്ലാത്തവയുടെയും ഈ ആനുകൂല്യം തിരിച്ചെടുത്തവയുടെയും തട്ടിക്കിഴിച്ചിട്ടു വേണം കൊടുക്കാൻ. 

റിട്ടേണിന്റെ അഞ്ചാം ഭാഗത്ത് ജിഎസ്ടിക്ക് വിധേയമല്ലാത്ത അല്ലെങ്കിൽ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കപ്പെട്ടുള്ള അഥവാ ജിഎസ്ടി നികുതി ഇല്ലാത്ത ചരക്കുകൾ വാങ്ങിയതിന്റെയും ലഭിച്ചതിന്റെയും വിവരങ്ങളാണ് നൽകേണ്ടത്. ഉദാഹരണത്തിന് പെട്രോളിയം ഉൽപന്നങ്ങൾ. 

റിട്ടേണിന്റെ ആറാം ഭാഗത്ത് നികുതി അടച്ചതിന്റെ വിശദാംശങ്ങളാണ്. കേന്ദ്ര–സംസ്ഥാന നികുതിയുടെയും സംയോജിത (ഇന്റഗ്രേറ്റഡ്) നികുതിയുടെയും സെസ്സിന്റെയും പലിശയുടെയും ലേറ്റ് ഫീയുടെയും വിവരങ്ങൾ വെവ്വേറെ പൂരിപ്പിക്കേണ്ടതുണ്ട്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെയും പണമായി അടച്ച നികുതിയുടെയും വിവരങ്ങൾ വെവ്വേറെ നൽകണം.

ഏഴാം ഭാഗം സ്രോതസ്സിൽ നികുതി പിടിച്ചത് അഥവാ കിഴിവ് ചെയ്തത് (ടിഡിഎസ്/ടിസിഎസ്) സംബന്ധിച്ച വിവരങ്ങളും അവസാന ഭാഗം റിട്ടേണിലെ വിവരങ്ങൾ സംബന്ധിച്ചുള്ള സത്യവാങ്മൂലവുമാണ്.

related stories