Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനക്കാർ കിമ്മിനെ കൊണ്ടുപോയി, ഉറുമ്പു പോലും കടക്കാത്ത സുരക്ഷ

Boeing-747

ലോകത്ത് ഏറ്റവും കൂടുതൽ വധിഭീഷണിയുള്ള രാഷ്ട്ര മേധാവിയാണ് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ. ഈ അവസരത്തിൽ കിലോമീറ്ററുകളോളം വിമാനത്തിൽ യാത്ര ചെയ്ത് സിംഗപ്പൂരിലെത്തുക വലിയ വെല്ലുവിളി തന്നെയായിരുന്നു. ദീർഘദൂര യാത്രയ്ക്ക് വേണ്ട സുരക്ഷിതമായ ഒരു വിമാനം പോലുമില്ലാത്ത കിം ജോങ് എങ്ങനെ സിംഗപ്പൂരിലെത്തും? ഇതു തന്നെയായിരുന്നു അമേരിക്കൻ മാധ്യമങ്ങൾ ഉൾപ്പടെ ചർച്ച ചെയ്തിരുന്നത്.

എന്നാൽ എല്ലാ ഊഹാപോഹങ്ങളും തെറ്റിച്ച് ചൈനയുടെ സഹായത്തോടെ അവരുടെ തന്നെ വിമാനത്തിലാണ് കിം ജോങ് ഉൻ സിംഗപ്പൂരിലെത്തിയത്. ഫ്ലൈറ്റ്റഡാർ 24 വെബ്സൈറ്റ് വഴി കിം ജോങ് ഉന്നിന്റെ വിമാനം പോകുന്ന വഴി ലൈവിൽ നോക്കി നിന്നിരുന്നത് നിരവധി പേരാണ്. പ്യോംഗാങ് എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ഓരോ നീക്കവും ലോകം വീക്ഷിക്കുകയായിരുന്നു.

kim-jong-un

ഉത്തര കൊറിയയിലെ പ്രാദേശിക സമയം രാവിലെ 8.30 നാണ് എയർ ചൈന 747 വിമാനം പൊങ്ങിയത്. ചാങ്കി രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.40 നാണ് വിമാനം ലാൻഡ് ചെയ്തത്. ബോയിങ് 747 വിമാനത്തിലാണ് സഞ്ചരിച്ചത്.

തൊട്ടുപിന്നാലെ മറ്റൊരു എയർ ചൈന വിമാനത്തിൽ കിമ്മിന്റെ സഹോദരിയും മറ്റു ചിലരുമെത്തി. കിം ജോങ് ഉന്നിന് വേണ്ട മറ്റു സുരക്ഷാ സംവിധാനങ്ങളും അനുയായികളെയും എത്തിച്ചത് എയർ കൊറിയോ വിമാനത്തിലാണ്. കിമ്മിന് സഞ്ചരിക്കേണ്ട ബെൻസ് കാറുകളെല്ലാം എത്തിച്ചത് എയർ കൊറിയ വഴിയാണ്. 

kim-jong-un-car

തുടർന്ന് 3.05 നാണ് ബെൻസ് സെഡാനിൽ കിം ജോങ് ഉന്നും അനുയായികളും ഹോട്ടലിലേക്ക് തിരിച്ചത്. പൊലീസ് വാഹനങ്ങൾ, മൊബൈൽ ഹോസ്പിറ്റൽ എന്നിവയും കിമ്മിനെ പിന്തുടരുന്നുണ്ട്. കൊറിയൻ ഫ്ലാഗുള്ള രണ്ടു കാറുകളാണ് വിമാനത്താവളത്തിൽ നിന്നു തിരിച്ചത്. ഇരുപതോളം വാഹനങ്ങളാണ് കിമ്മിന് അകമ്പടി പോകുന്നത്.

കിം ജോങ് ഉൻ ചൈന വഴിയാണ് സിംഗപ്പൂരിലേക്ക് പറന്നത്. ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് പ്രകാരം ചൈനയിലെ നാലു പ്രവിശ്യകളിലൂടെയാണ് കിമ്മിന്റെ വിമാനം സഞ്ചരിച്ചത്. തീരപ്രദേശങ്ങളിൽ കൂടിയായിരുന്നു സഞ്ചാരം. കൂടുതൽ സമയവും ചൈനയുടെ വ്യോമ പരിധിയിൽ കൂടി തന്നെയാണ് വിമാനം പറന്നത്. അതേസമയം, കിമ്മിന്റെ വിമാനം പോകുന്ന റൂട്ടിൽ നിന്നെല്ലാം സാധാരണ വിമാനങ്ങളെ സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല. 

kim

കിമ്മിന്റെ വിമാനം പോകുന്ന വഴിയിലെല്ലാം എയർ ട്രാഫിക് കൺട്രോൾ വ്യക്തമായ സന്ദേശം കൈമാറിയിരുന്നു. കിമ്മിനെ സിംഗപ്പൂരിൽ എത്തിക്കുന്നതിന്റെ ചുമത ചൈനയാണ് വഹിച്ചത്. ഉത്തര കൊറിയയില്‍ നിന്നു പൊങ്ങിയ വിമാനത്തിന്റെ പൂർണ്ണ സുരക്ഷയും ചൈന ഏറ്റെടുക്കുകയായിരുന്നു.

ട്രംപ് എയർഫോഴ്സ് വണ്ണിൽ എത്തുമ്പോൾ ഇതിനോടു കുറച്ചെങ്കിലും കിടപിടിക്കുന്ന വിമാനത്തിൽ യാത്ര ചെയ്യണമെന്ന് കിം നേരത്തെ തീരുമാനിച്ചിരുന്നുവെന്നും റിപ്പോർട്ടുുകളുണ്ട്. സോവിയറ്റ് Il-62എം വിമാനത്തിൽ പോകുന്നത് കുറച്ചിലാകുമെന്നാണ് കിം കരുതിയിരുന്നത്. ഇതിനാലാണ് ചൈനയുടെ സഹായത്തോടെ ബോയിങ് 747 തന്നെ യാത്രയ്ക്ക് തിരഞ്ഞെടുത്തത്.

kim-jong-un-

ബോയിങ് 747–400 വിമാനത്തിന്റെ വില 250 ദശലക്ഷം ഡോളറാണ് (ഏകദേശം 1688 കോടി രൂപ). ഒട്ടുമിക്ക രാഷ്ട്ര തലവൻമാരും ബോയിങ് 747 ആണ് ഉപയോഗിക്കുന്നത്. ബെഡ്റൂം, ഓഫീസ് സംവിധാനം തുടങ്ങി ആത്യാധുനിക സൗകര്യങ്ങളാണ് ബോയിങ് 747 ലുള്ളത്. എന്നാൽ സോവിയറ്റ് വിമാനത്തിൽ ഇടുങ്ങി റൂമുകളും പുതിയ ഹൈടെക് സംവിധാനങ്ങളുമില്ല. പ്യോൻവാങ്ങിൽ നിന്ന് സിംഗപ്പൂരിലേക്ക് 4000 കിലോമീറ്റർ തുടർച്ചയായി പറക്കാൻ ഏറ്റവും സുരക്ഷിതവും മികച്ചതും ബോയിങ് 747 തന്നെയാണ്.